Saturday, July 18, 2009

അര്‍ഹമായതു കവര്‍ന്നെടുക്കുന്നത്‌ സാമൂഹ്യനീതിയല്ല: മാര്‍ ജോസഫ്‌ പവ്വത്തില്‍

സത്യം എപ്പോഴെങ്കിലും പുറത്തുവരാതിരിക്കില്ല എന്നതാണു സാമാന്യതത്വം. ഇത്രനാളും സാമൂഹ്യപ്രതിബദ്ധതയുടെ ലക്ഷ്മണരേഖയെന്നു കരുതിയ 50:50 ഇപ്പോള്‍ വെറും അഭ്യാസം മാത്രമായിരുന്നെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. ഈയിടെ ഒരു സമുന്നത നേതാവുതന്നെ ന്യൂനപക്ഷങ്ങള്‍ക്കു നൂറുശതമാനം സീറ്റും അവകാശപ്പെട്ടതാണെന്നും ഇതില്‍നിന്നും കുറെ പിടിച്ചെടുക്കാനാണ്‌ ധാരണയ്ക്കുവേണ്ടി ശ്രമിക്കുന്നതെന്നും ഏറ്റുപറഞ്ഞതു ശ്രദ്ധേയമാണ്‌. ഇപ്പോള്‍ കരാറുകാര്‍ തന്നെ 60-70 ശതമാനം നേടിക്കഴിഞ്ഞെന്നാണ്‌ പത്രവാര്‍ത്ത. യാഥാര്‍ഥ്യബോധമില്ലാതെ മുദ്രാവാക്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിസംഘടനകളും മറ്റും ഇതിനെ എപ്പോഴും എതിര്‍ക്കുന്നത്‌ സ്വാഭാവികം. അവര്‍ പ്രത്യയശാസ്ത്രത്തിന്റെ സാങ്കല്‍പിക ലോകത്തിലാണല്ലോ ജീവിക്കുക!! ന്യൂനപക്ഷാവകാശം പരിമിതപ്പെടുത്താനുള്ളതല്ലനേതാവിന്റെ പ്രഖ്യാപനത്തോടു ചേര്‍ത്തു ചില കാര്യങ്ങള്‍ നാം മനസിലാക്കേണ്ടതുണ്ട്‌. രാഷ്ട്രീയക്കാര്‍ പലപ്പോഴും മറന്നു പോകുന്ന കാര്യങ്ങളാണവ. എന്നാല്‍, ഇവിടത്തെ കോടതികള്‍ പലപ്പോഴും അവ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ഭരണഘടനാ രൂപീകരണഘട്ടത്തോട്‌ അടുത്ത കാലങ്ങളില്‍ ഉണ്ടായ ചില കോടതിവിധികള്‍ പ്രത്യേകം ശ്രദ്ധേയമെന്നു പറയാതെ വയ്യ. സുപ്രസിദ്ധമായ സെന്റ്‌ സേവ്യേഴ്സ്‌ കോളജ്‌ കേസിലെ വിധിതീര്‍പ്പ്‌ ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്‌. പ്രസ്തുത കോളേജ്‌ ഒരു എയ്ഡഡ്‌ കോളേജ്‌ ആണെകാര്യവും ഓര്‍മിക്കുന്നതു നന്ന്‌. പ്രസ്തുത വിധിയില്‍ ജസ്റ്റിസ്‌ ഖാന്ന ഖണ്ഡിതമായി പറഞ്ഞുവച്ച കാര്യം ഈ ഭരണഘടന നിലവിലിരിക്കുന്നിടത്തോളംകാലം ന്യൂനപക്ഷാവകാശത്തെ വെട്ടിക്കുറയ്ക്കാന്‍ ആരും ശ്രമിക്കരുതെന്നാണ്‌. ആരെങ്കിലും അതിനു ശ്രമിച്ചാല്‍ അത്‌ ഒരു വാഗ്ദാനലംഘനമായിരിക്കും, കോടതികള്‍ അതു തള്ളിക്കളയുകയും ചെയ്യും എന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌.
(As long as the Constitution stands as it is today, no tampering with those rights can be countenanced. Any attempt to do so would be not only an act of breach of faith, it will be constitutionally impermissible and liable to be struck down by the Courts" (para. 79).
ന്യൂനപക്ഷാവകാശങ്ങള്‍ എന്തൊക്കെയാണെന്നു കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിദ്യാര്‍ഥി പ്രവേശനം, അധ്യാപക നിയമനം, ഗവേണിംഗ്‌ ബോഡി രൂപീകരണം, ഫീസ്ഘടന നിര്‍ണയിക്കുക, ശിക്ഷണം പാലിക്കുക, തുടങ്ങിയവയാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതിലേതെങ്കിലും കൈയടക്കാനായി സര്‍ക്കാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണു കോടതി വിധികള്‍ ചൂണ്ടിക്കാട്ടുന്നത്‌. ന്യായമായ നിയന്ത്രണങ്ങളാകാം, എന്നാല്‍ അതിന്റെ പേരില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പറ്റില്ല എന്നാണ്‌ 1957ലെ കേരള വിദ്യാഭ്യാസ ബില്ലിനെക്കുറിച്ചുതന്നെ കോടതി പറഞ്ഞുവച്ചത്‌:”
That did not, however, mean that state legislature could, in the exercise of its powers of legislation under arts. 245 and 246 of the Constitution override the fundamental rights by employing indirect methods, for what it had no power to do directly, it could not do indirectly" (quoted in para. 95). ആ കോടതിവിധിതന്നെ തുടര്‍ന്ന്‌ വ്യക്തമാക്കിയത്‌ ഒരു വിദ്യാലയത്തിന്‌ അംഗീകാരം നല്‍കുന്നതിന്‌ ന്യൂനപക്ഷാവകാശം അടിയറവയ്ക്കേണ്ടിവരുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ വയ്ക്കുന്നത്‌ മൗലികാവകാശ നിഷേധമാണെന്നായിരുന്നു
(ibid 96).വാസ്തവത്തില്‍ 1957ലെ സര്‍ക്കാര്‍ ചെയ്തതുപോലെ പരോക്ഷമായി മാനേജുമെന്റുകളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും അവകാശം അടിയറവയ്പ്പിക്കാനാണ്‌ ഇന്നത്തെ സര്‍ക്കാരും ധാരണയുണ്ടാക്കാന്‍ എന്നപേരില്‍ ശ്രമിക്കുന്നത്‌. 1959ലെ വിധിയില്‍ ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്ന്‌ ആവര്‍ത്തിച്ചു കോടതി പ്രഖ്യാപിച്ചുവെന്നതാണ്‌ വസ്തുത.രാഷ്ട്രീയാധികാരം അവകാശ നിഷേധത്തിനല്ല ഉപയോഗിക്കേണ്ടത്ജസ്റ്റീസ്‌ കെ.കെ മാത്യുവും ഇങ്ങനെ പരോക്ഷമായി മൗലികാവകാശം കവര്‍ന്നെടുക്കാനുള്ള സര്‍ക്കാരുകളുടെ നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു (para. 184189). അദ്ദേഹവും കേരള വിദ്യാഭ്യാസ ബില്ലിലെ വിധിതീര്‍പ്പ്‌ ഉദ്ധരിക്കുന്നുണ്ട്‌. പ്രസ്തുതവിധിയില്‍ ചീഫ്‌ ജസ്റ്റീസ്‌ പറഞ്ഞത്‌ ഇന്ന്‌ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സഹായം കൂടാതെ നടത്താന്‍ സാധിക്കില്ല എന്നും ആ സഹായത്തിനു ന്യൂനപക്ഷാവകാശം ബലികഴിക്കേണ്ടിവരുന്നത്‌ ശരിയല്ലെന്നുമായിരുന്നു (ref.187188).
