Wednesday, April 22, 2009

പരിശുദ്ധ പിതാവിന്റെ ദൈവവിളിദിന സന്ദേശം


മെത്രാന്‍ പദവിയിലും പൗരോഹിത്യപദവിയിലുമുള്ള വന്ദ്യ സഹോദരരേ, പ്രിയമുള്ള സഹോദരീ സഹോദരന്‍മാരേ,പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേയ്ക്കും ധാരാളം ദൈവവിളികളുണ്ടാകുവാന്‍ വേണ്ടി സാര്‍വ്വത്രിക സഭ 2009 മെയ്‌ 3-ാ‍ം തീയതി ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്ന സന്ദര്‍ഭത്തില്‍ സഭാതനയരുടെ സജീവ പരിചിന്തനത്തിനായി താഴെപ്പറയുന്ന വിഷയം ഞാന്‍ നല്‍കുന്നു: ദൈവിക വിശ്വാസമാണു മുന്‍കൈ എടുക്കലിലുള്ള മാനുഷിക പ്രത്യുത്തരം. തന്റെ വിളഭൂമിയിലേയ്ക്ക്‌ വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോട്‌ പ്രാര്‍ത്ഥിക്കുവിന്‍ എന്ന ശിഷ്യരോടുള്ള യേശുനാഥന്റെ ഉദ്ബോധനം സഭയില്‍ നിരന്തരം നടക്കേണ്ടതാണ്‌. ദൈവവിളിക്കു വേണ്ടിയുള്ള യേശുനാഥന്റെ ഈ ആഹ്വാനം ഊന്നല്‍ നല്‍കുന്നത്‌ വിശ്വാസതീഷ്ണതയോടെയുള്ള നിരന്തരമായ പ്രാര്‍ത്ഥനയ്ക്കാണ്‌. പ്രാര്‍ത്ഥനയിലൂടെ സജീവമാകുന്ന ദൈവപരിപാലനയിലുള്ള പ്രത്യാശയും മഹത്തായ വിശ്വാസവുമാണ്‌ ക്രൈസ്തവ സമൂഹത്തിന്‌ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കേണ്ടത്‌.പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളി സഭയ്ക്കുള്ള അവിടുത്തെ സവിശേഷമായ സമ്മാനമാണ്‌. അത്‌ സകല മാനവരാശിക്കുംവേണ്ടിയുള്ള ഉദാത്തമായ സ്നേഹത്തിന്റെയും രക്ഷയുടേയും പദ്ധതിയുടെ ഭാഗവുമാണ്‌. വിശുദ്ധ പൗലോസിന്റെ വര്‍ഷത്തില്‍ എഫേസോസുകാര്‍ക്കെഴുതിയ ലേഖന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്‌: "സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ. തന്റെ മുമ്പാകെ ദൈവത്തില്‍ പരിശുദ്ധരും നിഷ്ക്കളങ്കരുമായിരിക്കുവാന്‍ ലോകസ്ഥാപനത്തിന്‌ മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു” (എഫേ: 1:3-4). വിശുദ്ധിയിലേയ്ക്കുള്ള ദൈവത്തിന്റെ സാര്‍വ്വത്രികമായ വിളി തന്റെ പുത്രനായ യേശുക്രിസ്തുവിനെ അടുത്ത്‌ അനുഗമിക്കുന്നതിനുള്ളതാണ്‌. അവിടുത്തെ അനുഗൃഹീത സേവകരും സാക്ഷികളുമായി ജീവിക്കുന്നതിനു ചിലരെ പ്രത്യേകമായി അവിടുന്ന്‌ തിരഞ്ഞെടുക്കുന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി ക്രിസ്തുനാഥന്‍ തന്റെ ശ്ലീഹന്മാരെ വിളിച്ചു (മര്‍ക്കോസ്‌ 3: 14-15). ശ്ലീഹന്മാരാകട്ടെ തങ്ങളുടെ ഈ ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ മറ്റുള്ളവരേയും തെരഞ്ഞെടുത്തു. ദൈവവിളിക്ക്‌ പ്രത്യുത്തരം നല്‍കിയും പരിശുദ്ധാത്മവിന്റെ പ്രചോദനങ്ങള്‍ക്ക്‌ വിധേയരായി ദൈവ വചനം പ്രഘോഷിച്ചും സഭാ സേവനത്തിനായി തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചും പുരോഹിത ശ്രേണിയില്‍ അംഗമായും അനേകര്‍ സഭയില്‍ സേവനം ചെയ്യുന്നു. നമുക്ക്‌ ദൈവത്തോട്‌ നന്ദിയുള്ളവരാകാം, അവിടുത്തെ മുന്തിരിത്തോപ്പിലേയ്ക്ക്‌ ഇന്നും നിരവധിവേലക്കരെ അവിടുന്ന്‌ വിളിച്ചുകൊണ്ടിരിക്കുന്നതിന്‌. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പുരോഹിതരുടെ എണ്ണം കുറയുന്നുവെന്നത്‌ അസ്വസ്ഥതാജനകമാണ്‌. എങ്കിലും സഭയെ വിവിധ കാലഘട്ടങ്ങളിലൂടെ നയിക്കുന്നതും സുനിശ്ചിതമായി ദൈവരാജ്യത്തിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നതും ക്രിസ്തുനാഥനാണ്‌. യേശുക്രിസ്തു തന്റെ കരുണാര്‍ദ്രമായ സ്നേഹത്തിന്റെ നിഗൂഢമായ പദ്ധതികള്‍ പിന്‍തുടരുന്നതിന്‌ എല്ലാ പ്രായത്തിലും സംസ്കാരത്തിലും പെട്ടവരെ ക്ഷണിക്കുന്നു. അതിനാല്‍ നമ്മുടെ പ്രഥമകര്‍ത്തവ്യം കുടുംബങ്ങളിലും ഇടവകകളിലും ശ്ലൈഹികകൂട്ടായ്മകളിലും സന്യാസസമൂഹങ്ങളിലും എല്ലാ മേഖലകളിലും നിരന്തരമായ പ്രാര്‍ത്ഥനയോടെ ദൈവകരുതലിനായി സമര്‍പ്പിക്കുക എന്നതാണ്‌. എല്ലാ ക്രൈസ്തവരും ദൈവവിശ്വാസത്തില്‍ വളരുന്നതിന്‌ നമ്മള്‍ പ്രാര്‍ത്ഥിക്കണം. രക്ഷാകരദൗത്യത്തില്‍ തന്നോടുചേര്‍ന്ന്‌ സേവനം ചെയ്യുന്നതിന്‌ പൂര്‍ണ്ണമായി നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്ന്‌ വിളവിന്റെ നാഥന്‍ നിരന്തരമായി ആവശ്യപ്പെടുന്നു. ബന്ധശ്രദ്ധയും വിവേകം നിറഞ്ഞ ദീര്‍ഘദൃഷ്ടിയുമാണ്‌ വിളിക്കപ്പെട്ടവരില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌. ദൈവിക പദ്ധതിയോട്‌ ഉദാരതയോടും പൂര്‍ണ്ണമനസ്സോടുംകൂടിയുള്ള സഹകരണവും ശിഷ്യത്വവും അവിടുന്ന്‌ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നു. പൗരോഹിത്യ സന്യാസജീവിത യാഥാര്‍ത്ഥ്യങ്ങളെ കാറ്റില്‍പ്പറത്താതെ സമര്‍പ്പണമായി കാണുവാന്‍ നമുക്ക്‌ കഴിയണം. ഉത്തരവാദിത്വത്തോടെയും ഉറച്ച ബോദ്ധ്യത്തോടെയും കൂടെ ഒരാള്‍ തന്റെ വിളിക്ക്പ്രത്യുത്തരം നല്‍കേണ്ടതാണ്‌.