Monday, June 1, 2009

പുതിയ അധ്യയന വര്‍ഷം സമാധാനപരമായിരിക്കണം : ബിഷപ്‌ സ്റ്റാന്‍ലി റോമന്‍

പുതിയ അധ്യയന വര്‍ഷം ശാന്തവും സമാധാനപരവുമായിരിക്കണമെന്ന്‌ കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. അതിനായി വിദ്യാഭ്യാസ വകുപ്പ്മന്ത്രിയും, അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ മനസുവയ്ക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ അധ്യായന വര്‍ഷത്തേക്ക്‌ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു. കഴിഞ്ഞ അധ്യായനവര്‍ഷം കേരളത്തിലെ വിദ്യാഭ്യാസരംഗം ഏറെ കലാപ കലുഷിതമായിരുന്നെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏകജാലകത്തിലൂടെയുള്ള പ്ലസ്ടു പ്രവേശനം മുതല്‍ പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അര്‍ഹതയുണ്ടായിട്ടും പ്രവേശനം ലഭിക്കാതെ പോയത്‌. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ദൂരസ്ഥലങ്ങളില്‍ പ്രവേശനം ലഭിച്ചതു കാരണം പ്ലസ്ടു പ്രവേശനം സാധ്യമായില്ല. വേണ്ടത്ര ചര്‍ച്ചകളോ വിശകലനങ്ങളോ ഇല്ലാതെ പുതിയ പരിഷ്ക്കാരം ഏര്‍പ്പെടുത്തിയതിന്റെ ഫലമായിരുന്നു ഏകജാലക ദുരന്തം. വിദ്യാര്‍ത്ഥികളുടെ ഭാവിയെ പന്താടുന്ന ഇത്തരം പരിഷ്കരണങ്ങളില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ്‌ പിന്തിരിയണമെന്നും ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ പീഡനം എറ്റവുമധികം നേരിട്ടത്‌ കഴിഞ്ഞ അധ്യയന വര്‍ഷമായിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാതയില്‍ സംസ്ഥാനസര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നീങ്ങണമെന്നും ബിഷപ്‌ ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗം രാഷ്ട്രീയ വിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവരും കൂട്ടായി സഹകരിക്കണമെന്നും ബിഷപ്പ്‌ പറഞ്ഞു. യാതൊരു മൂല്യബോധവുമില്ലാതെ രാഷ്ട്രീയവത്കരിക്കുന്നതില്‍ എന്നും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ മുമ്പന്തിയിലാണ്‌. വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തകരാക്കി മാറ്റുന്നതിനാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്‌. സ്കൂളുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനം വേണ്ടെന്നും കുട്ടികള്‍ വിവേകമതികളാകുന്നതോടെ അവര്‍ സ്വന്തം രാഷ്ട്രീയം തെരഞ്ഞെടുക്കട്ടെ എന്നും ബിഷപ്പ്‌ പറഞ്ഞു. അത്തരം ചിന്തകള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യണമെന്നും ബിഷപ്പ്‌ സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. വിദ്യാര്‍ഥികളിലെ രാഷ്ട്രീയത്തേക്കാള്‍ കടുത്ത സ്വഭാവമുള്ളതാണ്‌ അധ്യാപകരാഷ്ട്രീയം. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്‌ ഏതറ്റം വരെ പോകാനും തയാറാവുന്ന അധ്യാപകര്‍ തങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക്‌ പകര്‍ന്നുകൊടുക്കുന്ന തെറ്റായ സന്ദേശത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും ബിഷപ്പ്‌ സ്റ്റാന്‍ലി റോമന്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മികവ്‌ ഉയര്‍ത്തുന്ന അന്തരീക്ഷം വിദ്യാഭ്യാസ മേഖലയില്‍ സംജാതമാകണം. പലപ്പോഴും കേരളത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ലഭിക്കുന്ന വിജയം തീര്‍ത്തും പരിമിതമാണ്‌. സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ജയിക്കുന്നവര്‍തന്നെ കേരളത്തിന്‌ പുറത്ത്‌ പരിശീലനം നേടിയവരാണ്‌. ഇത്‌ പരിഹരിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ഈ അധ്യയനവര്‍ഷം തന്നെ ആരംഭിക്കണമെന്നും ബിഷപ്‌ പറഞ്ഞു. വിദ്യാലയങ്ങളില്‍ നിന്നും റാഗിംഗ്‌ പൂര്‍ണ്ണമായും തുടച്ചു നീക്കുവാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആത്മാര്‍ത്ഥമായി സഹകരിക്കണം. ഒരു ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട വകുപ്പാണ്‌ വിദ്യാഭ്യാസം. ഭാവിതലമുറയെ കരുപ്പിടിപ്പിക്കുതിനും അവരെ മികച്ച വിദ്യാഭ്യാസവും മുല്യബോധവും നല്‍കി വിശ്വപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനുമുള്ള കടമ വിദ്യാഭ്യാസ വകുപ്പിനാണ്‌. അതിനായി പരിശ്രമിക്കാനുള്ള അവസരമായിട്ടു വേണം പുതിയ അധ്യയനവര്‍ഷത്തെ കാണാനെന്നും കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.