Friday, May 1, 2009

കെ.സി.ബി.സിയുടെ തൊഴില്‍ കാര്യകമ്മീഷന്‍ പുറപ്പെടുവിക്കുന്ന മേയ്‌ ദിന സന്ദേശം - 2009

കര്‍ത്താവില്‍ സ്നേഹിക്കപ്പെടുന്ന സഹോദരി സഹോദരന്മാരേ,
മേയ്‌ ഒന്നാം തീയതി തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഓര്‍മ്മ ദിനവും അന്താരാഷ്ട്ര തൊഴിലാളി ദിനവുമാണല്ലോ. എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും ഈ ദിനത്തിന്റെ മംഗളാശംസകള്‍ നേരുന്നു. വി. യൗസേപ്പിതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥം വഴി ആത്മീയവും ഭൗതികവുമായ നന്മകളാല്‍ തൊഴിലാളി സമൂഹം അനുഗ്രഹിക്കപ്പെടട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു. മുപ്പത്‌ വയസ്സു വരെ തന്റെ വളര്‍ത്തുപിതാവിന്റെ പണിശാലയില്‍ കഠിനാദ്ധ്വാനം ചെയ്ത നമ്മുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പ്രത്യേക കാരുണ്യവര്‍ഷം അദ്ധ്വാനിക്കുന്നവരുടെ മേല്‍ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌. തൊഴില്‍ കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കത്തോലിക്കാ മെത്രാന്‍ സമിതിയില്‍ ലേബര്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. നമ്മുടെ രൂപതകള്‍ക്കുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ തൊഴിലാളികളുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിപ്പാട്ടുമെന്റാണത്‌. ഈ കമ്മീഷന്റെ കീഴില്‍ കെ.എല്‍.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ലേബര്‍ മൂവ്മെന്റിലൂടെയാണ്‌ കമ്മീഷന്‍ അതിന്റെ ദൗത്യം പ്രധാനമായും നിര്‍വ്വഹിക്കുന്നത്‌. കെ.എല്‍.എം. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സൊസൈറ്റിയാണ്‌. ലേബര്‍ കമ്മീഷനും കെ.എല്‍.എമ്മും പ്രധാനമായും സര്‍ക്കാരിനും തൊഴിലാളികള്‍ക്കും ഇടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്‌. അതോടൊപ്പെ സ്വന്തം നിലയിലും കെ.എല്‍.എം തൊഴിലാളി ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കി വരുന്നുണ്ട്‌. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആവിഷ്ക്കരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമപദ്ധതികള്‍ അവര്‍ക്ക്‌ കിട്ടാനുള്ള സാഹചര്യം ഒരുക്കുകയും അവ കിട്ടുന്നുണ്ട്‌ എന്ന്‌ ഉറപ്പു വരുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ പുതിയൊരു തൊഴില്‍ സംസ്ക്കാരത്തിന്‌ രൂപം കൊടുക്കുവാനും കെ.എല്‍.എം ശ്രമിക്കുന്നു. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ തൊഴിലാളികളുടെ ഉന്നതിയ്ക്കും പുരോഗതിയ്ക്കും സവിശേഷ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും എക്കാലവും കത്തോലിക്കാ തിരുസഭ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നു : തൊഴില്‍ ചെയ്തുകൊണ്ടു വേണം മനുഷ്യന്‍ അനുദിനം ആഹാരം സമ്പാദിക്കുവാന്‍. അതിലൂടെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും നിരന്തരമായ പുരോഗതിയെ ത്വരിതപ്പെടുത്തണം. സര്‍വ്വോപരി താന്‍ ഉള്‍പ്പെടുന്ന കുടുംബമാകുന്ന സമൂഹത്തിന്റെ സാംസ്ക്കാരികവും ധാര്‍മികവുമായ നിലവാരം ഉയര്‍ത്താന്‍ അതുവഴി നിരന്തരം സഹായിക്കുകയും വേണം. മനുഷ്യന്റെ ശാരീരികമോ ബുദ്ധിപരമോ ആയ ഏതെങ്കിലുമൊരു പ്രവര്‍ത്തനമാണ്‌ - അതിന്റെ സ്വഭാവവും സാഹചര്യവും എന്തൊക്കെ ആയാലും - തൊഴില്‍ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌... മറ്റു ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു കാണിക്കുന്ന സ്വഭാവ വിശേഷങ്ങളില്‍ ഒന്നാണ്‌ തൊഴില്‍... മനുഷ്യനു മാത്രമേ തൊഴില്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്‍ മാത്രമാണ്‌ തൊഴില്‍ ചെയ്യുന്നത്‌. മനുഷ്യന്‍ മാത്രമാണ്‌ തൊഴില്‍ ചെയ്യുകയും അതുവഴി തന്റെ അസ്തിത്വത്തെ ഭൂമിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത്‌ (ജോണ്‍ പോള്‍ 2 തൊഴില്‍ 0). അതുകൊണ്ടാണ്‌ ജോലി ചെയ്യാത്തവന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന്‌ വി. പൗലോസ്‌ ശ്ലീഹാ പ്രബോധിപ്പിക്കുന്നത്‌ (2 തെസ. 3: 10). തൊഴിലിനെയും തൊഴിലാളികളെയും വളരെ ഗൗരവത്തോടെയാണ്‌ തിരുസഭ ഉള്‍ക്കൊള്ളുന്നതെന്ന്‌ പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ലോകജനതയെ മുഴുവന്‍ സാമ്പത്തിക മാന്ദ്യം വലയം ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഈ വര്‍ഷത്തെ തൊഴിലാളി ദിനം ആചരിക്കപ്പടുന്നത്‌. സാമ്പത്തികമായി വളരെ മുന്നാക്കം നില്‍ക്കുന്ന പശ്ചാത്യനാടുകളില്‍ നിന്നാണ്‌ സാമ്പത്തിക മാന്ദ്യത്തിന്റെ വിഷപ്പുക വമിയ്ക്കാന്‍ തുടങ്ങിയതെന്നാണ്‌ ഇതിന്റെ പ്രത്യേകത. ധനാസക്തി, ഉപഭോഗാസക്തി എന്നിവയുടെ പിന്നാലെ പാഞ്ഞ ചിലര്‍ ഒരുക്കിയ ചതിക്കുഴികളില്‍ നിന്നാണ്‌ സാമ്പത്തിക മാന്ദ്യത്തിന്‌ തുടക്കം കുറിച്ചിട്ടുള്ളത്‌. ധനാസക്തിയാണ്‌ എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം (തിമോത്തി 6: 10) എന്ന വിശുദ്ധ ഗ്രന്ഥവചനം ശ്രദ്ധിക്കുക. ഈ സാമ്പത്തിക മാന്ദ്യം എല്ലാവരെയും ബാധിക്കും. എന്നാല്‍ ആവശ്യത്തിലേറെ സമ്പാദിച്ച്‌ വച്ചിട്ടുള്ള ധനാഢ്യരെ സംബന്ധിച്ച്‌ അതത്ര പ്രശ്നമല്ല. കാരണം അവരുടെ സുഖസൗകര്യങ്ങളില്‍ വലിയ കുറവു വരുത്താതെ തന്നെ അവര്‍ക്കതിനെ നേരിടാന്‍ കഴിയും. സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും വലിയ ബലിയാടുകള്‍ തൊഴിലാളികളാണ്‌. ഇപ്പോഴത്തെ ആഗോളമാന്ദ്യം മൂലം ലോകത്ത്‌ അമ്പത്‌ കോടിയില്‍പരം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നാണ്‌ അന്താരാഷ്ട്ര സംഘടന കണക്കുകൂട്ടിയിരിക്കുന്നത്‌. നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ മുപ്പത്തിയെട്ടു ലക്ഷത്തില്‍പ്പരം പേരുടെ തൊഴിലിനെ സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്നാണ്‌ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ്‌ സ്റ്റഡീസ്‌ കേരളസര്‍ക്കാരിനു വേണ്ടി നടത്തിയ പഠനത്തില്‍ നിന്നും വെളിവാകുന്നത്‌. ചെറുകിട കര്‍ഷകരേയും കര്‍ഷക തൊഴിലാളികളെയുമാണ്‌ സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഏറ്റവും ശക്തമായി ബാധിക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍ എന്നിവരെയും സാമ്പത്തിക മാന്ദ്യം ബുദ്ധിമുട്ടിലാക്കും. കാരണം അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ കമ്പനികള്‍ ജോലിക്കാരെ പിരിച്ചിവിടും. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ തന്നെ രണ്ടുമുതല്‍ രണ്ടര ശതമാനം വരെ പുറകോട്ടായി കഴിഞ്ഞുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്‌. ഏഴുശതമാനമാണ്‌ ഈ വര്‍ഷത്തെ പ്രതീക്ഷിതാ വളര്‍ച്ചാ നിരക്ക്‌. എന്നാല്‍ ഏറ്റവും ഗൗരവമേറിയ കാര്യം നമ്മുടെ ജനതയിലെ അറുപത്തിയഞ്ച്‌ ശതമാനം പേരും കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതാണ്‌. ഈ രംഗത്തുള്ള വളര്‍ച്ചാ നിരക്ക്‌ മൂന്നു ശതമാനത്തില്‍ താഴെ മാത്രമായിരിക്കുമെന്നാണ്‌ സൂചന.ഇതുമൂലം അടിസ്ഥാന തൊഴിലാളികളുടെയും ചെറുകിട തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ക്ഷാമകാലത്തെ നേരിടാനായി പൂര്‍വ്വ പിതാവായ യൗസേപ്പിതാവിന്റെ വിവേകത്തോടെ പെരുമാറാന്‍ തൊഴിലാളി വിഭാഗം തയ്യാറാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകക്കാലമായി നമ്മുടെ രാജ്യം വികസന കുതിപ്പിലാണെന്നത്‌ അഭിമാനാര്‍ഹമായ കാര്യമാണ്‌. ലോകത്തിലെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്‌. പക്ഷേ ഈ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക്‌ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ്‌ വസ്തുത. കര്‍ഷകരുടെ ഇടയിലുള്ള ആത്മഹത്യകള്‍ പോലെയുള്ള ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്‌ അതാണ്‌. ഐക്യരാഷ്ട്ര സംഘടന, കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മനുഷ്യവികസന സൂചികയില്‍ ( Human Development Index) ഇന്ത്യയുടെ സ്ഥാനം നൂറ്റിയിരുപത്തിയെട്ടാണ്‌. ഒരു വര്‍ഷം മുമ്പ്‌ അത്‌ നൂറ്റിയിരുപത്തിയാറായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വികസനകുതിപ്പിനിടയിലും അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളുടെ ജീവിത നിലവാരം താഴോട്ട്‌ പോകുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തെ വിശകലനം ചെയ്യുന്നതിനെ സംബന്ധിച്ച മാനദണ്ഡം ലോകബാങ്ക്‌ ഈയിടെ പുതുക്കി നിശ്ചയിക്കയുണ്ടായി. പ്രതിദിനം രണ്ടു ഡോളറില്‍ (ഏകദേശം നൂറു