കത്തോലിക്കാസഭയുടെ മതബോധനം” നമ്മെ വസ്തുനിഷ്ഠമായി അനുസ്മരിപ്പിക്കുന്നത്്‌ ദൈവത്തിന്റെ സ്വതന്ത്രമായ മുന്‍കൈയെടുക്കലിന്‌ നമ്മുടെ സ്വതന്ത്രമായ പ്രത്യുത്തരം ആവശ്യമാണെന്നുള്ളതാണ്‌. നമ്മെ കുറിച്ചുള്ള ദൈവിക പദ്ധതിയോട്‌ നാം ക്രിയാത്മകമായി പ്രതികരിക്കുകയും താദാത്മ്യം പ്രാപിക്കുകയും വേണം. ദൈവത്തിന്റെ സ്നേഹപൂര്‍ണ്ണമായ കരുതലിനോടുള്ള പ്രത്യുത്തരമാണിത്‌. വിളിക്കപ്പെട്ടവര്‍ക്ക്‌ ധാര്‍മ്മികതയുടെ ആജ്ഞാഭാവമുള്ള ഒരു കടപ്പെടുത്തല്‍ അത്‌ ഉള്‍ക്കൊള്ളുന്നു. ഇത്‌ ദൈവത്തിന്‌ നല്‍കപ്പെടുന്ന അംഗീകാരവും ആദരവും കൃതജ്ഞതയുടെ ആരാധനയുമാണ്‌. ദൈവം ചരിത്രത്തില്‍ തുടരുന്ന പദ്ധതിയോടുള്ള സഹകരണമാണിത്‌ (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം നമ്പര്‍ 2062).പരിശുദ്ധകുര്‍ബാനയുടെ രഹസ്യത്തെക്കുറിച്ച്‌ നമുക്ക്‌ അല്‍പനേരം ചിന്തിക്കാം. മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി പിതാവ്‌ തന്റെ ഏകജാതനെത്തന്നെ അത്യുദാത്ത സമ്മാനമായി നല്‍കി. ദൈവഹിതത്തിന്റെ കാസയില്‍നിന്ന്‌ അവസാനം വരെ കുടിക്കുന്നതിന്‌ സമ്പൂര്‍ണ്ണവും വിധേയത്വത്തോടെയുമുള്ള ക്രിസ്തുവിന്റെ സന്നദ്ധത നമുക്കൊരു മാതൃക നല്‍കുന്നു. ദൈവിക മുന്‍കൈ എടുക്കലിലുള്ള വിശ്വാസവും മാനുഷിക പ്രത്യുത്തരത്തിന്റെ മൂല്യവുമാണത്‌. ലോക രക്ഷക്കുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ സ്നേഹമസൃണമായ പൂര്‍ത്തീകരണമാണ്‍്‌ പരിശുദ്ധ കുര്‍ബാനയില്‍ യേശു തന്നെത്തന്നെ സ്വതന്ത്രമായി വിട്ടുകൊടുക്കുന്നതില്‍ പ്രകടമാകുന്നത്‌. എന്റെ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍ എഴുതിയിട്ടുണ്ട്‌: “”തന്റെ നാഥനായ ക്രിസ്തുവില്‍നിന്ന്‌ സഭ സ്വീകരിച്ച സമ്മാനമാണ്‌ പരിശുദ്ധ കുര്‍ബാന - മറ്റ്‌ നിരവധിയായ സമ്മാനങ്ങള്‍ക്കിടയില്‍ അതിവിശിഷ്ടമായ സമ്മാനമാണിത്‌. തന്റെതന്നെയും തന്റെ പരിശുദ്ധമായ മനുഷ്യത്വത്തിന്റെയും രക്ഷാകര പ്രവൃത്തിയുടെയും സമ്മാനവുമാണിത്‌””(സഭയും വിശുദ്ധ കുര്‍ബാനയും).നൂറ്റാണ്ടുകളിലൂടെ ദൈവത്തിന്റെ മഹത്വപൂര്‍ണ്ണമായ പുനരാഗമനം വരെ രക്ഷാകര രഹസ്യങ്ങള്‍ നിലനിറുത്തുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്‌ പുരോഹിതര്‍. അവര്‍ ദിവ്യകാരുണ്യനാഥനെ സൂഷ്മമായി ധ്യാനിക്കണം.“ദൈവവിളി സംവാദത്തിന്റെ ശ്രേഷ്ഠമായ മാതൃക പിതാവിന്റെ സ്വതന്ത്രമായ മുന്‍കൈയെടുക്കലിലും ക്രിസ്തുവിന്റെ വിശ്വസ്തതയുള്ള പ്രത്യുത്തരത്തിലുമാണ്‌ നാം കാണുന്നത്‌. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ താന്‍ തെരഞ്ഞെടുത്ത പുരോഹിതന്മാരില്‍ ക്രിസ്തു തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ബലഹീനതകള്‍ ഏറ്റവും സൂഷ്മമായി അനുഭവപ്പെടുമ്പോള്‍പോലും ഭയാശങ്കകളെ ദുരീകരിച്ചുകൊണ്ട്‌ വിശ്വസ്തതയുടേയും നന്ദിയുടേയും വലിയൊരു പ്രത്യുത്തരം അവരില്‍ വളര്‍ത്തുന്നതിന്‌ ക്രിസ്തു അവരെ സഹായിക്കുന്നു (റോമ 8:26-28). തെറ്റിദ്ധാരണയുടേയും പീഡനത്തിന്റേയും അനുഭവങ്ങള്‍ കഠോരമാകുമ്പോഴും ക്രിസ്തു അവരെ താങ്ങുന്നു (റോമ. 8: 35-39).സ്നേഹത്താലാണ്‌ തങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌ എന്ന അറിവ്‌ ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും വിശ്വാസികളില്‍ വിശിഷ്യ പുരോഹിതന്മാരില്‍ ക്രിസ്തു വളര്‍ത്തിയെടുക്കുന്നു. തന്റെ ജീവന്‍ നമുക്കായി നല്‍കിയ ക്രിസ്തുനാഥനിലുള്ള വിശ്വാസത്തിലധിഷ്ഠിതമായി ആത്മപരിത്യാഗം വളര്‍ത്താന്‍ ദിവ്യബലിക്കു കഴിയും. ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ ദാനം സ്വീകരിക്കുകയും ചെയ്യുന്നതുവഴി പുരോഹിതന്‍ രക്ഷാകര പദ്ധതിയോട്‌ ചേര്‍ന്നു നില്‍ക്കുന്നു. അങ്ങനെ വിളിക്കുന്ന നാഥന്റെ സ്നേഹവും, സ്നേഹത്തോടെ പ്രത്യുത്തരം നല്‍കുന്ന മര്‍ത്യന്റെ സ്വാതന്ത്ര്യവും തമ്മില്‍ നിഗൂഢമായ ഒരു കൂടിക്കാഴ്ച നടക്കുന്നു. "നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ്‌ ചെയ്തത്‌. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു””(യോഹന്നാന്‍ 15:16) എന്ന യേശുക്രിസ്തുവിന്റെ വാക്കുകള്‍ അവരുടെ ആത്മാവില്‍ പ്രതിധ്വനിക്കുന്നു.രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വീക്ഷണത്തില്‍ ദൈവിക മുന്‍കൈ എടുക്കലിനുള്ള മാനുഷിക പ്രത്യുത്തരം സ്നേഹത്തില്‍ കെട്ടുപിരിഞ്ഞ്‌ കിടക്കുന്നത്‌ സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവവിളിയില്‍ അത്ഭുതകരമായ രീതിയില്‍ കാണാം. സുവിശേഷഉപദേശങ്ങളായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവ ആധാരമാക്കിയിരിക്കുന്നത്‌ ദിവ്യനാഥന്റെ വാക്കുകളിലും പ്രവൃത്തികളിലുമാണ്‌. അവ പില്‍ക്കാലത്ത്‌ അപ്പസ്തോലന്മാരും സഭാപിതാക്കന്മാരും, സഭാപാരംഗതന്മാരും, ആത്മീയ ഇടയന്മാരും കല്‍പിച്ചിട്ടുള്ളതാണ്‌. സഭ തന്റെ നാഥനില്‍നിന്ന്‌ സ്വീകരിക്കുകയും അവിടുത്തെ കൃപയുടെ സഹായത്താല്‍ എപ്പോഴും സംരക്ഷിക്കുകയും ചെയ്യുന്ന ഉപദേശങ്ങള്‍ ദൈവത്തിന്റെ ദാനമാണ്‌ (ജനതകളുടെ പ്രകാശം - 43).