Saturday, May 30, 2009

ക്രൈസ്തവരുടെ ആശങ്ക ഇല്ലാതാക്കാന്‍ നടപടിയെടുക്കുമോ? -റവ. ഡോ. മാണി പുതിയിടം

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കുണ്ടായ ആശങ്ക ഇല്ലാതാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ നിശ്ചയിച്ചതായി പത്രവാര്‍ത്ത കണ്ടു. പാര്‍ട്ടിപത്രമായതിനാല്‍ വാര്‍ത്ത അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ പൊതുവില്‍ എല്‍.ഡി.എഫിനെതിരായ നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റോമന്‍ കത്തോലിക്കാസഭ വിമോചന സമരകാലത്തെ തീക്ഷ്ണതയോടെയാണു തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ക്രിസ്ത്യന്‍ മതവിഭാഗത്തിന്‌ ചില ആശങ്കകളുണ്ട്‌; അതില്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. ഈ തിരിച്ചറിവ്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ ആശങ്കകള്‍ നീക്കാന്‍ എന്തൊക്കെയാണാവോ ചെയ്യാന്‍ പോവുന്നത്‌ എന്നതിനെക്കുറിച്ച്‌ സൂചനയൊന്നുമില്ല.വിമോചന സമരകാലത്തെ തീക്ഷ്ണതയോടെയാണ്‌ റോമന്‍ കത്തോലിക്കാസഭ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നു കാണുന്നതില്‍ തെറ്റില്ല. അതിനു കാരണക്കാര്‍ പാര്‍ട്ടിനേതാക്കള്‍ തന്നെയായിരുന്നില്ലേ. ഞങ്ങള്‍ 57-ന്റെ തുടര്‍ച്ചയാണെന്ന്‌ എത്രയോ പ്രാവശ്യം വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചു! അപ്പോള്‍ 57-ന്റെ മനോഭാവം റോമന്‍ കത്തോലിക്കാസഭയും വീണെ്ടടുക്കാന്‍ ശ്രമിച്ചതു തെറ്റാവുകയില്ലല്ലോ. 57-നുശേഷം എത്രയോ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ കേരളം ഭരിച്ചു! അന്നൊന്നും റോമന്‍ കത്തോലിക്കാസഭ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. നേരെ മറിച്ച്‌ ഒരു മുഖ്യമന്ത്രി പലപ്പോഴും ബിഷഫൗസുകള്‍ സന്ദര്‍ശിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും എടോ ഈ ബിഷപ്പുമാരൊക്കെ നല്ല മനുഷ്യരാണെടോയെന്ന്‌ സഹപ്രവര്‍ത്തകരോടു സസന്തോഷം പറയുകയും ചെയ്തതോര്‍ക്കുന്നു. ഒരു ബിഷപ്പിനു പ്രമേഹത്തിനുള്ള മരുന്നുവരെ ഉപദേശിച്ചുകൊടുത്തത്‌ അദ്ദേഹമായിരുന്നു. അദ്ദേഹം റോമില്‍ ചെന്ന്‌, മാര്‍പാപ്പയെ കണ്ട്‌, അദ്ദേഹത്തിനു ലഭിച്ച ജപമാല ആദരവോടെ സ്വീകരിച്ചതിനൊന്നും ഒരു പ്രത്യയശാസ്ത്രവും എതിരുനിന്നില്ല. അദ്ദേഹത്തില്‍ തിളങ്ങിയതു മനുഷ്യത്വമായിരുന്നു.