ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രഥമ സാമൂഹിക ചാക്രികലേഖനമായ ‘സത്യത്തില്‍ സ്നേഹ’ത്തിന്റെ, കെസിബിസിയുടെ അംഗീകാരമുള്ള ഔദ്യോഗിക മലയാള പരിഭാഷ പിഒസി ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കും. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മാനവകുലത്തിനും മനുഷ്യന്റെ സമഗ്രവികസനത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ചാക്രികലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാത്രം ഇതിനോടകം ആറു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക. ശാസ്ത്രമേഖലയില്‍ ചര്‍ച്ചചെയ്യപ്പെട്ട ചാക്രികലേഖനത്തിലെ ഉള്ളടക്കം ഈ മാസം എട്ടു മുതല്‍ 10 വരെ ഇറ്റലിയിലെ ലാക്വിലയില്‍ നടന്ന ജി എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയിലും ചര്‍ച്ച ചെയ്തിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, ദൈവം സ്നേഹമാകുന്നു, പ്രത്യാശയില്‍ രക്ഷ എന്നീ ചാക്രിക ലേഖനങ്ങളും മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യത്തില്‍ സ്നേഹത്തെക്കുറിച്ച് ഓഗസ്റ്റ് ഒന്നിന് ഏകദിന പഠനശിബിരം പിഒസി യില്‍ സംഘടിപ്പിക്കും. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന പഠനശിബിരത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരിക്കും. സത്യത്തില്‍ സ്നേഹമെന്ന ചാക്രികലേഖനത്തിന്റെ ചരിത്ര പശ്ചാത്തലവും പ്രധാന ആശയങ്ങളും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ജോസ് കോട്ടയില്‍, ചാക്രിക ലേഖനത്തിന്റെ ധാര്‍മിക-ആധ്യാത്മിക മാനങ്ങളെക്കുറിച്ച് റവ. ഡോ. ഷാജി ജര്‍മന്‍, ആഗോള സാമ്പത്തിക രംഗത്ത് മാര്‍പാപ്പ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ.വി.എ ജോസഫ് എന്നിവര്‍ പഠനശിബിരത്തില്‍ ക്ലാസുകള്‍ നയിക്കും. പ്രീപബ്ലിക്കേഷന്‍ നിരക്കില്‍ 25 രൂപയ്ക്ക് 31 വരെ കോപ്പികള്‍ ലഭ്യമാകും. പഠനശിബിരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും പ്രീപബ്ലിക്കേഷന്‍ നിരക്കില്‍ ചാക്രികലേഖനത്തിന്റെ കോപ്പികള്‍ ആവശ്യമുള്ളവരും പിഒസിയില്‍ 0484-2805722, 2805815 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.