രൂപ) കുറവ്‌ വരുമാനം ലഭിക്കുന്നവരെയാണ്‌ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രതിദിനം ഒന്നേകാല്‍ ഡോളര്‍ പോലും ലഭിക്കാത്തവരെ പരമദരിദ്രര്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത്തിയഞ്ച്‌ ശതമാനം പേരെയും ദരിദ്രരുടെ പട്ടികയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പരമദരിദ്രരാവട്ടെ മൊത്തം ഇന്ത്യാക്കാരുടെ നാല്‍പ്പത്തിയൊന്ന്‌ ശതമാനമാണ്‌. 2006 ജനുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ വത്തിക്കാന്റെ പ്രതിനിധി ഇപ്രകാരം പറയുകയുണ്ടായി. ആഗോളീകരണത്തിന്റെ ഭാഗമായുള്ള സമ്പത്ത്‌ വ്യവസ്ഥയുടെ ഉദാരവത്ക്കരണം വഴി കൂടുതല്‍ കൂടുതല്‍ സമ്പത്ത്‌ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ വളരെ വര്‍ദ്ധിച്ചിട്ടും ഈ സമ്പത്തിന്റെ സദ്ഫലങ്ങള്‍ കൊയ്തെടുക്കുന്നതില്‍ രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രങ്ങളുടെ ഉള്ളിലും വ്യത്യാസം ഉണ്ടായിട്ടുണ്ടെന്ന്‌ ധാരാളം തെളിവുകളുണ്ട്‌. അന്തസ്സുള്ള തൊഴിലിന്റെ മാനദണ്ഡങ്ങള്‍ വച്ച്‌ അളന്നാല്‍ വളരെപേര്‍ സാമൂഹിക നേട്ടങ്ങള്‍ ആസ്വദിക്കുന്നതില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണെന്ന്‌ കാണാം. കാരണം അപമാനകരമായ വിധത്തില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇതേകാര്യത്തെപ്പറ്റി പരിശുദ്ധ പിതാവ്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ 2009 ജനുവരി 1-ന്‌ നല്‍കിയ ലോകസമാധാന സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു, ഇന്നത്തെ ആഗോളീകൃത ലോകത്തില്‍ എല്ലാവര്‍ക്കും ന്യായമായി വളരാനുള്ള അവസരം നല്‍കിയെങ്കില്‍ മാത്രമെ സമാധാനം സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന്‌ വ്യക്തമാണ്‌. അനീതി നിറഞ്ഞ സാമൂഹിക ക്രമം സൃഷ്ടിച്ചുള്ള വ്യതിയാനങ്ങള്‍ക്ക്‌ ഉടനെ അല്ലെങ്കില്‍ അധികം വൈകാതെ എല്ലാവരും വില നല്‍കേണ്ടി വരും. മരുഭൂമിയുടെ നടുവില്‍ ആഢംബരം നിറഞ്ഞ ഭവനം നിര്‍മിക്കുകയെന്നത്‌ ശുദ്ധ വിഢിത്തമാണ്‌. നമ്മുടെ രാജ്യത്ത്‌ ഏറെയും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്‌ എന്ന്‌ നാം പറഞ്ഞു. സംഘടിത മേഖലയില്‍ പോലും സാമൂഹിക തൊഴില്‍ സുരക്ഷ ലഭിക്കാത്തവര്‍ ധാരാളമുണ്ട്‌. കര്‍ഷകതൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ (അഞ്ചേക്കര്‍ കൃഷി ഭൂമിയില്‍ താഴെയുള്ളവര്‍), മത്സ്യതൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ തുടങ്ങിയ നൂറില്‍പരം വിഭാഗങ്ങളെ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.