Wednesday, April 15, 2009

നിര്‍ഭയമായി വോട്ട്‌ രേഖപ്പെടുത്തുക

ജനാധി പത്യത്തില്‍ പൗരന്റെ ഏറ്റവും വലിയ അവകാശമായ വോട്ട്‌ പാഴാക്കരുത്‌. വോട്ട്‌ ചെയ്യുമ്പോള്‍ പിഴവുണ്ടാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. പ്രത്യേകിച്ച്‌ ആദ്യം വോട്ടു ചെയ്യുന്നവരും പ്രായമുള്ളവരും സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രമാണ്‌ വോട്ടു രേഖപ്പെടുത്താന്‍ ക്രമീകരിച്ചിരിക്കുന്നത്‌.ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രത്തില്‍ വോട്ട്‌ ചെയ്യേണ്ടതിങ്ങനെ - കണ്‍ട്രോള്‍ യൂണിറ്റ്‌, ബാലറ്റ്‌ യൂണിറ്റ്‌ എന്നിങ്ങനെ രണ്ടു ഘടകങ്ങളാണ്‌ വോട്ടിംഗ്‌ യന്ത്രത്തിനുള്ളത്‌. വോട്ടെടുപ്പ്‌ ആരംഭിച്ചാല്‍ പോളിംഗ്‌ ഓഫീസറുടെ പക്കലുള്ള കണ്‍ട്രോള്‍ യൂണിറ്റിലൂടെ, ബാലറ്റ്‌ യൂണിറ്റ്‌ വോട്ടിംഗിനു സജ്ജമാകും. ബാലറ്റ്‌ യൂണിറ്റിലാണ്‌ വോട്ടു രേഖപ്പെടുത്തേണ്ടത്‌. ഇതില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉണ്ടാകും. ബാലറ്റ്‌ മെഷീനില്‍ പച്ച വെളിച്ചം തെളിഞ്ഞാല്‍ വോട്ട്‌ ചെയ്യാം. വോട്ടു നല്‍കാന്‍ താത്പര്യപ്പെടുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ചുവന്ന വെളിച്ചം തെളിയുകയും ബീപ്‌ ശബ്ദം കേള്‍ക്കുകയും ചെയ്യും. വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നാണ്‌ ഇതിനര്‍ഥം. വോട്ട്‌ ചെയ്യുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടായാല്‍ പോളിംഗ്‌ ഓഫീസറോടു ചോദിച്ചു മനസിലാക്കാം. ഒരിക്കല്‍ വോട്ടു രേഖപ്പെടുത്തിയാല്‍ ക ണ്‍ട്രോള്‍ യൂണിറ്റുവഴി പോളിംഗ്‌ ഓഫീസര്‍ വീണ്ടും ബാലറ്റ്‌ മെഷീന്‍ സജ്ജമാക്കിയെങ്കില്‍ മാത്രമേ അടുത്തയാള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ പറ്റൂ. ഒന്നിലേറെ ബട്ടണുകളില്‍ ഒന്നിച്ചമര്‍ത്തിയാലും അസാധു വോട്ട്‌ യന്ത്രത്തിലുണ്ടാകില്ല. കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്ന വിരല്‍ പതിഞ്ഞിരിക്കുന്നിടത്ത്‌ വോട്ടു രേഖപ്പെടുത്തും.പോളിംഗ്‌ ബൂത്തില്‍ ചെല്ലുമ്പോള്‍ - വോട്ടര്‍മാരുടെ സൗകര്യത്തിനായി ബൂത്ത്‌ നമ്പറും സീരിയല്‍ നമ്പറും അടങ്ങിയ സ്ലിപ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ വിതരണം ചെയ്യാറുണ്ട്‌. ഈ സ്ലിപ്പിലെ സ്ഥാനാര്‍ഥിയുടെ പേര്‌, പാര്‍ട്ടി, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ ഭാഗം പോളിംഗ്‌ സ്റ്റേഷനില്‍ കൊണ്ടുപോകരുത്‌. സ്ലിപ്‌ ഇല്ലെങ്കില്‍ സീരിയല്‍ നമ്പര്‍ പോളിംഗ്‌ ഉദ്യോഗസ്ഥനോടു പറഞ്ഞാലും മതി.വോട്ട്‌ ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തിരിച്ചറിയലിന്‌ പാസ്പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള 15 രേഖകള്‍ കൂടി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്‌. അവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി.സീരിയല്‍ നമ്പര്‍ പരിശോധിച്ചു തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ വോട്ടര്‍ പട്ടിക നോക്കി പേര്‌ വിളിക്കുകയും പട്ടികയില്‍ അടയാളപ്പെടുത്തുകയും ചെയ്യും. ഈ സമയം പോളിംഗ്‌ സ്റ്റേഷനിലുള്ള രാഷ്ട്രീയ കക്ഷികളുടെ പോളിംഗ്‌ എജന്റുമാരും വോട്ടര്‍ പട്ടികയില്‍ പേരിനുനേരെ അടയാളപ്പെടുത്തും. തുടര്‍ന്ന്‌ തൊട്ടടുത്ത പോളിംഗ്‌ ഓഫീസര്‍ വോട്ടറുടെ ഒപ്പ്‌ രേഖപ്പെടുത്തിയ ശേഷം സ്ലിപ്‌ നല്‍കുകയും ഇടതുകൈയുടെ ചൂണ്ടുവിരലില്‍ മഷി അടയാളം രേഖപ്പെടുത്തുകയും ചെയ്യും. വോട്ടര്‍ ഈ സ്ലിപ്‌ അടുത്ത പോളിംഗ്‌ ഓഫീസര്‍ക്കു നല്‍കുമ്പോള്‍ അദ്ദേഹം അത്‌ വാങ്ങിവച്ചശേഷം വോട്ടിംഗ്‌ യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ്‌ പ്രവര്‍ത്തന സജ്ജമാക്കും. വോട്ട്‌ രേഖപ്പെടുത്താന്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലത്തു ക്രമീകരിച്ചിരിക്കുന്ന ബാലറ്റ്‌ യൂണിറ്റ്‌ ശ്രദ്ധാപൂര്‍വം പരിശോധിച്ച്‌ വോട്ട്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും കണെ്ടത്തി അവിടെത്തന്നെ വിരല്‍ അമര്‍ത്തി വോട്ട്‌ ചെയ്യുക.