Monday, May 11, 2009

ഏകജാലകം പിന്‍വലിക്കണം: ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍

പ്രവേശനത്തില്‍ ഏകജാലകം വീണ്ടും ഏര്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കാനും കുട്ടികളുടെമേല്‍ സാമ്പത്തികബാധ്യത അടിച്ചേല്‍പ്പിക്കാനും ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അവകാശം കവര്‍ന്നെടുക്കാനുമുള്ള ശ്രമത്തില്‍നിന്നും വിദ്യാഭ്യാസവകുപ്പ്‌ പിന്തിരിയണമെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ വക്താവ്‌ ആവശ്യപ്പെട്ടു. കേവലം പത്തുദിവസംകൊണ്ട്‌ പൂര്‍ത്തിയായിരുന്ന വിദ്യാര്‍ഥി പ്രവേശനത്തിന്‌ ഏകജാലകത്തില്‍ കഴിഞ്ഞവര്‍ഷം നാലുമാസംവരെ എടുത്തു. അതുവഴി പകുതി അധ്യയനവര്‍ഷമാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നഷ്ടമായത്‌. ഇഷ്ടപ്പെട്ട വിഷയത്തില്‍ പ്രവേശനം കിട്ടുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തതുകൊണ്ട്‌ സ്വാശ്രയ ഇംഗ്ലീഷ്മീഡിയം വിദ്യാലയങ്ങളിലേക്ക്‌ സാധിക്കുന്നവരെല്ലാം പ്രവേശനം തേടുകയും ചെയ്തു.നാലും അഞ്ചും വിദ്യാലയങ്ങള്‍ പ്രവേശനഘട്ടത്തില്‍ മാറിമാറി പഠിക്കേണ്ടിവന്ന വിദ്യാര്‍ഥികളുടെ വ്യാകുലങ്ങളും വിദൂരസ്ഥലങ്ങളില്‍ പഠിക്കേണ്ടിവന്ന വിദ്യാര്‍ഥികളുടെ സാമ്പത്തിക നഷ്ടവും സമയനഷ്ടവും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്‌ ഖേദകരമാണ്‌.സംസ്ഥാന ഖജനാവിന്‌ അധികസാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സര്‍വോപരി സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ ഗുണനിലവാരം തകര്‍ക്കുകയും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശം കവര്‍ന്നെടുക്കുന്നതുമാണ്‌ ഏകജാലക സമ്പ്രദായം. ഇതിനെ ശക്തമായി നേരിടുകതന്നെ ചെയ്യും. കൂടുതല്‍ വിദ്യാര്‍ഥികള്‍ മറ്റു സ്ഥലങ്ങളിലേക്കും പാരലല്‍ കോളജിലേക്കും പോകാന്‍ ഇടയായ ഏകജാലകത്തിന്റെ തിന്മകള്‍ മനസിലാക്കി അതുപിന്‍വലിക്കാന്‍ തയാറാകണമെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വക്താവ്‌ റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു