കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വീണ്ടും പ്രശ്നകലുഷിതമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നേരെ പ്രതികാര ബുദ്ധിയോടെ നടപടികള്‍ കൈക്കൊള്ളാനും അങ്ങനെ തങ്ങളുടെ വരുതിയിലാക്കാനുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.സര്‍ക്കാരും കാലിക്കറ്റ് സര്‍വകലാശാലയിലെ സിപിഎമ്മിനു ഭൂരിപക്ഷമുള്ള സിന്‍ഡിക്കറ്റും ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളുടെ അംഗീകാരം എടുത്തുകളഞ്ഞത് ഈ നടപടികളുടെ തുടര്‍ച്ചയാണ്. അതുപോലെ വളരെ പ്രസിദ്ധമായ പാലാ എന്‍ജിനിയറിംഗ് കോളജിന്റെ അഫിലിയേഷനും എടുത്തുകളഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയത്തിനു പിന്നില്‍ ചില സമുദായങ്ങള്‍ക്കും പങ്കുണെ്ടന്നതിന്റെ പേരില്‍ ആ സമുദായങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി ചെറുത്തു തോല്‍പ്പിക്കുമെന്ന് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.