നമ്മുടെ ദേശീയവരുമാനത്തിന്റെ അറുപത്‌ ശതമാനത്തില്‍ അധികം ഈ വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള സമഗ്രനിയമങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ ആറ്‌ പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ടിരുന്നില്ലാ എന്നത്‌ ഖേദകരമാണ്‌. അതുകൊണ്ട്‌ തന്നെ ഈ അടുത്ത കാലത്ത്‌ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട്‌ - 2008 ഈ രംഗത്തുള്ള വലിയ കാല്‍ വെയ്പ്പായിട്ടാണ്‌ കാണുന്നത്‌. ഈ നിയമം കൊണ്ടുവരുന്നതില്‍ കെ.എല്‍.എം വളരെയധികം നീക്കങ്ങള്‍ നടത്തിയിരുന്നു. നിയമം അതിന്റെ പൂര്‍ണ്ണ ഉദ്ദേശശുദ്ധിയോടെ നടപ്പിലാക്കാന്‍ വേണ്ട പിന്തുണയും സഹകരണവും തൊഴിലാളി സമൂഹവും തൊഴിലാളി സംഘടനകളും നല്‍കണം. തൊഴിലാളി സമൂഹത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തിരുസ്സഭ എന്നും തയ്യാറായിട്ടുണ്ട്‌. ആധുനിക കാലഘട്ടത്തിലെ തിരുസ്സഭയുടെ പ്രഥമ സാമൂഹിക പ്രബോധനമായ റേരും നൊവാരും 1891-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പുറത്തിറക്കിയത്‌ തൊഴിലാളി സമൂഹത്തിനു വേണ്ടിയായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ധാരാളം സാമൂഹിക ലേഖനങ്ങള്‍ പരിശുദ്ധ പിതാക്കന്മാര്‍ പുറത്തിറക്കിയിട്ടുണ്ട്‌. തിരുസ്സഭയുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ പലതലത്തിലും നടത്തിവരുന്നുണ്ട്‌. തല്‍സംബന്ധമായി രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ പറയുന്നു ഈ കാലഘട്ടത്തിലെ മനുഷ്യരുടെ വിശിഷ്യ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷവും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കഠകളുമെല്ലാം ക്രിസ്തുവിന്റെ അനുയായികളുടെയും കൂടിയാണ്‌. ഈ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കാലത്തിന്റെ അടയാളങ്ങള്‍ സൂക്ഷ്മ നിരീക്ഷണം ചെയ്ത്‌ സുവിശേഷ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ സഭ എല്ലായ്പോഴും ബാധ്യസ്ഥയത്രെ (സഭ ആധുനിക ലോകത്തില്‍ 1 & 4). ഇക്കാരണത്താല്‍ തന്നെ തൊഴിലിന്റെ കര്‍ത്താവിനെപ്പറ്റിയും അവന്റെ ജീവിത സാഹചര്യങ്ങളെപ്പറ്റിയും നിരന്തരമായ പഠനം നടത്തേണ്ടിയിരിക്കുന്നു (ജോണ്‍പോള്‍ 2, തൊഴില്‍ 8 5). ഈ അടിസ്ഥാന കാഴ്ചപ്പാടിലൂടെയാണ്‌ തിരുസ്സഭ തന്റെ സാമൂഹിക പ്രബോധന ദൗത്യം നിര്‍വ്വഹിക്കുന്നത്‌. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള ലേബര്‍ മൂവ്മെന്റാണ്‌ കേരള കത്തോലിക്കാ സഭയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ എന്ന്‌ തുടക്കത്തില്‍ നാം കണ്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കൊണ്ടു തന്നെ കേരളത്തിലെ എല്ലാ രൂപതകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കെ.എല്‍.