ജനം നിയതമായി തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ ആദരിക്കാനും അനുസരിക്കാനുമാണു സഭ പഠിപ്പിക്കുന്നതും പഠിപ്പിച്ചിട്ടുള്ളതും. എല്ലാ അധികാരവും ദൈവത്തില്‍നിന്നാണെന്നുള്ള വിശ്വാസമാണ്‌ അതിനു പിന്നിലുള്ളത്‌. എന്നാല്‍, തൊണ്ണൂറ്റൊന്‍പതു ശതമാനവും ദൈവവിശ്വാസികളായ നാട്ടില്‍ ദൈവമില്ലായെന്നു പരസ്യമായി പറയുന്ന മന്ത്രിയേയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ ശകാരിക്കുന്ന ചിന്താഗതികളെയുമൊക്കെ സമൂഹം അംഗീകരിക്കുമെന്ന്‌ കരുതാനാവില്ല.ഭരണഘടനയെയും കോടതി വിധികളെയും കാറ്റില്‍ പറത്തുകയും ചീഫ്‌ ജസ്റ്റീസുമാരെയൊക്കെ ജനകീയ വിചാരണ നടത്തി പ്രതീകാത്മകമായി നാടുകടത്തുകയും ജീവിക്കാന്‍ പറ്റാത്ത സാമൂഹ്യാവസ്ഥ സൃഷ്ടിച്ച്‌ സ്ഥാപനങ്ങളെ തല്ലിത്തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നിടത്ത്‌ സമാധാനപ്രിയര്‍ മറിച്ചു ചിന്തിച്ചെന്നു വരും.സഭ സാമൂഹ്യരംഗത്തും രാഷ്ട്ര നിര്‍മാണ രംഗത്തും സ്വതന്ത്ര സംഘടനയെന്ന നിലയില്‍ ചെയ്യുന്ന എണ്ണമറ്റ പ്രവര്‍ത്തനങ്ങളെ തമസ്കരിച്ച്‌ വിദ്യാഭ്യാസക്കച്ചവടക്കാരും കരിഞ്ചന്തക്കാരുമായി സഭാ നേതാക്കളെ ചിത്രീകരിച്ചു കരിതേച്ചു കാണിക്കുന്നതിനോട്‌ എല്ലാക്കാലത്തും സഹിഷ്ണുത കാണിച്ചുവെന്നു വരുകയില്ല. കത്തോലിക്കാസഭയും സമര്‍പ്പിതരും എന്തു ചെയ്യുന്നുവെന്ന്‌ അറിയാത്തവരല്ല കേരള ജനത. അധികാരിയില്‍നിന്ന്‌ ഒരു സ്ഥലംമാറ്റ ഉത്തരവു കിട്ടിയാല്‍ കാലിലെ പൊടിപോലും തട്ടിയിട്ടു അടുത്ത ശുശ്രൂഷാരംഗത്ത്‌ ആത്മാര്‍ഥതയോടെ പ്രവേശിക്കുന്നവരാണ്‌ കത്തോലിക്കാ വൈദികരും സന്യസ്ഥരും. അവരെയൊക്കെ അഴിമതിക്കാരാക്കി സമൂഹമധ്യത്തില്‍ അവതരിപ്പിച്ചാല്‍ കേരളജനം വിശ്വസിക്കുമെന്നു കരുതേണ്ട.നാല്‍പതിനായിരത്തോളം കത്തോലിക്കാ സന്യാസിനികള്‍ കേരളത്തില്‍ ജനസേവനം നടത്തുന്നുണ്ട്‌. അവരെല്ലാം പൊതുസമൂഹത്തിനു സേവനം ചെയ്യുന്നവരാണ്‌. അനാഥാലയങ്ങള്‍ തൊട്ട്‌ കുഷ്ഠരോഗികളെയും എയ്ഡ്സ്‌ രോഗികളെയും ശുശ്രൂഷിക്കുന്ന സ്ഥാപനങ്ങള്‍വരെ അവര്‍ നടത്തുന്നു. അവര്‍ ഒരു പബ്ലിസിറ്റിയും പ്രതിഫലവും പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്യുന്നത്‌. അവര്‍ക്കതിനുള്ള പ്രേരകശക്തി അവരുടെ വിശ്വാസമാണ്‌. കേരളം ആത്മഹത്യാ മുനമ്പാണെന്നു പറയേണ്ടതില്ലല്ലോ. സന്യാസാര്‍ഥിനികളായി വരുന്നവരിലും ചിലപ്പോള്‍ ആത്മഹത്യാ പ്രവണതയുണ്ടാവും. അങ്ങനെയുണ്ടാവുന്ന സാഹചര്യങ്ങളെ മുതലെടുക്കാന്‍ കോഴിക്കൂട്ടിലേക്ക്‌ ഉന്നം വയ്ക്കുന്ന കുറുക്കനെപ്പോലെ മന്ത്രിമാര്‍ വ്യാപരിച്ചാലെന്തു ചെയ്യും. ഒരു സന്യാസിനിയുടെ ആത്മഹത്യ ആഘോഷമാക്കാന്‍ ഒരു മന്ത്രി പെട്ടപാട്‌, അവളുടെ അപ്പനെയുംകൊണ്ട്‌ മുഖ്യമന്ത്രിയുടെ പക്കലെത്തി നഷ്ടപരിഹാരവും കൊടുപ്പിച്ചു, എഴുപതു വയസിലധികം പ്രായമുള്ള വൃദ്ധ സന്യാസിനികളെയൊക്കെ ലൈംഗികാപവാദത്തിനിരയാക്കാന്‍ കാണിച്ച ഉത്സാഹം-ഇതൊക്കെ കേരളജനത കണ്ടു. കൈയടികിട്ടുമെന്നാണു മന്ത്രി കരുതിയത്‌. അക്കൂട്ടത്തില്‍ സന്യാസസഭകളിലേക്ക്‌ അര്‍ഥിനികളെ വിട്ടാല്‍ അവരുടെ മാതാപിതാക്കളുടെ പേരില്‍ നടപടിയെടുക്കുമെന്നു പറയാന്‍ മാത്രം പാര്‍ട്ടിക്കാരെ കുത്തിനിറച്ച വനിതാ കമ്മീഷനും കൂടിയായപ്പോള്‍ ഭേഷായി.2006 മേയ്‌ 18-ന്‌ അധികാരമേറ്റ സര്‍ക്കാര്‍ ഒറ്റമാസം തികയുന്നതിനു മുമ്പേ ഭരണഘടനയെ ചോദ്യം ചെയ്യുന്ന സ്വാശ്രയ നിയമമുണ്ടാക്കി, സിംഗിള്‍ ബഞ്ചിലും ഡിവിഷന്‍ ബഞ്ചിലും സുപ്രീംകോടതിയിലും തോറ്റു തൊപ്പിയിട്ടു. അതിനു ചെലവായ തുക സര്‍ക്കാരിന്റെ നികുതിപ്പണമാണ്‌. ആവശ്യത്തിനു ഹോംവര്‍ക്കു ചെയ്യാതെയാണ്‌ നിയമം ഉണ്ടാക്കിയതെന്നു പിന്നീടു പരിഭവിച്ചിട്ടെന്തു കാര്യം. തോറ്റു കഴിഞ്ഞപ്പോള്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ പവ്വത്തില്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നാണ്‌ ആവലാതി. മാനേജ്മെന്റുകള്‍ വിവേകശൂന്യരെന്നു വിവേകമതിയായ മന്ത്രി! നിയമയുദ്ധം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കേരളത്തിലാണു പ്രവര്‍ത്തിക്കേണ്ടതെന്ന ഭീഷണി ഏറ്റെടുത്തു നശീകരണം നടത്തിയ കുട്ടിനേതാക്കള്‍!ഈശോയിലാണു വിശ്വാസം കീശയിലാണു ആശ്വാസം, രൂപതയെന്നാല്‍ രൂപാ താ എന്നൊക്കെ തട്ടിവിട്ടുകൊണ്ട്‌ പരിഹാസവര്‍ഷം. മേലധ്യക്ഷന്മാരെയൊക്കെ അതിവന്ദ്യമാരെന്നും നികൃഷ്ടരെന്നുമൊക്കെ വിളിച്ചപ്പോള്‍ തെരഞ്ഞെടുപ്പു വരുമെന്നോര്‍ത്തില്ലായിരുന്നോ? തിരുവാമ്പാടിയിലെ ചരമവാര്‍ഷികവും അതോടുചേര്‍ന്ന കോലാഹലങ്ങളും ആരുമറക്കും? അപ്പനെ ചീത്ത വിളിച്ചാല്‍ മക്കള്‍ അടങ്ങിയിരിക്കുമോ? അപ്പന്റെ ചെകിട്ടത്തടിച്ചാല്‍ നോക്കി നില്‍ക്കുമോ? ബിഷപ്പുമാര്‍ പറയുന്നതു വിശുദ്ധകള്ളം. വിശുദ്ധ കള്ളത്തിന്റെ വിചാരണയ്ക്കും കുട്ടി നേതാക്കള്‍ നാടുനീളെ. ബിഷപ്പുമാര്‍ വിളിച്ചിട്ടല്ല വിശ്വാസികള്‍ പാര്‍ട്ടിയില്‍ വന്നത്‌. അവര്‍ തിരിച്ചു വിളിച്ചാല്‍ വിശ്വാസികളെ കിട്ടില്ല. ഇടയലേഖനമൊന്നും വിലപ്പോവില്ല!