Monday, April 27, 2009

അമ്മമാര്‍ സംഘടനാ കൂട്ടായ്മയിലൂടെ ശക്തിയാര്‍ജിക്കണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

സഹനത്തിന്റെ ത്യാഗത്തിന്റെയും ഉത്തമ മാതൃകകളായ അമ്മമാര്‍ സംഘടനാകൂട്ടായ്മയിലൂടെ കൂടുതല്‍ ശക്തിയാര്‍ജിച്ച്‌ ദരിദ്രര്‍ക്കും വേദനയനുഭവിക്കുന്നവര്‍ക്കും താങ്ങും തണലുമായിത്തീരണമെന്ന്‌ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്ന എറണാകുളം-അങ്കമാലി അതിരൂപത വിമണ്‍സെല്ലിന്റെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ നട്ടെല്ലായ വീട്ടമ്മമാരുടെ ശാക്തീകരണത്തിനുംസമുദായത്തോടും സമൂഹത്തോടും അവര്‍ക്കുള്ള ചുമതലകള്‍ ബോധ്യപ്പെടുത്തുന്നതിനുമായാണ്‌ സംഗമം സംഘടിപ്പിച്ചത്‌.ഉച്ചയ്ക്ക്‌ ശേഷം നടന്ന യോഗത്തില്‍ എറണാകുളം അങ്കമാലി- അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അനുഗ്രഹപ്രഭാഷണം നടത്തി. ആധുനീക കാലഘട്ടത്തില്‍ സ്തീസമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുടൂംബവും സമൂഹവും ജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണെന്നും അവ തോളോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചാലെ സമൂഹം മുന്നേറുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ഫാ.പോള്‍ കല്ലൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ സമഗ്രമായ മാറ്റത്തിന്‌ വേണ്ടി സഭയും സമൂഹവും നിലകൊള്ളണമെന്ന്‌ അദ്ദേഹം പറഞ്ഞു.