എമ്മിന്‌ സാധിച്ചിട്ടുണ്ട്‌. സഭയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ശക്തമായ അല്‍മായ നേതൃത്വത്തെ ഇതിലൂടെ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌. സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ തൊഴില്‍ മേഖലകളില്‍ ധാരാളം പുതിയ പുതിയ പ്രശ്നങ്ങള്‍ രൂപപ്പെട്ടു വരുന്നുണ്ട്‌. സാമ്പത്തിക മാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെത്തട്ടിലേക്ക്‌ വിതരണെ ചെയ്യപ്പെടാതിരിക്കല്‍, ക്ഷേമരാഷ്ട്ര ആശയത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം, കമ്പോള സംസ്ക്കാരത്തിന്റെ വളര്‍ച്ച, ഭൗതീക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്‌ യൂണിയനുകള്‍ക്കുണ്ടായിട്ടുള്ള മൂല്യച്യുതി, തൊഴിലാളി ചൂഷണം തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്‌. ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ കെ.എല്‍.എമ്മിന്‌ കഴിയുന്നുണ്ട്‌ എന്നത്‌ അഭിമാനാര്‍ഹമാണ്‌. അദ്ധ്വാനത്തിന്റെ ശ്രേഷ്ഠതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന തൊഴില്‍ സംസ്ക്കാരം വ്യാപിപ്പിക്കുക, സമകാലിക സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ തൊഴിലാളികള്‍ക്കുമുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവരെ ശക്തീകരിക്കുക, പുത്തന്‍ സാങ്കേതിക പരിജ്ഞാനവും ആധുനിക യന്ത്രോപകരണങ്ങളും പുത്തന്‍ പ്രവണതകളും തൊഴിലാളികള്‍ക്ക്‌ ലഭ്യമാകാന്‍ അവസരം ഒരുക്കുക, സര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും വിവിധ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളായി മുഴുവന്‍ തൊഴിലാളികളെയും മാറ്റുക, തൊഴിലാളികളുടെ നേതൃത്വത്തെ പരിപോഷിപ്പിക്കുകയും സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ നയിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള അഞ്ച്‌ പ്രവര്‍ത്തന പദ്ധതികളുമായിട്ടാണ്‌ കെ.എല്‍.എം. മുന്നോട്ട്‌ പോകുന്നത്‌. തൊഴിലാളികളുടെ ശക്തീകരണത്തിന്‌ ഫലപ്രദമായ ഒരു പ്രവര്‍ത്തനമാണ്‌ തൊഴിലാളി സ്വയം സഹായ സംഘടനകളുടെ രൂപീകരണം. ഇതിന്റെ തുടര്‍ച്ചയായി തൊഴിലാളി ഫോറങ്ങള്‍ രൂപപ്പെടുത്തണം. വിവിധ തലങ്ങളില്‍ ഇടവക പ്രവര്‍ത്തനങ്ങളുടെ കോ-ഓഡിനേഷന്‌ വേണ്ടിയുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. എല്ലാ രൂപതകളിലും തൊഴിലാളി നേതൃത്വം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. രൂപതാ സാമൂഹികപ്രവര്‍ത്തന സംവിധാനങ്ങള്‍ വഴിയായിട്ടാണ്‌ സാധാരണയായി കെ.എല്‍.എം പ്രവര്‍ത്തിച്ചു വരുന്നത്‌. ഇന്ന്‌ എല്ലാ ഇടവകകളിലും തന്നെ സ്വയം സഹായസംഘങ്ങള്‍, ക്രെഡിറ്റ്‌ യൂണിറ്റുകള്‍ മുതലായവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. ഈ സംഘങ്ങളിലുള്ള തൊഴിലാളികളുടെ ഏകോപനം വിവിധ തൊഴിലാളി ഫോറങ്ങള്‍ വഴി നടത്തപ്പെടണം. എല്ലാ തൊഴിലാളുകളെയും സംഘടിതരാക്കണം. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചില്‍പ്പരം തൊഴിലാളി ക്ഷേമപദ്ധതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. എല്ലാ തൊഴിലാളികളെയും ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കുവാന്‍ നാം ശ്രദ്ധിക്കണം. ആദ്യമായി ഈ രംഗത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളെപ്പറ്റി അറിവുണ്ടാവുക അത്യാവശ്യമാണ്‌. ക്ഷേമനിധികളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്‌ ഒരു കൊച്ചുപുസ്തകം കെ.എല്‍.എം അടുത്തയിടെ പുറത്തിറക്കിയിട്ടുണ്ട്‌. ജെ.ബി.വൈ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്‌ ഇന്‍ഷ്വൂറന്‍സ്്‌ പദ്ധതിയില്‍ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും അംഗങ്ങളാകുവാന്‍ കഴിയും. ജീവന്‍, മധൂര്‍ പോലെയുള്ള ഇന്‍ഷ്വൂറന്‍സ്‌ വഴിയുള്ള പണം ശേഖരിക്കാനും, കാലക്രമോണ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനും വേണ്ട ഒത്താശകള്‍ ചെയ്യാന്‍ കെ.എല്‍.എം പരിശ്രമിച്ചുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ്‌ രോഗീ ചികിത്സയ്ക്ക്‌ സഹായം ലഭിക്കുന്ന മെഡിക്ലെയിം ഇന്‍ഷ്വുറന്‍സ്‌ പദ്ദതികള്‍. എല്ലാ തൊഴിലാളികളും മെഡിക്ലെയിം ഇന്‍ഷ്വുറന്‍സില്‍ അംഗങ്ങളാവണം. ഇതിനായി ഒട്ടുമിക്ക രൂപതകളിലെയും സാമൂഹിക സേവന വിഭാഗത്തിന്റെ കീഴില്‍ ഇന്‍ഷ്വുറന്‍സ്‌ സംബന്ധിയായ കാര്യങ്ങള്‍ ചെയ്തവരുന്നുണ്ട്‌. അത്‌ എല്ലാ തൊഴിലാളികളിലേയ്ക്കും വ്യാപിപ്പിക്കാന്‍ രൂപതാ കെ.എല്‍.എം ഘടകങ്ങള്‍ നേതൃത്വം നല്‍കണം. തൊഴിലാളികളുടെ ക്ഷേമനിധി പ്രവേശനം, ഇന്‍ഷ്വുറന്‍സ്‌ സംബന്ധിയായ കാര്യങ്ങള്‍ എന്നിവയ്ക്ക്‌ വേണ്ട ഉവദേശവും നേതൃത്വവും കെ.എല്‍.എം നല്‍കുന്നതാണ്‌. തൊഴില്‍ അന്വേഷകരെയും തൊഴില്‍ സ്ഥാപനങ്ങളെയും രജിസ്റ്റര്‍ ചെയ്യുന്ന കേരള ലേബര്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളും കെ.എല്‍.എം നടത്തുന്നുണ്ട്‌. അതും എല്ലാ രൂപതകളിലേക്കും ഇപ്പോള്‍തന്നെ ഇതിലേയ്ക്കായി മൂന്ന്‌ വെബ്സൈറ്റുകള്‍ (www.keralalabour.org, www.medicarrier.in, www.jobtech.in) കെ.എല്‍.എം. തയ്യാറാക്കി നടത്തിവരുന്നുണ്ട്‌. ജോലി തേടുന്നവരെയും ജോലി തരാന്‍ സാധ്യതയുള്ളവരെയും ഒരേ വേദിയില്‍ കൊണ്ടുവരുന്ന ഒരു പ്രസ്ഥാനമാണ്‌ ഈ സൈറ്റുകള്‍. ജോലി അന്വേഷിച്ച്‌ വിവിധ സ്ഥലങ്ങളില്‍ പോകുമ്പോഴുണ്ടാവുന്ന സമയനഷ്ടവും പണനഷ്ടവും എല്ലാം ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. രൂപതാ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റികളും കെ.എല്‍.