Monday, March 23, 2009

നിരീശ്വരവാദത്തെയും മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റത്തേയും കത്തോലിക്കാ സഭ തെരഞ്ഞെടുപ്പിലൂടെ നേരിടും: കെ.സി.ബി.സി.

നിരീശ്വരവാദത്തെയും മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റത്തേയും കത്തോലിക്കാ സഭ പൊതു തെരഞ്ഞെടുപ്പിലൂടെ നേരിടുമെന്ന്‌ കെ.സി.ബി.സി. ഐക്യ-ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം പി.ഒ.സിയില്‍ ചേര്‍ന്ന രൂപതാ പി.ആര്‍.ഒമാരുടെയും ജാഗ്രതാ സമിതി ഡയറക്ടേഴ്സിന്റെയും, സംയുക്ത സംഗമം പ്രഖ്യാപിച്ചു. പൊതു തെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാടുകളെ വ്യക്തമാക്കുന്ന സി.ബി.സി.ഐയുടെയും, കെ.സി.ബി.സിയുടെയും നിര്‍ദ്ദേശങ്ങളെക്കുറിച്ച്‌ വ്യക്തമായപഠനങ്ങളും, ഇടവകകാതലത്തിലും കുടുംബയൂണിറ്റുകളിലും സ്വീകരിക്കേണ്ടകര്‍മ്മപദ്ധതികള്‍ക്കും സംഗമം അന്തിമരൂപം നല്‍കി. സംഗമത്തിന്റെ ഉദ്ഘാടനം ആര്‍ച്ച്‌ ബിഷപ്‌ ജോസഫ്‌ പൗവ്വത്തില്‍ നിര്‍വ്വഹിച്ചു. ഭരണഘടന കല്‍പ്പിച്ചു നല്‍കുന്ന മൗലികാവകാശമാണ്‌ മതസ്വാതന്ത്ര്യമെന്നും ഇതിനൊരു സാമൂഹ്യഭാവമുണ്ടെന്നും ബിഷപ്‌ പൗവ്വത്തില്‍ പറഞ്ഞു. 1957-ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ സര്‍ക്കാരെന്ന്‌ പ്രഖ്യാപിച്ചാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു. നിയമപരിഷ്ക്കരണ സമിതി നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ്‌ വേളയില്‍ ചര്‍ച്ച ചെയ്യപ്പെടണം. ക്രൈസ്തവരെ ഇത്രത്തോളം ആക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കാലഘട്ടം വേറൊന്നില്ല. സഭയുടെ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്നതിന്‌ അല്‍മായര്‍ മുന്നോട്ട്‌ വരണം - ബിഷപ്‌ പൗവ്വത്തില്‍ പറഞ്ഞു. . ധാര്‍മികതയിലും ഈശ്വരവിശ്വാസത്തിലും ഉറച്ചു നില്‍ക്കുന്ന അല്‍മായ നേതാക്കളെ വാര്‍ത്തെടുത്ത്‌ ഭാവിതലമുറയെ സുരക്ഷിതരാക്കാനാവുമെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതു അവസ്ഥയെ മുന്നില്‍ കണ്ടാണ്‌ സി.ബി.സി.ഐ മാര്‍ഗ്ഗരേഖകളും പൊതുപ്രസ്താവനകളും നല്‍കുന്നത്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ക്രൈസ്തവരോട്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ്‌ പുലര്‍ത്തുന്നത്‌. കേരളത്തില്‍ അഭിമുഖീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകളും , സഭാ സ്ഥാപനങ്ങളോടുള്ള വിരുദ്ധ സമീപനവും, ക്രൈസ്തവവിരുദ്ധ നിയമനിര്‍മ്മാണ നീക്കവുമെല്ലാം പൊതു സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള ധാര്‍മ്മിക ബാധ്യത കെ.സി.ബി.സിക്കുണ്ടെന്ന്‌ സി.ബി.സി.ഐ വക്താവ്‌ ഫാ. ബാബു ജോസഫ്‌ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ട്‌ നേടുവാന്‍ സി.ബി.സി.ഐ പ്രസ്താവനകളും, സര്‍ക്കുലറുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ദുരുപയോഗിക്കുന്നത്‌ ഖേദകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സി.ബി.സി.ഐ ഇടയലേഖനത്തെക്കുറിച്ച്‌ സി.ബി.സി.ഐ വക്താവ്‌ റവ. ഡോ. ബാബു ജോസഫ്‌, കെ.സി.ബി.സി ഇടയലേഖനത്തെക്കുറിച്ച്‌ ജീവനാദം ചീഫ്‌ എഡിറ്റര്‍ മി. ഇഗ്നേഷ്യസ്‌ ഗൊണ്‍സാല്‍വസ്‌ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, പി.ഐ. ലാസര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോണി കൊച്ചുപറമ്പില്‍, കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോസഫ്‌ നിക്കോളാസ്‌, സത്യദീപം ചീഫ്‌ എഡിറ്റര്‍ ഫാ. കുര്യക്കോസ്‌ മുണ്ടാടന്‍, സാബു ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. 29 രൂപതകളില്‍ നിന്നുമുള്ള പി.ആര്‍.ഒ, ജാഗ്രതാ സമിതി ഡയറക്ടേഴ്സ്‌, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി സമ്മേളനത്തില്‍ പങ്കെടുത്തു.