Saturday, March 21, 2009

ആട്ടിന്‍ തോലണിഞ്ഞവരെ തിരിച്ചറിയണം: സി.എല്‍.സി

ഭക്തിഗാനം പാടിയും അരമനകള്‍ കയറിയിറങ്ങി സൗഹൃദം പങ്കുവച്ചും ദൃശ്യമാധ്യമങ്ങളിലൂടെ നാടകം കളിച്ച്‌ കാണിച്ചും വോട്ട്‌ നേടാമെന്ന്‌ നിരീശ്വര പ്രത്യയശാസ്ത്രത്തിന്റ കുട്ടിസഖാക്കള്‍ കരുതേണെ്ടന്ന്‌ സി.എല്‍.സി സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്‌ മുന്നറിയിപ്പ്‌ നല്‍കി. മുറിവ്‌ സിഡിയിലൂടെ ബിഷപ്പുമാരെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടതിന്റെ വിലാപമാണ്‌ എസ്‌.എഫ്‌.ഐ നേതാവിന്റെ തൃശൂരിലെ പത്രസമ്മേളനത്തില്‍ കേട്ടത്‌. ലോട്ടറി രാജാക്കന്‍മാരില്‍ നിന്നും സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നും ഭൂമാഫിയകളില്‍ നിന്നും കോടികള്‍ വാങ്ങുകയും സമാന്തര സമ്പദ്ഘടന ഉണെ്ടന്ന്‌ മുഖ്യമന്ത്രി തന്നെ സമ്മതിച്ച്‌ പ്രസ്താവിക്കുകയും ചെയ്തിട്ടുള്ള കാര്യം ഇപ്പോള്‍ നേതാക്കള്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ച്‌, ബിഷപ്പുമാര്‍ പണത്തിന്‌ മീതെയാണെന്ന്‌ ദുരാരോപണം നടത്തുന്നത്‌ വിശ്വാസികളെ ഭിന്നിപ്പിക്കുവാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന്‌ സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു. ക്രൈസ്തവ നാമധാരികളെ മത്സരരംഗത്തിറക്കി അവര്‍ ക്രൈസ്തവ സമുദായത്തിന്റെ ആളുകളാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ക്രൈസ്തവരുടെ വോട്ടുകള്‍ എളുപ്പത്തില്‍ നേടാമെന്ന രാഷ്ട്രീയ കാപട്യത്തെ യുവജങ്ങള്‍ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കുമെന്നും അത്തരം മനക്കോട്ട കെട്ടുന്നവര്‍ വിഡ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലാണെന്നും സെക്രട്ടേറിയറ്റ്‌ വിലയിരുത്തി. പുരോഹിതരുടെ വോട്ട്‌ തങ്ങള്‍ക്കാവശ്യമില്ലെന്ന്‌ പറയുന്ന എസ്‌.എഫ്‌.ഐക്കാരും ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന്‌ വിളിച്ചവരുടെ സഖാക്കളും അരമനകള്‍ കയറിയിറങ്ങുന്നത്‌ പിന്നെ എന്തിനാണെന്ന്‌ വ്യക്തമാക്കണം. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവട സ്ഥാപനങ്ങളെന്ന്‌ ആയിരം തവണ ആവര്‍ത്തിച്ച്‌ സത്യത്തെ നുണയാക്കി പ്രചരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളെ കണ്ടില്ലെന്ന്‌ നടിക്കാനാവില്ലെന്നും സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കി.പാസ്റ്ററല്‍ സെന്ററില്‍കൂടിയ സി.എല്‍.സിയുടെ അടിയന്തര സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ ഡയറക്ടര്‍ ഫാ.ലിജോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.