- ആരോപണങ്ങളും അവകാശവാദങ്ങളും എന്തൊക്കെയായിരുന്നു! ഇപ്പഴോ?കത്തോലിക്കാ വൈദികരെ സാമൂഹ്യദ്രോഹികളും വെള്ളയടിച്ച കുഴിമാടങ്ങളും കരിഞ്ചന്തക്കാരും മുക്കാലിയില്‍ കെട്ടിയടിക്കപ്പെടേണ്ടവരും വഴിയില്‍ തടയപ്പെടേണ്ടവരുമൊക്കെയായി ചിത്രീകരിച്ചപ്പോള്‍ കേരളത്തിലെ പൊതുസമൂഹം അതു സമ്മതിച്ചു തരുമെന്നായിരിക്കും കരുതിയത്‌. കത്തോലിക്കാ വൈദികരും സന്യസ്ഥരും നടത്തുന്ന സ്ഥാപനങ്ങളില്‍ വെറും മുപ്പതു ശതമാനമേ സഭാമക്കളുള്ളൂ. ബാക്കി 70 ശതമാനം പൊതുസമൂഹത്തില്‍നിന്നുമാണ്‌. അവരൊക്കെ ളോഹയിട്ടവരെ ആദരിക്കുന്ന വിവിധ മതസ്ഥരാണെന്ന കാര്യം മറന്നുപോയി. കയ്യഫാസായിട്ടും സാന്‍ഹെദ്രീന്‍ സംഘമായിട്ടുമൊക്കെ മുദ്രകുത്തിയപ്പോള്‍ പൊതുജനവികാരമാണു വ്രണപ്പെട്ടത്‌.ഏതു വിദ്യാഭ്യാസ പ്രവര്‍ത്തകരോടു ചര്‍ച്ച ചെയ്തിട്ടാണ്‌ കെ.ഇ.ആര്‍ പരിഷ്കരണമുണ്ടാക്കിയത്‌? വിദ്യാഭ്യാസമന്ത്രി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അജന്‍ഡ നടപ്പാക്കുന്ന റബര്‍ സ്റ്റാമ്പാണോ എന്നു ചോദിച്ചാല്‍ തെറ്റുവരുമോ? പാഠപുസ്തകവിവാദം ഇളകി മറിഞ്ഞു. എന്നിട്ടോ, അതു പഠിക്കാനുള്ള സമിതിയും തഥൈവ! പുതിയ കമ്മിറ്റിയും അങ്ങനെതന്നെ. ഏകജാലകം ആദ്യമായി നടപ്പാക്കാന്‍ ശ്രമിച്ച വര്‍ഷം കാട്ടിയ കൃത്രിമത്വം എന്തായിരുന്നു! ഉള്ളിലൊന്നു വച്ചിട്ടു പുറമേ മറ്റൊന്നു പറയുന്നരീതി കുറെക്കാലം കഴിഞ്ഞെങ്കിലും മനുഷ്യന്‍ മനസിലാക്കും. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ലല്ലോ. പരീക്ഷാ ചോദ്യങ്ങളില്‍ പോലും ക്രൈസ്തവവിരുദ്ധത! ഒടുവിലിതാ ക്രൈസ്തവ വിവാഹത്തിന്റെ പരിശുദ്ധി തകര്‍ക്കുന്ന ക്രിസ്ത്യന്‍ വിവാഹനിയമനിര്‍ദേശം! ദയാവധവും ആത്മഹത്യയും ഔദാര്യപൂര്‍വം! ആത്മീയ സമൂഹങ്ങള്‍ ആര്‍ജിച്ചെടുത്ത സ്വത്തു കൈകാര്യം ചെയ്യാന്‍ ആരോടും ചോദിക്കാത്ത ട്രസ്റ്റു നിയമവും! ക്രൈസ്തവരുടെ ആശങ്ക നീക്കുമെന്നു പറയുന്നവര്‍ ചെയ്ത തെറ്റുകള്‍ തിരുത്തുമോ? വിദ്യാഭ്യാസരംഗത്തെ അനിയന്ത്രിത കടന്നുകയറ്റം അവസാനിപ്പിക്കുമോ? ഭൂരിപക്ഷത്തെ കൂട്ടുപിടിച്ച്‌ ന്യൂനപക്ഷത്തെ ഒതുക്കാമെന്ന വ്യാമോഹം ഉപേക്ഷിക്കുമോ? മന്ത്രിക്കസേരകളില്‍ നിന്നും ജനത്തിനു നേരേ ഉയരുന്ന ഭീഷണികള്‍ അവസാനിപ്പിക്കുമോ?