പിതാവിന്റെ തിരുഹിതത്തോട്‌ പരിപൂര്‍ണ്ണതയോടെയും വിശ്വസ്തതയോടെയും വിധേയപ്പെടുന്ന യേശുവിന്റെ മാത്യകയിലേക്കാണ്‌ എല്ലാ സമര്‍പ്പിതരും ഉറ്റു നോക്കേണ്ടത്‌. ക്രിസ്തുമതത്തിന്റെ ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ യേശുക്രിസ്തുവിനാല്‍ ആകര്‍ഷിക്കപ്പെട്ട നിരവധി സ്ത്രീപുരുഷന്മാര്‍ വീട്‌, സമ്പത്ത്‌, ധനം തുടങ്ങി മനുഷ്യര്‍ അഭികാമ്യമായി കരുതുന്നവയെല്ലാം ഉപേക്ഷിച്ച്‌ ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തയ്യാറായി. വിശുദ്ധിയില്‍ ആഴപ്പെടുകയും ചെയ്തു. സുവിശേഷപൂര്‍ണതഅഭിലഷിക്കുന്ന യാത്ര ഇന്നും പലരും നടത്തുകയും തങ്ങളുടെ ദൈവവിളി സുവിശേഷാനുസാരമായ ഉപദേശങ്ങളുടെ ദൗത്യമാണെന്ന്‌ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. ധ്യാനനിരതമായ ആശ്രമങ്ങളിലും സന്യാസഭവനങ്ങളിലും പ്രേഷിതസമൂഹങ്ങളിലുമുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുടെ സാക്ഷ്യം ദൈവജനത്തെ അനുസ്മരിപ്പിക്കുന്നു: "ചരിത്രത്തില്‍ പ്രവര്‍ത്തനനിരതമാണ്‌ ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍, അതിന്റെ പരിപൂര്‍ണ്ണമായ സാക്ഷാത്ക്കാരം സ്വര്‍ഗ്ഗത്തിലാണ്‌ നടക്കുന്നത്‌" (സമര്‍പ്പിത ജീവിതം - 1).പൗരോഹിത്യ ശുശ്രൂഷയിലേക്ക്‌ തന്നെത്തന്നെ യോഗ്യനെന്ന്‌ കരുതി സമീപിക്കുവാന്‍ ആര്‍ക്കു കഴിയും? തന്റെ മാനുഷിക ശക്തികളില്‍ മാത്രം ആശ്രയിച്ചുകൊണ്ട്‌ സമര്‍പ്പിത ജീവിതം സ്വീകരിക്കുവാന്‍ ആര്‍ക്കാണ്‌ സാധിക്കുക? ദൈവമാണ്‌ തന്റെ രക്ഷാകര പദ്ധതികള്‍ക്ക്‌ മുന്‍കൈ എടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. ദൈവവിളിയോടുള്ള സ്ത്രീ പുരുഷന്മാരുടെ പ്രതികരണം ഒരിക്കലും ഭീരുവും സ്വാര്‍ത്ഥമോഹിയും വിലകെട്ടവനുമായ ഭൃത്യന്‍ ഭയം നിമിത്തം തന്നെ ഏല്‍പിച്ച താലന്ത്‌ മണ്ണില്‍ ഒളിച്ചുവച്ചതിനോട്‌ സമാനമല്ലായെന്ന്‌ ആവര്‍ത്തിച്ച്‌ പ്രസ്താവിക്കുന്നത്‌ ഗുണകരമാണ്‌ (മത്തായി 25: 14-30). യേശുനാഥന്റെ വിളിയോട്‌ വിധേയത്വം പുലര്‍ത്തിക്കൊണ്ട്‌ പെട്ടെന്ന്‌ പ്രത്യുത്തരം നല്‍കിയ പത്രോസിന്‌ സദൃശരാണ്‌ അവര്‍. രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒരു മത്സ്യം പോലും കിട്ടാതിരുന്നിട്ടും നാഥന്റെ വാക്കുകളില്‍ വിശ്വസിച്ചുകൊണ്ട്‌ ഒരിക്കല്‍കൂടി പത്രോസ്‌ കടലിലേക്ക്‌ വലയിറക്കി (ലൂക്കാ 5:5). വ്യക്തിപരമായ ഉത്തരവാദിത്വം യാതൊരര്‍ത്ഥത്തിലും തിരസ്കരിക്കാതെ ദൈവത്തോടുള്ള മനുഷ്യന്റെ സ്വതന്ത്രമായ പ്രത്യുത്തരം അങ്ങനെ സഹഉത്തരവാദിത്വമായി മാറി. ക്രിസ്തുവിലും, ക്രിസ്തുവിനോടൊത്തും, അവിടുത്തെ ആത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയുമുള്ള ഉത്തരവാദിത്വം ദൈവവുമായുള്ള സംസര്‍ഗ്ഗത്തിലൂടെ നമ്മെ കൂടുതല്‍ ഫലം പുറപ്പെടുവിക്കുവാന്‍ പ്രാപ്തരാക്കുന്നു (യോഹ. 15:5).