ജനാധിപത്യ സംവിധാനം അവകാശങ്ങള്‍ നിഷേധിക്കാനല്ല, സംരക്ഷിക്കാനുള്ളതാണ്‌. വ്യക്തികളുടെയും കീഴ്ഘടകങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെയാണ്‌ ജനാധിപത്യ സമ്പ്രദായം ശക്തമാകുന്നത്‌. സര്‍ക്കാരിന്റെ വിഭവശേഷിയും അധികാരശക്തിയും ഉപയോഗിച്ച്‌ ചിലരുടെയെങ്കിലും അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയും. പക്ഷേ, അത്രത്തോളം ജനാധിപത്യം കുരുതി കഴിക്കപ്പെടുകയാണെന്നോര്‍ക്കണം.ന്യൂനപക്ഷാവകാശങ്ങള്‍ ഔദാര്യപൂര്‍വം വ്യാഖ്യാനിക്കപ്പെടണംസെന്റ്‌ സേവ്യേഴ്സ്‌ കോളേജ്‌ കേസില്‍ ജസ്റ്റിസ്‌ ഖാന്ന പറഞ്ഞ ഒരു കാര്യം നിയമനിര്‍മാതാക്കളും കോടതിതന്നെയും ഓര്‍മയില്‍ വയ്ക്കേണ്ടതാണ്‌. അദ്ദേഹം ആദ്യമേ ചൂണ്ടിക്കാട്ടുന്നത്‌ ഭരണഘടന രൂപപ്പെടുത്തിയവര്‍ ന്യൂനപക്ഷാവകാശത്തോട്‌ ഒരു ഔദാര്യപൂര്‍വമായ സമീപനം സ്വീകരിച്ചു എന്ന കാര്യമാണ്‌ (ibid para. 104).ജാഗ്രതയുള്ള ന്യൂനപക്ഷങ്ങള്‍ അവകാശം വെട്ടിച്ചുരുക്കാനുള്ള ശ്രമത്തെ എന്നും എതിരിട്ടുവെന്നും അദ്ദേഹം പിന്നീട്‌ പറഞ്ഞു. അദ്ദേഹം വ്യക്തമാക്കിയത്‌ കോടതികള്‍ അന്നുവരെ എപ്പോഴും ന്യൂനപക്ഷാവകാശം സംരക്ഷിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌ എന്നായിരുന്നു (ibid).
ഈ പശ്ചാത്തലത്തില്‍ അദ്ദേഹം പറയുന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌: ന്യൂനപക്ഷാവകാശങ്ങളോടു ബന്ധപ്പെട്ട അവകാശങ്ങള്‍ക്ക്‌ രൂപം നല്‍കുന്നതില്‍ സ്വീകരിച്ച പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങള്‍ ഇടുങ്ങിയ ജുഡീഷ്യല്‍ വ്യാഖ്യാനംകൊണ്ട്‌ അപ്രസക്തമാക്കരുത്‌ എന്ന തത്വം കോടതിയുടെ വിവിധ തീരുമാനങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌. ഭൂരിപക്ഷത്തേ പ്പോലെ തന്നെ ന്യൂനപക്ഷവും ഈ മണ്ണിന്റെ മക്കളാണ്‌. അതുപോലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ അവര്‍ ഈ സമൂഹത്തിന്റെ തന്നെ ഭാഗമാണെന്ന അവബോധവും സുരക്ഷിതത്വബോധവും നഷ്ടപ്പെടുത്തുന്ന ഒരു കാര്യവും ചെയ്തുകൂടാ എു‍റപ്പുവരുത്തുന്ന നിലപാടും ഉണ്ടായിരിക്കണം... ഭരണഘടനാ പിതാക്കള്‍ അതിന്റെ 29 ഉം 30 ഉം വകുപ്പുകള്‍ക്ക്‌ രൂപം കൊടുക്കുകയും അതു മൗലികാവകാശങ്ങളുടെ ഭാഗമാക്കുകയും ചെയ്തപ്പോള്‍ കാണിച്ച അതേ ഔദാര്യപൂര്‍ണവും, സ്വതന്ത്രവും, കാരുണ്യപൂര്‍ണവുമായ സമീപനം കോടതി സ്വീകരിക്കേണ്ടതാണ്‌.
{"The principle which can be discerned in the various decisions of this Court is that the Catholic approach which led to the drafting of the provisions relating to minority rights should not be set at naught by narrow judicial interpretation. The minorities are as much children of the soil as the majority and the approach has been to ensure that nothing should be done as might deprive the minorities of a sense of belonging and a feeling of security… The same generous, liberal and sympathetic approach should weigh with the Courts in construing articles 29 and 30 as marked the deliberations of the constitution makers in drafting those articles and making them part of the fundamental rights (ibid 104).}
ഇത്‌ സുപ്രധാനമായ നിരീക്ഷണവും, കോടതികള്‍ മനസില്‍ സൂക്ഷിക്കേണ്ട സന്ദേശവുമാണ്‌: മാധ്യമങ്ങളും രാഷ്ട്രീയക്കാരുംകൂടി സൃഷ്ടിക്കു പൊതുജനാഭിപ്രായത്തിന്റെ സമ്മര്‍ദവും സാങ്കേതികതയുമല്ല കോടതികളെ നയിക്കേണ്ടത്‌: ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഒരു ഔദാര്യപൂര്‍വമായ സമീപനമാണ്‌ ന്യായാധിപന്‍മാര്‍ക്ക്‌ ന്യൂനപക്ഷ വിഷയത്തില്‍ ഉണ്ടാകേണ്ടത്‌. എങ്കിലേ ന്യൂനപക്ഷങ്ങളുടെ പൈതൃകം സംരക്ഷിക്കപ്പെടൂ, അവരുടെ നിലനില്‍പ്പ്‌ ഉറപ്പാക്കാന്‍ കഴിയൂ. മൗലികാവകാശം അടിയറവയ്പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല ജസ്റ്റിസ്‌ കെ.കെ മാത്യു ഇക്കാര്യം തന്റെ വിധിത്തീര്‍പ്പില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌ (judgement 167188).ഗവണ്‍മെന്റിന്റെ വമ്പിച്ച സമ്പത്തിന്റെയും അധികാരത്തിന്റെയും പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കൂടുതല്‍ എളുപ്പമാവുകയാണ്‌ എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതോടു ചേര്‍ന്ന്‌ അദ്ദേഹം മറ്റൊരുകാര്യവും എടുത്തുപറയുന്നുണ്ട്‌. ഭരണഘടന 30(1) ല്‍ നല്‍കപ്പെട്ടിരിക്കുന്ന മൗലികാവകാശം അങ്ങനെ അടിയറവയ്ക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടോ എന്ന ചോദ്യമാണ്‌ അദ്ദേഹം ഉയര്‍ത്തുന്നത്‌. അതു സാധ്യമാണെന്ന്‌ അദ്ദേഹം കരുതുന്നില്ല. കാരണം, അത്‌ ഒരു സമൂഹത്തിന്‌ പൊതുവായി നല്‍കപ്പെട്ടിട്ടുള്ളതാണ്‌. ഇന്നത്തെ ആളുകള്‍ക്ക്‌, നാളത്തെ തലമുറയും അനുഭവിക്കേണ്ട മൗലികാവകാശം തീറെഴുതിക്കൊടുക്കാന്‍ അധികാരമുണേ്ടാ എന്നാണദ്ദേഹത്തിന്റെ ചോദ്യം. മൗലികാവകാശം പിന്‍തുടര്‍ച്ചാവകാശം മൂലം ലഭിക്കുന്നതല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍
" By a voluntary act of affiliation of an educational institution established and administered by a religious minority, the past members of the community cannot surrender the right of the future members of that community. The future members of the community do not derive the right under article 30(1) by succession or inheritance"(ibid 189). അതുമാത്രമല്ല ഒരു സമൂഹത്തിന്റെ അധ്യക്ഷനുപോലും ആ സമൂഹത്തിലെ അംഗങ്ങളുടെ മൗലികാവകാശം- സംസാരസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം- തുടങ്ങിയവ തീറെഴുതിക്കൊടുക്കാന്‍ അധികാരമില്ലെന്നുവേണം പറയാന്‍. ന്യൂനപക്ഷാവകാശം മാനിച്ചുകൊണ്ടു പിന്നോക്ക സംരക്ഷണം നിര്‍വഹിക്കാം.ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാമെന്നുള്ള ധാരണ വളര്‍ത്താനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌. ഉപായങ്ങള്‍ പ്രയോഗിച്ച്‌ അവരെ വരുതിയിലാക്കുകയുമല്ല വേണ്ടത്‌. ഇവിടെ സമുദായങ്ങള്‍ നടത്തുന്ന ന്യൂനപക്ഷ വിദ്യാലയങ്ങള്‍ ആ സമുദായങ്ങളിലെ ആളുകള്‍ക്കു മുന്‍ഗണന നല്‍കുമെങ്കിലും ഒരിക്കലും മറ്റു വിഭാഗങ്ങളെ അവഗണിച്ചിട്ടില്ല. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു കഴിയുന്നത്ര പരിഗണന നല്‍കാനാണ്‌ ശ്രമിക്കുക. ന്യൂനപക്ഷസമുദായ ങ്ങളെ വിശ്വാസത്തിലെടുക്കണം, ആക്ഷേപിക്കുകയല്ല വേണ്ടത്‌. പക്ഷേ, പിന്നോക്കക്കാരെയും പാവപ്പെട്ടവരെയും മുഴുവനായി സഹായിക്കാന്‍ സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗിച്ചാലേ സാധിക്കൂ. ഒരു വിദ്യാലയത്തിലെ അമ്പതു ശതമാനം വിദ്യാര്‍ഥികളെ മറ്റേ അമ്പതു ശതമാനം (അതും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍) പഠിപ്പിക്കണമെന്നു പറയുന്നതില്‍ എന്താണു സാമൂഹ്യനീതി? പാവപ്പെട്ട വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന്‌ പൊതുമുതല്‍ കൈയാളുന്നവര്‍ക്കുള്ള പ്രാഥമികമായ ചുമതല വിസ്മരിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. പൊതുമുതല്‍ ഗവണ്‍മെന്റു വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി മാത്രം വിനിയോഗിക്കാനുള്ളതാണോ? വിദ്യാലയം പണിതുയര്‍ത്തിയ സ്വകാര്യ ഏജന്‍സി തന്നെ പകുതിപ്പേരെ സൗജന്യമായി പഠിപ്പിക്കുകയും വേണം എന്നു പറയുന്നതില്‍ എന്താണു ന്യായം? സ്വകാര്യ വിദ്യാലയങ്ങള്‍ക്ക്‌ കാലക്രമത്തില്‍ ഫണ്ടുകള്‍ ശേഖരിച്ചു കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിയും. പക്ഷേ, ആദ്യ ഘട്ടത്തില്‍ അത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. സര്‍ക്കാര്‍ ഈ രംഗത്ത്‌ അതിന്റെ ചുമതല നിര്‍വഹിക്കുകയും ബാങ്കുകളുടെയും മറ്റും സഹകരണം തേടുകയും സ്വകാര്യ സ്ഥാപനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നം നിഷ്പ്രയാസം പരിഹരിക്കാവുന്നതാണ്‌. സ്വകാര്യ സ്ഥാപനങ്ങളിലൂടെ സര്‍ക്കാരിന്റെ ഭാരം വളരെ ലഘൂകരിക്കപ്പെടുകയാണെന്നതില്‍ സംശയമില്ല. വാസ്തവത്തില്‍ ന്യൂനപക്ഷങ്ങളെക്കൊണ്ട്‌ അവരുടെ അവകാശങ്ങള്‍ ബലികഴിപ്പിക്കുന്ന ഒരു ധാരണ ഉണ്ടാക്കാനാണ്‌ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം മുഴുവന്‍ സ്തംഭിപ്പിക്കുകയും അലങ്കോലപ്പെടുത്തുകയും ചെയ്യുന്നത്‌. ധാരണയുണ്ടാക്കുന്നവര്‍ക്കേ പി.ജിയും മറ്റു കോഴ്സുകളും അനുവദിക്കുകയുള്ളു എന്ന്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ! ഇതു കടുത്ത വിവേചനവും സമ്മര്‍ദതന്ത്രവുമാണ്‌. ഈ വ്യഗ്രത ഉപേക്ഷിച്ചു കേരളത്തിലെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ കൂട്ടായി ശ്രമിക്കുകയാണു വേണ്ടത്‌. ന്യൂനപക്ഷാവകാശം കവര്‍ന്നെടുത്തല്ല സാമൂഹ്യപ്രതിബദ്ധത കാട്ടേണ്ടത്‌