രാജ്യത്തിന്റെ ഭദ്രതയും നന്മയും ലക്ഷ്യംവച്ച് ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും ശരിയായ രീതിയില്‍ ജാഗ്രതയോടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.ഉയര്‍പ്പുഞ്ഞായറാഴ്ച ചങ്ങനാശേരി അതിരൂപതയിലെ ഇടവക ദൈവാലയങ്ങളില്‍ വായിച്ച സര്‍ക്കുലറിലാണു വോട്ടവകാശം വിനിയോഗിക്കുന്നതില്‍ വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണമെന്നു മെത്രാപ്പോലീത്ത നിര്‍ദേശം നല്‍കിയത്. ഇന്ത്യയുടെ നല്ല പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാകണം നേതാക്കളായി തെരഞ്ഞെടുക്കേണ്ടത്. വോട്ടു ചെയ്യുന്ന സ്ഥാനാര്‍ഥികള്‍ ഭരണഘടനയ്ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണോ എന്നു വിലയിരുത്തുകയും വേണം. മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍, ധാര്‍മികത എന്നിവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെ നാം പിന്തുണക്കണമെന്നും മാര്‍ പെരുന്തോട്ടം സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ അനുകൂല വിധികള്‍ ഉണ്ടായിട്ടുപോലും മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കുന്ന തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകുന്നു. ദൈവനാമത്തില്‍ സത്യപ്രതി ജ്ഞ ചെയ്യുന്നതുപോ ലും അനുവദനീയമല്ലാത്ത അവസ്ഥ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകുന്നതു മതേതരത്വത്തിനു ചേര്‍ന്നതാണോ എന്ന ചോദ്യവും സര്‍ക്കുലറില്‍ ഉയര്‍ത്തിയിട്ടുണ്ട്.ഇതിനെതിരേ ശക്തവും വ്യാപകവുമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നിലപാടുകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം വരുത്താന്‍ തയാറാകാത്ത സര്‍ക്കാരിന് എങ്ങനെ ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാനാകുമെന്നും സര്‍ക്കുലറില്‍ ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു.ധാര്‍മികാടിത്തറ ഇല്ലാത്ത പ്രസ്ഥാനങ്ങളും സംസ്കാരങ്ങളും സാമ്രാജ്യങ്ങളും തകര്‍ന്നു വീണിട്ടുള്ള അനുഭവങ്ങളാണു ലോകചരിത്രത്തിലുള്ളത്. പുതിയൊരു സംസ്കാരത്തിനു നാന്ദികുറിക്കാമെന്ന് അവകാശപ്പെട്ടു ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ കമ്മീഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിയമപരിഷ്കരണ നിര്‍ദേശങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ധാര്‍മികാടിത്തറ തകര്‍ക്കുമെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.ഈ സാഹചര്യങ്ങളില്‍ കാര്യഗൗരവം മനസിലാക്കി ഉചിതമായി പ്രതികരിക്കാനുള്ള സുവര്‍ണാവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ആര്‍ച്ച് ബിഷപ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്