Monday, July 13, 2009

അനുകരണീയമായ ജീവിത മാതൃകകള്‍ ആദരിക്കപ്പെടണം: ഡോ. സൂസപാക്യം

പൊതുജീവിതത്തില്‍ ധാര്‍മികതയും മൂല്യങ്ങളും സംരക്ഷിക്കുന്ന വ്യക്തികളുടെ അഭാവം ഏറെ ബാധിക്കുമെന്നും മൂല്യാധിഷ്ഠിത വ്യക്തിത്വങ്ങള്‍ വളരാന്‍ സാഹചര്യമൊരുക്കണമെന്നും ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം പറഞ്ഞു. വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കാന്‍ കെആര്‍എല്‍സിസി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുകരണീയമായ ജീവിതമാതൃകകള്‍ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും ബോധപൂര്‍വകമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഉദ്ബോധിച്ചു. സപ്തതി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ്‌ ഡാനിയല്‍ അച്ചാരുപറമ്പില്‍, കൊച്ചി ബിഷപ്പ്‌ ഡോ.ജോസഫ്‌ കരിയില്‍, പുനലൂര്‍ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കേരള ഹൈക്കോടതി ജഡ്ജി ജോസഫ്‌ ഫ്രാന്‍സിസ്‌, ആലപ്പുഴ ജില്ലാ കളക്ടര്‍ മിനി ആന്റണി ഐഎഎസ്‌, ലീഗല്‍ മെട്രോളജി വകുപ്പ്‌ സെക്രട്ടറി അനില്‍ സേവ്യര്‍ ഐഎഎസ്‌., കൊച്ചി യൂണിവേഴ്സിറ്റി പ്രോ-വൈസ്‌ ചാന്‍സലര്‍ ഡോ. ഗോഡ്ഫ്രെ ലൂയിസ്‌, മികച്ച നടനുള്ള സംസ്ഥാന സിനിമ അവാര്‍ഡ്‌ നേടിയ ലാല്‍ എന്നിവരെ സമ്മേളനം ആദരിച്ചു. ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഷാജി ജോര്‍ജ്‌ , പ്രഫ. എസ്‌. റെയ്മണ്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രസംഗിച്ചു.ബിഷപ്‌ ഡോ. വിന്‍സന്റ്‌ സാമുവല്‍, ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ബിഷപ്‌. ഡോ. ജോസഫ്‌ കാരിക്കശേരി, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ ക്യപ്റ്റന്‍ വി.ജെ സേവ്യര്‍, സിഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി കെ.എം ജോസഫ്‌ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്ന്‌ രാവിലെ ഏഴിന്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മെത്രാന്‍മാരും വൈദികരും പ്രതിനിധികളും വല്ലാര്‍പാടം തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിക്കും. തുടര്‍ന്ന്‌ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ സമൂഹ ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലി മധ്യേ ബിഷപ്പ്‌ ഡോ. ജോസഫ്‌ കരിയില്‍ പ്രസംഗിക്കും. ഉച്ചയ്ക്ക്‌ 12.30ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രഫ.കെ.വി തോമസ്‌ പങ്കെടുക്കും