സ്ത്രീക്കും പുരുഷനും തുല്യമഹത്വവും തുല്യപങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന് സീ റോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ കേരളത്തിലെ വിവിധ രൂപതകളിലേയും സഭാസംഘടനകളിലെയും അല്‍മായ വനിതാപ്രതിനിധികളുടെ ദ്വിദിന നേതൃത്വസമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യന്‍ പരസ്പര ബഹുമാനവും സമത്വവും നല്‍കുമ്പോഴാണ് ദൈവിക മനുഷ്യനായി മാറുന്നത്. നമ്മുടെ സമൂഹത്തില്‍ ഒരുപാട് സ്ത്രീകള്‍ സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സമൂഹത്തില്‍ സജീവ പങ്കാളിത്തം നേടിയെടുക്കാന്‍ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക കടമയുണ്ട്. സഭയിലും സമൂഹത്തിലും പുരുഷനും സ്ത്രീക്കും ഒരേ മഹത്വവും തുല്യപങ്കാളിത്തവും ഉറപ്പുവരുത്തി ഒത്തൊരുമിച്ചുള്ള ഒരു പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.