Sunday, May 17, 2009

തെരഞ്ഞെടുപ്പ്‌ ഫലം : സത്യത്തിന്റെയും ധാര്‍മ്മികതയുടെയും വിജയം ബിഷപ്‌ സ്റ്റാന്‍ലി റോമന്‍

കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ്‌ ഫലം സത്യത്തിന്റെയും ധാര്‍മ്മികതയുടെയും വിജയമാണെന്ന്‌ കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ പ്രസ്താവിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹം ഉത്തരവാദിത്വബോധത്തോടെ തങ്ങളുടെ അവകാശം നിര്‍വ്വഹിച്ചതില്‍ ബിഷപ്‌ സന്തോഷവും വിശ്വാസ സമൂഹത്തോട്‌ നന്ദിയും രേഖപ്പെടുത്തി. ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാര്‍ സഭാവിശ്വാസികള്‍ക്ക്‌ നല്‍കിയ ബോധവത്ക്കരണം തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ക്രൈസ്തവസമൂഹത്തെ ഇല്ലാതാക്കുവാന്‍ ശ്രമിച്ചവര്‍ക്ക്‌ ജനങ്ങള്‍ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ നല്‍കിയ തിരിച്ചടിയാണ്‌ പൊതുതെരഞ്ഞെടുപ്പ്‌ ഫലം. സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങള്‍ക്ക്‌ അതിന്റേതായ പ്രാധാന്യവും ബഹുമാനവും സഭാമക്കള്‍ നല്‍കുന്നുവെന്നതിന്‌ വ്യക്തമായ തെളിവാണ്‌ ക്രൈസ്തവ സമൂഹം താമസിക്കുന്ന സ്ഥലങ്ങളില്‍ പോളിംഗ്‌ ശതമാനം താരതമ്യേന കൂടിയതും തെരഞ്ഞെടുപ്പ്‌ ഫലം പ്രതിഫലിപ്പിക്കുന്നതും. കേരളം പ്രതീക്ഷിച്ച ഒരു തെരഞ്ഞെടുപ്പ്‌ ഫലം എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ. മൂന്നു വര്‍ഷത്തെ ഭരണത്തിലൂടെ ഇടതുപക്ഷം ചോദിച്ചു വാങ്ങിയ തെരഞ്ഞെടുപ്പ്‌ ഫലം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഭരണത്തിലേറിയതുമുതല്‍ ക്രൈസ്തവസമൂഹത്തോട്‌ വൈരാഗ്യ ബുദ്ധിയോടെ പ്രതികാരം ചെയ്യുന്നു എന്നു തോന്നിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ടായി. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയും സഭാപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമുണ്ടായി. വിദ്യാലയങ്ങളെ രാഷ്ട്രീയവത്കരിച്ച്‌ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിനു കാരണമായി. മതമില്ലാത്ത ജീവന്‍, എന്ന പാഠഭാഗം ഉള്‍പ്പെടുത്തി മാസങ്ങളോളം വിദ്യാഭ്യാസമേഖലയെ കപാലഭൂമിയാക്കി. ഏകജാലകത്തിലൂടെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഇല്ലാതാക്കി. മുറിവ്‌ എന്ന സിഡി പുറത്തിറക്കി മതവികാരം വ്രണപ്പെടുത്തി. നിയമപരിഷ്ക്കരണകമ്മീഷന്റെ ശിപാര്‍ശകള്‍ ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.പുഷ്പഗിരി മെഡിക്കല്‍ കോളജ്‌ അടിച്ചു തകര്‍ത്തത്‌ ഉള്‍പ്പെടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നിരവധി പ്രതികാര നടപടികളാണ്‌ ഇടതുപക്ഷ വിദ്യാര്‍ത്ഥിപ്രസ്ഥാനം നടത്തിയത്‌. അവരെ തടയുന്നതിനോ, അത്തരം പ്രവര്‍നങ്ങളെ അപലപിക്കുന്നതിനോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു ശ്രമവും നടത്തിയില്ല. ഇതെല്ലാം സഭാവിശ്വാസികളെ വേദനിപ്പിച്ചു. കേരളത്തിലെ ജനസംഖ്യയില്‍ 19 ശതമാനം വരുന്ന ക്രൈസ്തവരുടെ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഇതെല്ലാം സൂക്ഷ്മമായി വിചിന്തനം ചെയ്യുന്ന ജനങ്ങള്‍ തങ്ങളുടെ വികാരം സ്വാഭാവികമായും പ്രകടിപ്പിച്ചതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം ഇത്രയും ഏകപക്ഷീയമാകാന്‍ കാരണം. സ്വാഭാവികമായും ക്രൈസ്തവ സഭാ നേതൃത്വവും വിശ്വാസികളും ഇടതുഭരണത്തില്‍ ആശങ്കാകുലരായിരുന്നു. സഭാനേതൃത്വം തങ്ങളുടെ ആശങ്ക സഭാമക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിന്റെ സൂചകങ്ങള്‍ കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്‌ ഫലം. കേരളത്തിലെ ക്രൈസ്തവരെ പൂര്‍ണമായും അവഗണിച്ചുകൊണ്ടും ചവിട്ടിമെതിച്ചുകൊണ്ടും അധികാരാന്ധതയിലും ധാര്‍ഷ്ട്യത്തിലും ആര്‍ക്കും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന്‌ ബോധ്യപ്പെടുത്താനുള്ള ബാധ്യത ക്രൈസ്തവ സമൂഹത്തിനുണ്ട്‌. അതിനുള്ള പ്രബോധനങ്ങള്‍ നല്‍കാന്‍ സഭാനേതൃത്വത്തിന്‌ കടമയുണ്ട്‌. അതും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഈ തെരഞ്ഞെടുപ്പ്‌ ഫലം ഒരു സൂചകമാണ്‌. സഭാനേതൃത്വത്തിന്റെ വാക്കുകള്‍ക്ക്‌ സഭാമക്കള്‍ നല്‍കുന്ന പ്രാധാന്യത്തിന്റെയും ബഹുമാനത്തിന്റെയും സൂചകമാണിത്‌. സഭയുടെ കൂട്ടായ്മയാണിത്‌ കാണിക്കുന്നത്‌. സഭയ്ക്കെതിരെയുള്ള എത്ര വലിയ എതിര്‍പ്പുകളെയും കൂട്ടായ്മയിലൂടെ മറികടക്കാന്‍ ക്രൈസ്തവ സഭയ്ക്കു സാധിക്കും എന്നതിന്റെ സൂചകം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലം. ഈ സൂചകം അതിന്റേതായ അര്‍ത്ഥഗൗരവത്തില്‍ ഉള്‍ക്കൊള്ളാന്‍ ഭരണനേതൃത്വത്തിന്‌ സാധിക്കണം. സഭാസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ നിന്നും സഭാപിതാക്കന്മാരെയും പുരോഹിതരെയും സന്യസ്തരെയും അവഹേളിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട്‌ സാമുദായിക സൗഹാര്‍ദ്ദം നിലനിറുത്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മതന്യൂനപക്ഷങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. എല്ലാ തോല്‍വികളും ചില തെറ്റുകള്‍ തിരുന്നതിനും സ്വയം ആത്മപരിശോധന നടത്തുന്നതിനുമുള്ള അവസരമായി കാണണമെന്നും ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ അഭിപ്രായപ്പെട്ടു.