എമ്മും ഇക്കാര്യത്തില്‍ പ്രത്യേകം താത്പര്യമെടുക്കണം. തൊഴില്‍ സാമ്പത്തിക രംഗങ്ങളില്‍ വന്‍ പ്രതിസന്ധികളുടെ കാര്‍മേഘം ഉരുണ്ടുകൂടി വരുന്ന ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ശക്തീകരണത്തിന്‌ ഉപയുക്തമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ എല്ലാ ഇടവകകളിലും സ്ഥാപിക്കപ്പെടണം. ഒരു പക്ഷേ പുതിയൊരു പ്രസ്ഥാനം തുടങ്ങുന്നതിനു പകരം നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതു ചെയ്യുകയാവും കരണീയവും എളുപ്പവും. അതുപോലെ തന്നെ പെട്ടെന്നുള്ള ഫലങ്ങള്‍ ഇതില്‍നിന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്‌. തൊഴില്‍ ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുള്ള പങ്കു ചേരലാണ്‌. ഏതു തരത്തിലും തലത്തിലുമുള്ള തൊഴിലും മാന്യതയുള്ളതാണ്‌ എന്ന്‌ നാം മനസ്സിലാക്കണം. അതുപോലെ ഏതുതരം തൊഴില്‍ ചെയ്യുന്നവരും മാന്യതയും അംഗീകാരവും അര്‍ഹിക്കുന്നവരാണ്‌ എന്ന കാര്യവും നാം അനുസ്മരിക്കണം. മലയാളിയുടെ ദുരഭിനമാനബോധമാണ്‌ നമുക്ക്‌ പലതിനും തടസ്സമായി നില്‍ക്കുന്നത്‌ എന്നതൊരു വസ്തുതയാണ്‌. വെള്ളക്കോളര്‍ ജോലിമാത്രം ജോലിയായി കണക്കാക്കുന്ന ഒരു ജനതയ്ക്ക്‌ പുരോഗതി ഉണ്ടാവുക എളുപ്പമല്ല. അതുപോലെ തന്നെ എന്തിനും ഏതിനും സമരം, ബന്ദ്‌ മുതലായവ ചെയ്യുന്നതും അതുവഴി ഉല്‍പാദനം തടസ്സപ്പെടുത്തുന്നതും ശരിയായ ഒരു പ്രവണതയല്ല. ഒരു പരിധി വരെ ജോലിയെടുക്കാതെ പണം സമ്പാദിക്കുന്നതിനുള്ള തൃഷ്ണതയാണ്‌ ഇത്തരം പ്രവണതകള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ പറയേണ്ടിയിരിക്കുന്നു. അതൊരിക്കലും നമ്മെ പുരോഗതിയിലേക്ക്‌ നയിക്കുകയില്ല. തീക്ഷ്ണമതിയായ വി. പൗലോസ്‌ അപ്പസ്തോലന്റെ വര്‍ഷാചരണത്തിന്റെ ഇടയിലാണ്‌ 2009 ലെ മെയ്‌ ദിനം കടന്നു വരുന്നത്‌. അലസത കൂടാതെ അദ്ധ്വാനിക്കാനുള്ള ആഹ്വാനമാണ്‌ വി. പൗലോസ്‌ നമുക്ക്‌ നല്‍കുന്നത്‌. തന്നെ അനുകരിക്കേണ്ടത്‌ എങ്ങിനെയെന്ന്‌ വി. പൗലോസ്‌ ശ്ലീഹ പഠിപ്പിക്കുന്നുണ്ട്‌. ആരില്‍ നിന്നും ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല. മറിച്ച്‌ ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപ്പകല്‍ കഷ്ടപ്പെട്ട്‌ കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ക്ക്‌ അവകാശം ഇല്ലാഞ്ഞിട്ടല്ല, പ്രത്യുത അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്ക്‌ നല്‍കുവാനാണ്‌ ഇങ്ങനെ ചെയ്തത്‌ (2 തെസ. 3: 7-9). നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള അസംഘടിത തൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ പുതിയ കാഴ്ചപ്പാടും പുതിയ മനോഭാവവും പുതിയ പ്രവര്‍ത്തന ശൈലിയും സ്വാംശീകരിക്കാന്‍ നാം തയ്യാറാവുമെന്ന്‌ ഈ മെയ്‌ ദിനത്തില്‍ നമുക്ക്‌ പ്രതിജ്ഞയെടുക്കാം. ഒന്നിച്ചു നിന്ന്‌ വികസനത്തിനും നന്മയ്ക്കുമായി നമുക്ക്‌ മുന്നേറാം. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍ (ഗല. 6:2) എന്ന അപ്പസ്തോല വചനങ്ങള്‍ നമുക്ക്‌ ഓര്‍ക്കാം. കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഒരിക്കല്‍കൂടി എല്ലാവര്‍ക്കും മേയ്‌ ദിനാശംസകള്‍ നേരുന്നു.