അഭയാ കേസില്‍ സിബിഐയും ഫോറന്‍സിക് ലാബ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. മാലിനിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ഹൈക്കോടതി ജഡ്ജി കെ.ഹേമയുടെ പരാമര്‍ശം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ കുറ്റവാളികളെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരുടെ പേരില്‍ കുറ്റം കെട്ടിവെച്ച് എത്രയും പെട്ടെന്ന് കേസ് തെളിയിച്ചു എന്നവകാശപ്പെടാനുള്ള വ്യഗ്രതയല്ലാതെ മറ്റൊന്നും ഇതുവരെയുള്ള സിബിഐയുടെ നടപടികളില്‍ കാണുന്നില്ല. എന്നാല്‍, സിബിഐ ഇതിനു സ്വീകരിക്കുന്ന എല്ലാ മാര്‍ഗങ്ങളും കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമാകുകയാണ്. ഇനിയെങ്കിലും ഇത്തരം സ്വയം പരിഹാസ്യമാകുന്ന അന്വേഷണത്തില്‍ നിന്നു പിന്മാറി സ്വാര്‍ഥലക്ഷ്യത്തോടെയല്ലാതെ അഭയാ കേസിനെ സിബിഐ സമീപിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. നാര്‍കോ അനാലിസിസ് സിഡിയില്‍ കൃത്രിമം നടത്തിയത് സിബിഐ ആണെന്ന് ജസ്റ്റീസ് രാംകുമാര്‍ പറഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരുന്ന സിബിഐ തന്റെ ജാമ്യവിധിന്യായത്തില്‍ ഡോ. മാലിനിയെ സംശയിക്കുന്നതായി പറഞ്ഞപ്പോള്‍ ആ പരാമര്‍ശം നീക്കിക്കിട്ടുന്നതിനായി സുപ്രീംകോടതിയെ സമീപിച്ചതിനെയും ജസ്റ്റീസ് ഹേമ വിമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം വെളിവാക്കുന്നത് ചില ഗൂഢലക്ഷ്യത്തോടെയാണ് ഇക്കാലമത്രയും സിബിഐ പ്രവര്‍ത്തിച്ചതെന്നാണ്. ഇത്തരത്തില്‍ തെറ്റായ അന്വേഷണ രീതികളില്‍ നിന്നും മാധ്യമങ്ങളിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രമത്തില്‍ നിന്നും സിബിഐ പിന്മാറണമെന്നും കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.