Sunday, May 17, 2009

ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ നിര്‍ണായകമായി

തെരഞ്ഞെടുപ്പില്‍ ഇടതു കോട്ടകള്‍ തകര്‍ന്നടിഞ്ഞ പ്പോള്‍ നിര്‍ണായകമായ ഘടകങ്ങളിലൊന്ന്‌ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ക്രൈസ്തവ സമൂഹത്തിനെതിരേ പ്രത്യക്ഷമായും പരോക്ഷമായും നടത്തി വന്നിരുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പു ഫലമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈസ്തവ സമൂഹത്തെയും മതമേലധ്യക്ഷന്‍മാരെയും പരസ്യമായി അവഹേളിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തവര്‍ക്ക്‌ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കിയെന്നു പറയാം. നികൃഷ്ടജീവി പ്രയോഗം മുതല്‍ മുറിവ്‌ സിഡി വരെ ക്രൈസ്തവ സമൂഹത്തെ മുറിവേല്‍പ്പിക്കുന്ന നടപടികളുടെയും നീക്കങ്ങളുടെയും പരമ്പര തന്നെയാണ്‌ ഇടതു സര്‍ക്കാരും സിപിഎമ്മും അഴിച്ചുവിട്ടത്‌. ഇതോടെ ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ ക്രൈസ്തവ സമൂഹം നിര്‍ബന്ധിതരായി തീരുകയായിരുന്നു. വിദ്യാഭ്യാസ രംഗത്ത്‌ ക്രൈസ്തവ സമൂഹം നല്‍കുന്ന സേവനങ്ങളെ താറടിച്ചു കാണിക്കാനും ക്രൈസ്തവ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുമുള്ള നീക്കങ്ങളും ഈ കാലയളവില്‍ ഉണ്ടായി. കിട്ടുന്ന അവസരങ്ങളിലെല്ലാം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായികമായ കടന്നാക്രമണം നടത്താനും ഇക്കൂട്ടര്‍ മടിച്ചില്ല. തിരുവല്ലയിലെ മാക്ഫാസ്റ്റ്‌ കോളജും അതുപോലെയുള്ള സ്ഥാപ നങ്ങളും അടിച്ചു തകര്‍ത്തത്‌ ജനങ്ങളുടെ മനസില്‍ ഇന്നും മായാത്ത മുറിവുകളാണ്‌. പാഠപുസ്തകങ്ങളില്‍ നിരീശ്വരവാദം കുത്തി നിറയ്ക്കാനും വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനും നടത്തിയ നീക്കങ്ങള്‍ക്കെതിരേ ക്രൈസ്തവ സഭ ശബ്ദമുയര്‍ത്തിയും ഇടതു സര്‍ക്കാരിന്റെ ശത്രുത വര്‍ധിക്കാന്‍ കാരണമായി. ക്രൈസ്തവമത നേതാക്കളെയും അംഗങ്ങളെയും തമ്മില്‍ അകറ്റാനുള്ള പല തന്ത്രങ്ങളും ഇതിനിടയില്‍ അവര്‍ പയറ്റുകയും ചെയ്തു. എന്നാല്‍, എല്ലാത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ ക്രൈസ്തവസമൂഹം മടിച്ചില്ലെന്നു ഇലക്ഷന്‍ ഫലം തെളിയിക്കുന്നു. വോട്ടെടുപ്പ്‌ ദിനം തന്നെ ഇതിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു. ക്രൈസ്തവ ശക്തി കേന്ദ്രങ്ങളിലെല്ലാം കനത്ത പോളിംഗ്‌ ആണ്‌ രേഖപ്പെടുത്തിയത്‌.