ദൈവത്തിന്റെ മുന്‍കൈ എടുക്കലില്‍ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട്‌ മനുഷ്യന്‍ പ്രതികരിച്ചതിന്റെ പ്രതീകമാണ്‌ നസ്രത്തിലെ കന്യകയുടെ വിനയാന്വിതവും നിര്‍ണ്ണായകവുമായ പ്രത്യുത്തരം. ദൈവത്തിന്റെ സന്ദേശവാഹകന്‌ ലഭിച്ച വിധേയത്വമുള്ള 'ആമ്മേന്‍' എന്ന മറുപടി (ലൂക്കാ 1: 38). അവളുടെ സമ്മതം അവളെ ദൈവത്തിന്റെയും രക്ഷകന്റേയും അമ്മയാക്കി. മറിയത്തിന്‌ തന്റെ സമ്മതം പലവട്ടം ആവര്‍ത്തിക്കേണ്ടിവന്നു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ നിമിഷത്തില്‍ അവിടുത്തെ സമീപം നിന്നുകൊണ്ട്‌ അവള്‍ തന്റെ നിഷ്കളങ്കനായ പുത്രന്റെ ഭയാനകമായ പീഡകളില്‍ പങ്കുചേര്‍ന്നു. കുരിശിലെ മരണാസന്നവേളയിലാണ്‌ യേശു മറിയത്തെ നമുക്ക്‌ അമ്മയായും നമ്മെ അവള്‍ക്ക്‌ മക്കളായും നല്‍കിയത്‌ (യോഹ. 19: 26-27). മറിയം പ്രത്യേകമായി വൈദികരുടെയും സമര്‍പ്പിതരുടെയും അമ്മയാണ്‌. ദൈവത്തിന്റെ വിളിക്ക്‌ പ്രത്യുത്തരം നല്‍കിക്കൊണ്ട്‌ പുരോഹിത ശുശ്രൂഷയുടെയും സമര്‍പ്പിതജീവിതത്തിന്റെയും വഴിയെ യാത്ര തിരിക്കുന്ന എല്ലാവരെയും ഞാന്‍ പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ ഭരമേല്‍പ്പിക്കുന്നു.പ്രിയ സ്നേഹിതരേ, പ്രശ്നങ്ങളും സംശയങ്ങളും അഭിമുഖീകരിക്കുമ്പോള്‍ നഷ്ടധൈര്യരാകരുത്‌. ദൈവത്തില്‍ വിശ്വസിക്കുക, യേശുവിനെ വിശ്വസ്തതയോടെ അനുഗമിക്കുക. അപ്പോള്‍ അവിടുന്നുമായുള്ള ഉറ്റ ബന്ധത്തില്‍നിന്ന്‌ ഒഴുകിയെത്തുന്ന സന്തോഷത്തിന്റെ സാക്ഷികളാകാന്‍ നിങ്ങള്‍ക്ക്‌ കഴിയും. എല്ലാ ജനതകളും ഭാഗ്യവതി എന്ന്‌ പ്രകീര്‍ത്തിക്കുന്ന കന്യകാമറിയത്തെ അനുകരിച്ചുകൊണ്ട്‌, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ രക്ഷാകരപദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാ ആത്മീയ ശക്തിയുമുപയോഗിച്ച്‌ നിങ്ങളെത്തന്നെ സമര്‍പ്പിക്കുക. മഹത്തായ കാര്യങ്ങള്‍ ചെയ്യുന്ന ശക്തനായവനെ ആരാധിക്കാനും അവനില്‍ ആശ്ചര്യപ്പെടാനും ഉള്ള കഴിവ്‌ അവളെപോലെ നിങ്ങളുടെ ഹൃദയത്തിലും പരിപോഷിപ്പിക്കുക. എന്തെന്നാല്‍, അവിടുത്തെ നാമം പരിശുദ്ധമാണ്‌ (ലൂക്കാ 1: 49).ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പാവത്തിക്കാന്‍, റോം