Friday, April 17, 2009

വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി

പ്രിയ് സുഹൃത്തുക്കളെ,
അല്‍പം വൈകിയാണെങ്കിലും താങ്കളുടെ എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
1. അഭയക്കേസില്‍ സഭയുടെ നിലപാട്‌അഭയക്കേസില്‍ സഭയുടെ നിലപാട്‌ വളരെ വ്യക്തമാണ്‌. അഭയക്കേസുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതയും അവസാനിപ്പിക്കണം. അഭയക്കേസിലെ യഥാര്‍ത്ഥ സത്യം പുറത്തുവരണം. അഭയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന്‌ ആദ്യം വ്യക്തമാക്കണം. കൊലപാതകമാണെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. അഭയക്കേസില്‍ സഭ യാതൊരു ഇടപെടിലും നടത്തിയിട്ടില്ല. കുറ്റാരോപിതരായ രണ്ടു വൈദികരും ഒരു കന്യാസ്ത്രിയും നിരപരാധികളാണെന്ന്‌ സഭ വിശ്വസിക്കുന്നു. യഥാര്‍ത്ഥസത്യം പുറത്തുകൊണ്ടുവരണം. താങ്കളുടെ ഈ-മെയില്‍ ഐഡി തന്നാല്‍ സഭയുടെ എല്ലാ നിലപാടുകളും ജസ്റ്റിസ്‌ ഹേമയുടെ ജാമ്യാപേക്ഷയിലുള്ള വിധിയുമെല്ലാം ഞാന്‍ അയച്ചു തരാം. താങ്കള്‍ വിശ്വസിക്കുന്നതു പോലെ സഭ യാതൊന്നും ഒളിച്ചു വയ്ക്കുന്നില്ല. 65 ലക്ഷം കത്തോലിക്കരുള്ള, 29 രൂപതകളുള്ള സഭയ്ക്ക്‌ ആരേയും വെറുതെ സംരക്ഷിക്കേണ്ടതില്ല. ഒരു കാര്യം പറയട്ടെ, അഭയക്കേസില്‍ സഭ നേരിടുന്ന അവഹേളനം വളരെ വലുതാണ്‌. ഇനി കുറ്റവാളികള്‍ ആരുതന്നെയായാലും ഇന്നനുഭവിക്കുന്ന അവഹേളനത്തില്‍ അധികമാവില്ലത്‌. അതുകൊണ്ട്‌ സഭയ്ക്ക്‌ ഒന്നും മൂടിവയ്ക്കേണ്ട ആവശ്യമില്ല. താങ്കള്‍ മാധ്യമങ്ങളാല്‍ വളരെയധികം വശീകരിക്കപ്പെട്ട വ്യക്തിയാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. ഇതുപോലെ ധാരാളം ആളുകളുണ്ട്‌. യഥാര്‍ത്ഥ സത്യം പുറത്തുവരും, എല്ലാം നന്മയില്‍ അവസാനിക്കും നമുക്ക്‌ കാത്തിരുന്ന കാണാം. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക്‌ സത്യം അധികം താമസിയാതെ വെളിവാകും. ബാക്കിയെല്ലാം ഈമെയിലൂടെ പറയാം.
2. ബ്ലാക്ക്‌ മാസ്സ്‌ നടത്തിയ ബിഷപ്‌ തട്ടുങ്കലിനെ സഭയില്‍ നിന്നും പുറത്താക്കാത്തത്‌ എന്തുകൊണ്ട്‌? ബിഷപ്‌ തട്ടുങ്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മെത്രാന്മാരുടെ നേതൃത്വത്തിലുള്ള സമിതി പഠിച്ചു കൊണ്ടിരിക്കുന്നു. ഒരു ബിഷപ്പിനെ പുറത്താക്കുന്നത്‌ മാര്‍പ്പാപ്പയാണ്‌. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വരട്ടെ, നമുക്ക്‌ കാത്തിരിക്കാം.
3. സഭയിലെ ഒറ്റപ്പെട്ട പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച്‌ കാണിച്ച്‌ സഭയെ തേജോവധം ചെയ്യുന്നത്‌ നല്ലതല്ല. ഏത്‌ പ്രസ്ഥാനത്തിലാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷെ, അതിന്റെ പേരില്‍ സഭയെ മുഴുവന്‍ അവഹേളിക്കുന്നത്‌ നല്ലതല്ല. ഒറ്റപ്പെട്ട സംഭവങ്ങളെ തിരുത്തുവാന്‍ സഭ എന്നും ശ്രമിച്ചിട്ടുണ്ട്‌. ഇനിയും തുടരും.
4. സഭ അഡ്മിഷനില്‍ കോഴ വാങ്ങിക്കാറില്ല. ഉണ്ടെങ്കില്‍ എന്തുകൊണ്ട്‌ വിജിലന്‍സിനെകൊണ്ട്‌ പിടിപ്പിക്കുന്നില്ല? ഇതുവരെയും സംസ്ഥാനത്ത്‌ കോഴ വാങ്ങന്നു എന്നപേരില്‍ ഒരു ക്രൈസ്തവ സ്ഥാപനവും കേസില്‍പ്പെട്ടിട്ടില്ല. നിയമം മുഴുവന്‍ താങ്കളുടെ കയ്യിലുള്ളപ്പോള്‍ എന്തിനാണ്‌ ഇങ്ങനെ ഇല്ലാവചനം പറയുന്നത്‌? താങ്കളുടെ ആവശ്യത്തിനനുസരിച്ച്‌ ഇടയലേഖനങ്ങളെ വളച്ചൊടിക്കുന്നത്‌ ശരിയല്ല.
5. സഭയ്ക്ക്‌ 3 മെഡിക്കല്‍ കോളേജുകളും 10 എന്‍ജിനീയറിംഗ്‌ കോളേജുകളും മാത്രമേ കേരളത്തിലുള്ളൂ. സഭയുടെ ആയിരക്കണക്കിന്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ താങ്കള്‍ എന്തേ മറക്കുന്നു? അഡ്മിഷനില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കോഴ വാങ്ങിക്കുന്നുണ്ടെങ്കില്‍ തെളിവു നല്‍കുക. ഞാന്‍ നിയമ നടപടി സ്വീകരിക്കാം. ശരിയായ തെളിവു തരണം.
6. എല്ലാ മെഡിക്കല്‍ / എന്‍ജിനീയറിംഗ്‌ കോളേജുകളിലും 12 പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യവിദ്യാഭ്യാസം നല്‍കുന്നു. സഭയുടെ പ്രവര്‍ത്തനമെല്ലാം പാവങ്ങളെ കേന്ദ്രീകരിച്ചാണ്‌. സഭയെന്നും പാവങ്ങളുടെ പക്ഷത്താണ്‌.
7. സഭ ഒരിക്കലും ഒരു സര്‍ക്കാരിനും എതിരല്ല. സഭ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഘനിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ നന്മ ആഗ്രഹിക്കുന്ന സമുദായമെന്ന നിലയില്‍ തെറ്റു ചൂണ്ടിക്കാണിക്കുവാനും സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ക്ക്‌ സഭ മറുപടി നല്‍കിയിട്ടുണ്ട്‌. അതു തെറ്റാണോ?
8. കത്തോലിക്കാ സഭ പല സഭകളുടെ കൂട്ടായ്മയാണ്‌. കേരളത്തില്‍ തന്നെ മൂന്ന്‌ റീത്തുകളുണ്ട്‌. ഓരോ റീത്തിനും അതതിന്റെ ആരാധനാക്രമം പാലിക്കുവാന്‍ സ്വാതന്ത്ര്യമുണ്‌. അതുകൊണ്ട്‌ തിങ്കളാഴ്ച വേണോ ബുധനാഴ്ച വേണോ വിഭൂതിയെന്ന്‌ തീരുമാനിക്കേണ്ടത്‌ വ്യക്തിഗത സഭകളാണ്‌.
9. എപ്പോഴൊക്കെ വൈദികരും സന്യസ്തരും പീഡിപ്പിക്കപ്പെട്ടുവോ അപ്പോഴൊക്കെ സഭ സത്യം തെളിയിക്കുവാന്‍ നിവേദനങ്ങളും റാലികളുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്‌. ജോബച്ചന്റെ വധത്തിലാണെങ്കിലും സഭയുടെ നിലപാട്‌ വളരെ വ്യക്തമാണ്‌ - ഘാതകര്‍ ശിക്ഷിക്കപ്പെടണം.
10. കേരളത്തില്‍ നിരീശ്വര പ്രസ്ഥാനങ്ങള്‍ നടത്തുന്ന ധ്വംസനങ്ങള്‍ താങ്കള്‍ എന്തേ കണ്ടില്ലായെന്ന്‌ നടിക്കുന്നു? ഒറീസ്സയില്‍ ആര്‍.എസ്സ്‌.എസ്സുകാര്‍ ചെയ്തതുതന്നെയല്ലേ ഇന്‍ഡയറക്ട്‌ ആയി ഇവിടെയും നടപ്പാക്കികൊണ്ടിരിക്കുന്നത്‌. താങ്കളുടെ ഈമെയില്‍ ഐഡി തരുക ഞാന്‍ എല്ലാ വാര്‍ത്തകളും യാഥാര്‍ത്ഥ്യങ്ങളും അയച്ചുതരാം.
സുഹൃത്തെ, ഉത്തരം മുട്ടുന്നതുകൊണ്ടല്ല, തിരക്കായതുകൊണ്ടാണ്‌ മറുപടി വൈകുന്നത്‌. ഇനി മുതല്‍ കൃത്യമായും മറുപടി നല്‍കാം.