ക്രൈസ്തവ സമൂഹത്തിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത്‌ നടന്ന മത്സരം സിപിഎം പ്രസ്റ്റീജ്‌ പോരാട്ടമായിട്ടാണ്‌ കണക്കിലെടുത്തിരുന്നത്‌. വ്യക്തിപ്രഭാവം കൊണ്ട്‌ ശ്രദ്ധേയനായ സുരേഷ്‌ കുറുപ്പിനെ വീണ്ടും രംഗത്തിറക്കിയതിനു പിന്നിലും ക്രൈസ്തവ സമൂഹത്തിന്റെ നിലപാടിനെ തരണം ചെയ്യുക എന്ന ലക്ഷ്യമുണ്ടായിരുന്നു.എന്നാല്‍, സുരേഷ്‌ കുറുപ്പ്‌ കഴിഞ്ഞ പ്രാവശ്യം നേടിയ ഭൂരിപക്ഷത്തെയും മറികടക്കുന്ന വമ്പന്‍ ജയം നേടിക്കൊണ്ട്‌ ജോസ്‌ കെ. മാണി കരുത്തു തെളിയിച്ചു. ഇവിടെ നിര്‍ണായകമായത്‌ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളാണെന്നു വ്യക്തം. സുരേഷ്‌ കുറിപ്പിനെ പലവട്ടം പാര്‍ലമെന്റിലേക്കു പറഞ്ഞു വിട്ടതില്‍ ക്രൈസ്തവരുടെ പങ്കും നിര്‍ണായകമായിരുന്നെന്ന്‌ ഇതോടെ എല്‍ഡിഎഫ്‌ മനസിലാക്കും. ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തിയതിലൂടെ ഇങ്ങനെ കിട്ടിയിരുന്ന വോട്ടുകള്‍ മുഴുവന്‍ എതിര്‍പക്ഷത്തേക്കു മറിയാന്‍ ഇടവരുത്തി. പത്തനംതിട്ട മണ്ഡലത്തില്‍ കണ്ടതും മറ്റൊന്നല്ല. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിലാണ്‌ ഇവിടെ ആന്റോ ആന്റണി ഇടതുപക്ഷ ത്തെ തറപറ്റിച്ചത്‌. ആലപ്പുഴയില്‍ ഇടതുപക്ഷത്തിനെ തിരേ തുറന്ന നിലപാടു തന്നെ പ്രഖ്യാപിച്ച ലത്തീന്‍കത്തോലിക്ക സമുദായത്തിന്റെ ശക്തി എത്രത്തോളമെന്നു സിപിഎം ഇപ്പോള്‍ തിരിച്ചറിയുന്നു. സിറ്റിംഗ്‌ എംപിയും ലത്തീന്‍ സമുദായാംഗവുമായ കെ.എസ്‌ മനോജിനെ രംഗത്തിറക്കിയിട്ടും ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്‌ കെ.സി വേണുഗോപാല്‍ ഇവിടെ വിജയം നേടിയത്‌. എറണാകുളത്ത്‌ നിരവധി പ്രതികൂലഘടകങ്ങള്‍ ഉണ്ടായിട്ടും കെ.വി തോമസിന്‌ വിജയം നേടിക്കൊടുത്തത്‌ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളാണെന്ന തു വ്യക്തമാണ്‌. അതുപോലെ തന്നെ തൃശൂരില്‍ പി.സി ചാക്കോയുടെ വിജയത്തിലും ഈ ഘടകം വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഇടുക്കിയാണ്‌ ക്രൈസ്തവ സമൂഹത്തിന്റെ വികാരം സര്‍ക്കാരിനെതിരേ പ്രതിഫലിച്ച മറ്റൊരു പ്രധാന മണ്ഡലം. പി.ടി തോമസിനെതിരേ ഫ്രാന്‍സിസ്‌ ജോര്‍ജിന്‌ ഇവിടെ കനത്ത പരാജയം നേരിടേണ്ടി വന്നെങ്കില്‍ അതിന്‌ ഒറ്റക്കാരണം അദ്ദേഹം ഇടതു ചേരിയിലായിപ്പോയി എന്നതുമാത്രമാണ്‌. വയനാട്‌ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്കു പിന്നില്‍ പോയപ്പോഴും ഒരു പ്രധാന ഘടകമായി ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ വര്‍ത്തിച്ചുവെന്നു കാണാം. കൊല്ലം, കോഴിക്കോട്‌, ചാലക്കുടി, തിരുവനന്തപുരം മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ഥികള്‍ പിന്തള്ളപ്പെട്ടതിനു പിന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ ശക്തമായ സ്വാധീനം ചെലുത്തി.