Saturday, July 4, 2009

അമിത ലാഭേച്ഛ മനുഷ്യ നന്മയ്ക്ക്‌ വിരുദ്ധം: മാര്‍ ക്ലീമിസ്‌ ബാവ

വര്‍ധിച്ച കമ്പോളവത്ക്കരണവും അമിത ലാഭേച്ഛയും മാനവരാശിയുടെ നന്മയ്ക്ക്‌ വിരുദ്ധമായ ഘടകങ്ങളാണെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. തിരുവല്ല മാര്‍ അത്തനേഷ്യസ്‌ കോളജ്‌ ഫോര്‍ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസും (മാക്ഫാസ്റ്റ്‌) തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച ‘രണ്ടാം ഹരിതവിപ്ലവം സാമൂഹ്യവും ധാര്‍മികവുമായ പ്രശ്നങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ സിംപോസിയം ബയോസ്പെ ക്ട്രം 2009 ല്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബാവ. കൊളോണിയല്‍ ശക്തികളെ ഇന്ന്‌ ഭയപ്പെടേണ്ടതില്ല. ജനാധിപ ത്യം സജീവമായി നിലനില്‍ക്കുന്നു. വിദ്യാഭ്യാസം കൂടുതലാളുകള്‍ക്ക്‌ ലഭ്യമാകുന്നു, മാധ്യമങ്ങള്‍ ജാഗ്രതയോടെ നിലകൊള്ളുന്നു, ശാസ്ത്രീയ നേട്ടങ്ങള്‍ കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും സ്വീകരിക്കാനാവുന്ന അവസ്ഥയുണ്ട്‌. എങ്കിലും ശാസ്ത്രത്തിന്റെ ഫലങ്ങള്‍ ജനങ്ങള്‍ക്ക്‌ മധുരതരമായി അനുഭവപ്പെടുന്നില്ല. മുറിവേല്‍പ്പിക്കുന്നതും അടിമത്വത്തിലേക്ക്‌ നയിക്കുന്നതുമായി അത്‌ മാറുന്നു. ദൈവിക ജ്ഞാനമാണ്‌ എല്ലാ കണ്ടുപിടുത്തങ്ങളിലൂടെയും പ്രകടമാകുന്നത്‌. എന്നാല്‍, നിക്ഷിപ്ത താല്‍പര്യങ്ങളും അത്യാഗ്രഹവും നമ്മുടെ പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നു. തലമുറകള്‍ക്കു വേണ്ടി കാത്തു സൂക്ഷിക്കേണ്ട ഭൂമിയെ ദുരുപയോഗിക്കുന്നു- കാതോലിക്കാ ബാവാ പറഞ്ഞു.രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രഫ.എം. രാധാകൃഷ്ണപിള്ള സിംപോസിയം ഉദ്ഘാടനം ചെയ്തു. മാക്ഫാസ്റ്റ്‌ പ്രിന്‍സിപ്പല്‍ റവ.ഡോ.എബ്രഹാം മുളമൂട്ടില്‍, ഡോ.സി.ബാലഗോപാലന്‍, ഡോ. പി.കെ എബ്രഹാം, ഡോ.സീഷ്‌ മുണ്ടയൂര്‍, ബിജു ധര്‍മപാലന്‍ എ ന്നിവര്‍ പ്രസംഗിച്ചു. ഡോ.പി. കെ.കെ നായര്‍ സ്മരണിക പ്രകാശനം ചെയ്തു. ശാസ്ത്രജ്ഞരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കുന്ന സിംപോസിയം നാളെ സമാപിക്കും.