Saturday, April 4, 2009

പൊതുതെരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ക്ക്‌ എല്ലാം ഓര്‍മയുണ്ടായിരിക്കണം

പൊതുതെരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ക്ക്‌ എല്ലാം ഓര്‍മയുണ്ടായിരിക്കണം
കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍
ക്രൈസ്തവസഭ സഭാമക്കളുടെ രാഷ്ട്രീയവിവേകം രൂപീകരിക്കുന്നതില്‍ തെറ്റുണ്ടോ? ഇടയലേഖനത്തില്‍ രാഷ്ട്രീയ നയരൂപീകരണം നടത്തുന്നത്‌ ശരിയാണോ? സഭയ്ക്ക്‌ ആത്മീയശുശ്രൂഷകളില്‍ ഇടപെട്ടുകൊണ്ട്‌ നിശബ്ദജീവിയായി കഴിഞ്ഞുപോരുന്ന രീതി തുടര്‍ന്നുകൂടേ? ഇത്തരം നിരവധി ചോദ്യങ്ങള്‍ അടുത്തകാലത്തായി പല വേദികളില്‍ നിന്നും ഉയര്‍ന്നുവരുന്നു. അതില്‍ അസഹിഷ്ണുതയുടെ സ്വരമാണ്‌ കൂടുതലും. രാഷ്ട്രീയവേദികളിലും മാധ്യമങ്ങളുടെ ചോദ്യത്തര വേദികളിലും ചര്‍ച്ചാവേദികളിലും ഈ ചോദ്യങ്ങളെല്ലാം സജീവമായിരുന്നു.
സഭയുടെ കര്‍ത്തവ്യങ്ങള്‍
സഭയില്‍ നിഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ എന്താണെന്ന്‌ ആദ്യം മനസിലാക്കണം. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സഹവസിക്കുന്ന സമൂഹം- ക്രൈസ്തവ സഭ എന്ന്‌ ഒറ്റവാക്യത്തില്‍ വിവരിക്കാം. ക്രിസ്തുവചനങ്ങളാണ്‌ സഭയുടെ വഴിയും വെളിച്ചവും. ക്രിസ്തുവചനമായ ബൈബിളാണ്‌ ക്രൈസ്തവ സഭയുടെ ആധാരശില. ക്രിസ്തുവിന്റെ കല്‍പനകളിലും വചനങ്ങളിലും അതിരൂഢമായി വിശ്വസിക്കുന്ന ജനപഥത്തിന്റെ കൂട്ടായ്മയാണ്‌ ക്രൈസ്തവസമൂഹം. സമൂഹത്തിന്റെ വിശ്വാസത്തെ ഉറപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങളും ആരാധാനാക്രമങ്ങളുമാണ്‌ സഭയുടെ കൂട്ടായ്മ ഊട്ടിവളര്‍ത്തുന്നത്‌. ഇത്തരം ആരാധനാക്രമങ്ങളിലൂടെ സഭാമക്കളുടെ ആത്മീയ ജീവിതത്തെ പ്രകാശപൂര്‍ണമാക്കുകയാണ്‌ വൈദികര്‍ ഉള്‍പ്പെടെയുള്ള സഭാപ്രതിപുരുഷന്മാരുടെ കര്‍ത്തവ്യം. ക്രിസ്തുവിലുള്ള വിശ്വാസമാണ്‌ ക്രൈവസ്തര്‍ എന്നതിന്റെ ആധാരശില. ക്രിസ്തുവില്‍ വിശ്വാസമില്ലാത്തവര്‍ക്ക്‌ ക്രൈസ്തവനായിരിക്കുന്നതിനും സാധ്യമല്ല. അതിനാല്‍ തന്നെ സഭാമക്കളെ ക്രിസ്തുവിശ്വാസത്തിലും ക്രിസ്തുവചനങ്ങളിലും ഊട്ടിവളര്‍ത്തുക എന്നുള്ളതാണ്‌ വൈദികര്‍ ഉള്‍പ്പെടെയുള്ള ആത്മീയപ്രതിപുരുഷന്മാരുടെ കടമ. ഇങ്ങനെ ഒരു ജനപഥമെന്ന തലത്തില്‍ ആത്മീയജിവിതത്തില്‍ കൂടുതല്‍ സത്യസന്ധരും കര്‍മനിരതരുമാക്കിത്തീര്‍ക്കുന്നതിന്‌ വൈദികര്‍ ഉള്‍പ്പെടെയുള്ള സഭാപുരുഷന്മാര്‍ക്കു സാധിക്കുന്നു. ക്രിസ്തുവചനത്തിലൂന്നിയുള്ള സ്നേഹത്തിന്റെ സന്ദേശത്തിലൂടെയാണ്‌ ഇവര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്‌. നോമ്പാചരണങ്ങളും ദിവ്യബലിഉള്‍പ്പെടെയുള്ള നിരവധിയായ സഭാശുശ്രൂഷകളും തിരുസഭാ കല്‍പനകളും ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള സഭയെ നയിക്കേണ്ട വ്യക്തികള്‍ പുറപ്പെടുവിക്കുന്ന ശാസനങ്ങളും ഇടയലേഖനങ്ങളും നയരൂപീകരണ കുറിപ്പുകളും ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കുവേണ്ടിയുള്ളതാണ്‌.കെട്ടുറപ്പിനുവേണ്ടിയുള്ളതാണ്‌. ഇവയാല്‍ അനുനയിക്കപ്പെടുന്ന ജീവിതമാണ്‌ ക്രൈസ്തവരുടേത്‌.തന്റെ ഏക ആശ്രയമായി ക്രിസ്തുവിനെ കാണാന്‍ സാധിക്കുന്ന തരത്തിലേക്ക്‌ ക്രൈസ്തവന്റെ ജീവിതം പരിവര്‍ത്തനപ്പെടുമ്പോഴേ ഒരാള്‍ യഥാര്‍ഥ ക്രിസ്താനിയാവുന്നുള്ളൂ. ഇത്തരം ജീവിത്തില്‍ നിന്നുമാത്രമേ ക്രൈസ്തവന്‌ യഥാര്‍ഥമായ ശാന്തിയും സമാധാനവും ലഭിക്കൂ. ഇത്തരം അവസ്ഥയിലേക്ക്‌ നയിക്കുകയാണ്‌ സഭയും വൈദികരും സഭാശുശ്രൂഷകളും യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌. ആരായിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടവര്‍ ?
തെരഞ്ഞെടുപ്പ്‌ എന്നാല്‍ ഏറ്റവും മികച്ച വ്യക്തിയെ കണ്ടെത്തുക എന്നാണ്‌. തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ ജീവിതത്തെ ആത്മീയവും ഭൗതികവുമായി മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്ന ആളായിരിക്കണമെന്നും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ ആയിരിക്കേണ്ടതിനല്ലേ നാം ഒരു പ്രത്യേക വ്യക്തിയ തെരഞ്ഞെടുക്കുന്നത്‌. എന്നാല്‍ നാം തെരഞ്ഞെടുക്കുന്ന വ്യക്തി നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ജീവിതവീക്ഷണങ്ങള്‍ക്കും യോജിക്കാത്ത വ്യക്തിയാണെങ്കില്‍ അവിടെ സംഘര്‍ഷം ആരംഭിക്കുകയായി. നമ്മുടെ വീക്ഷണങ്ങളോടും ആശയങ്ങളോടും യോജിപ്പും നമ്മോടൊപ്പം അനുയാത്രചെയ്യണമെന്നും അല്ല നാം ശഠിക്കുന്നത്‌. മറ്റു മതവിശ്വാസങ്ങളിലും നന്മയുണ്ട്‌ എന്നു തന്നെയാണ്‌ ക്രൈസ്തവര്‍ വിശ്വസിക്കുന്നത്‌. എന്നാല്‍ മതവിശ്വാസത്തെ തന്നെ നിരാകരിക്കുന്നവരായാലോ? ഏതു മതത്തില്‍ വിശ്വസിക്കുന്നവരെയും അവഹേളിക്കുകയും മതമേലധ്യക്ഷന്മാരെ നികൃഷ്ടപദങ്ങളാല്‍ വിശേഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ നാം എങ്ങനെ നമ്മുടെ നേതാവായി തെരഞ്ഞെടുക്കും. അവര്‍ക്ക്‌ നമ്മുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്താന്‍ സാധിക്കും. മതവിശ്വാസമെന്നാല്‍ കൊടും പാപമെന്ന്‌ വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ നാം എങ്ങനെ വിശ്വസിക്കും. അവര്‍ നമ്മുടെ വിശ്വാസ ജീവിതത്തെ പരിഹസിക്കുമ്പോള്‍, നമ്മുടെ ദേവാലയുവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വിരുദ്ധനിലപാടു സ്വീകരിച്ചാല്‍ കൈയടിക്കുവേണ്ടി ഇനിയും നമ്മുടെ പിതാക്കന്മാരെ അവഹേളിച്ചാല്‍ അത്‌ നാമെങ്ങനെ സഹിക്കും. അതിനാല്‍ നമ്മേ നയിക്കേണ്ടവര്‍ നമുക്കുവേണ്ടി നിയമനിര്‍മാണം നടത്തേണ്ടവര്‍ക്ക്‌ വിശ്വാസം വേണമെന്നല്ല മതത്തെ ബഹുമാനിക്കുന്നതിനുള്ള മനസെങ്കിലും ഉണ്ടാവേണ്ടതല്ലേ. അല്ലാത്തവരെ നാമെങ്ങനെ വിശ്വസിക്കും. ഓര്‍മയുണ്ടായിരിക്കണംഅടുത്തകാലത്ത്‌ നിയമപരിഷ്കരണ കമ്മിറ്റി നല്‍കിയ ശിപാര്‍ശകളും അതുണ്ടാക്കിയ വിവാദങ്ങളും നാമെങ്ങനെ മറക്കും. അവര്‍ നടത്തിയ നിയമനിര്‍മാണം ഒരു പ്രത്യേക പ്രത്യശാസ്ത്രത്തിന്റെ ചട്ടക്കുടിനുള്ളിലേക്ക്‌ സഭാവിശ്വാസികളെയും വിശ്വാസത്തെയും ഒതുക്കിനിറുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ അതു നടക്കാതെ പോയത്‌ ക്രൈസ്തവസഭ പ്രത്യേക ഊര്‍ജത്തോടെ നിയമപരിഷ്കരണ സമിതി ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ രംഗത്തുവന്നതുകൊണ്ടുമാത്രമാണ്‌ അവ ഇപ്പോഴും ശിപാര്‍ശകള്‍ മാത്രമായി നിലനില്‍ക്കുന്നത്‌. ഇനി തത്ക്കാലത്തേക്ക്‌ മാറ്റിവെച്ചിരിക്കുകയാണോ എന്നും അറിയാനിരിക്കുന്നു. ഇലക്ഷന്‍ കഴിഞ്ഞ്‌ ചിലപ്പോള്‍ വീണ്ടും നിയമപരിഷ്കരണ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിക്കാനും സാധ്യതയുണ്ട്‌. പാഠപുസ്തകവിവാദം, മതമില്ലാത്ത ജീവന്‍... തുടങ്ങിയ വിവാദപരമായ എത്രയോ സംഭവങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ്‌ സഭ പാര്‍ട്ടിയുടെയും ഭരിക്കപ്പെടുന്നവരുടെയും അപഹാസത്തിന്‌ വിധേയമായത്‌. അതുകൊണ്ട്‌ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുകയും അതു ചെന്നായ്‌ തന്നെയാണെന്ന്‌ വിളിച്ചുപറയാനുള്ള വിവേകം നാം ഈ ഇലക്ഷന്‍ അവസരത്തിലെങ്കിലും കാണിക്കുകയും വേണം. ഈ ആര്‍ജവം നാം ഇപ്പോള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ക്രൈസ്തവനുമേല്‍ പതിക്കനിരിക്കുന്നത്‌ പ്രത്യശാസ്ത്രങ്ങളുടെ പെരുമഴയായിരിക്കും. അതിന്റെ പ്രഛണ്ഡമായ ഒഴുക്കില്‍ നൂറ്റാണ്ടുകളായി നാം കാത്തുസൂക്ഷിച്ച ക്രൈസ്തവമൂല്യങ്ങളും നമ്മുടെ പൈതൃകവും വിശ്വാസപ്രമാണങ്ങളും എല്ലാം നഷ്ടപ്പെട്ടേക്കാം. എല്ലാ പ്രത്യശാസ്ത്രപ്പെരുമഴയേയും തടഞ്ഞുനിറുത്താന്‍ സാധിക്കുന്ന അണകെട്ടാനുള്ള പരിശ്രമം കൂടിയായിരിക്കണം ഈ ഇലക്ഷന്‍ കാലം. പ്രത്യയശാസ്ത്രപ്പെരുമഴയ്ക്കെതിരെ ക്രൈസ്തവര്‍ അണകെട്ടേണ്ടത്‌ ക്രൈസ്തവവിശ്വാസം കൊണ്ടുതന്നെയാവണം. അതു നമുക്കു സാധിക്കും. അതിന്‌ ഏറ്റവും പറ്റിയ സമയമാണ്‌ ഈ ഇലക്ഷന്‍ കാലം. എല്ലാക്കാലത്തും ഇലക്ഷന്‍കാലത്താണ്‌ രാഷ്ട്രീയപാര്‍ട്ടികളാല്‍ ക്രൈസ്തവര്‍ ഏറെ ബഹുമാനിക്കപ്പെടുകയും പിന്നീട്‌ ഏറ്റവും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നത്‌. ഇത്തരം ചതികള്‍ ഇനി ആവര്‍ത്തിക്കാന്‍ ഇടവരുത്തരുത്‌. കഴിഞ്ഞ രണ്ടുവര്‍ഷം ക്രൈസ്തവസഭയും സഭാവിശ്വാസി എന്ന നിലയില്‍ നാമും അനുഭവിച്ചുതീര്‍ത്ത എല്ലാം ക്രൈസ്തവരുടെ മനസില്‍ ഓര്‍മയുണ്ടാവണം. എല്ലാ ഓര്‍മകളും കത്തിജ്വലിക്കുന്ന മനസില്‍ നിന്നുവേണം ഇത്തവണ ആര്‍ക്കുവോട്ടുനല്‍കണം എന്ന ചിന്ത ഉദിക്കാവൂ. വോട്ടുവാങ്ങിയതിനുശേഷം വീണ്ടും ക്രൈസ്തവന്‍ വിഡ്ഡിവേഷം കെട്ടി എന്നു മനസില്‍ പരിഹസിക്കാന്‍ ആര്‍ക്കും അവസരം നല്‍കരുത്‌. തെരഞ്ഞെടുക്കപ്പേടേണ്ടവര്‍ നമ്മുടെ വിശ്വാസത്തിലൂടെ അനുയാത്ര ചെയ്യുന്ന ആളല്ലെങ്കിലും വിശ്വാസത്തെ ദ്വോഷിക്കുന്ന ആളാവരുത്‌. ക്രൈസ്തവ സഭയെ ബഹുമാനിക്കുന്ന, വിശ്വാസസംഹിതകളെ ചോദ്യം ചെയ്യാത്ത ആളാവണം തെരഞ്ഞെടുക്കപ്പേടേണ്ടത്‌. മതവിശ്വാസം ആദരിക്കുന്ന പാര്‍ട്ടിയാവണം അധികാരത്തിലെത്തേണ്ടത്‌. എല്ലാം ഓര്‍കളുള്ള ക്രൈസ്തവര്‍ക്ക്‌ ഇങ്ങനെ മാത്രമേ ഈ ഇലക്ഷനെ സമീപിക്കാനാവൂ.