Thursday, March 19, 2009

നിയമ പരിഷ്കരണങ്ങള്‍ സമൂഹനന്മയ്ക്ക്‌ വേണ്ടിയാകണം: ഡോ.സ്റ്റാന്‍ലി റോമന്‍

നിയമപരിഷ്കരണങ്ങള്‍ സമൂഹനന്മയ്ക്ക്‌ വേണ്ടിയാകണമെന്ന്‌ കൊല്ലം ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍. തങ്കശേരി ബിഷപ്‌ ഹൗസില്‍ ജീവനാദം മീഡിയാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം രൂപതാ ജീവന്‍ സംരക്ഷണ സമിതി പ്രസിദ്ധീകരിച്ച “മാനിഷാദ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.ഒരു മനുഷ്യനുവേണ്ടി നിയമപരിഷ്കരണം നടത്താതെ സമൂഹത്തിനുവേണ്ടി നിയമങ്ങള്‍ പരിഷ്കരിക്കാനാണ്‌ ഭരണാധികാരികള്‍ തയാറാകേണ്ടത്‌. ഇരുപതു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സഭയ്ക്ക്‌ സഭയുടേതായ നിയമങ്ങള്‍ ഉണ്ട്‌. എന്നാല്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമപരിഷ്കരണം നടത്തുന്നത്‌ ശരിയല്ല. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ സമിതിയുടെ നിര്‍ദേശങ്ങളിലുള്ള സഭയുടെ വിയോജിപ്പ്‌ പലതവണ അറിയിച്ചിട്ടുണ്ട്‌. മാനവികതയ്ക്ക്‌ എതിരായ നിയമങ്ങളുടെ യഥാര്‍ഥ വസ്തുത ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുസ്തകം പുറത്തിറക്കുന്നതെന്നും ബിഷപ്‌ അഭിപ്രായപ്പെട്ടു. നിയമപരിഷ്കരണ സമിതിയിലെ ശിപാര്‍ശകളിലുള്ള രൂപതയുടെ പ്രതിഷേധം അറിയിക്കുന്നതിനായി ഈമാസം 30ന്‌ കൊല്ലം ചിന്നക്കടയില്‍ റാലിയും സമ്മേളനവും സംഘടിപ്പിക്കുമെന്നും ബിഷപ്‌ പറഞ്ഞു.ശാസ്ത്രീയമല്ലാത്ത പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയാണ്‌ നിയമപരിഷ്കരണ സമിതിയെ ഇത്തരത്തിലൊരു നീക്കത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുല്ലശേരി പറഞ്ഞു. അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരത്തിന്‌ രൂപത മുന്നിട്ടിറങ്ങുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.