“ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍” എന്ന ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അന്വര്‍ഥമാക്കിയ പുണ്യവതിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ഭരണങ്ങാനത്ത് ഇന്നലെ വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ തിരുനാളില്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ വിതയത്തില്‍. എല്ലാവരെയും മാറ്റിനിര്‍ത്തി ഞാന്‍ മാത്രം വളരുക എന്നതിനു പകരം എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാന്‍ ശ്രമിച്ച അല്‍ഫോന്‍സാമ്മയുടെ ജീവിതമാണ് നാം അനുകരിക്കേണ്ടത്. അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി മാര്‍ വര്‍ക്കി വിതയത്തില്‍ അനുസ്മരിച്ചു. തനിക്ക് വൈദികപട്ടം ലഭിച്ചയുടന്‍ ഭരണങ്ങാനത്തെത്തി കുര്‍ബാന അര്‍പ്പിക്കാന്‍ സാധിച്ചത് അമ്മയുടെ നിര്‍ബന്ധംമൂലമായിരുന്നു. നമ്മുടെ ജീവിതം സുവിശേഷാത്മകമായി മാറണം. വിശുദ്ധയുടെ തിരുനാള്‍ അതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്. ശത്രുക്കളെ സ്നേഹിക്കാനും വേദനകള്‍ സഹിക്കാനും അല്‍ഫോന്‍സാമ്മയ്ക്കു സാധിച്ചത് ഇത്തരമൊരു സുവിശേഷാത്മക ജീവിതത്തിന്റെ ഭാഗമായതുകൊണ്ടാണ്. അല്‍ഫോന്‍സാമ്മ ജീവിച്ചതുപോലെ ജീവിക്കുക എന്ന സന്ദേശമാണ് ഈ തിരുനാള്‍ നമുക്കുമുമ്പില്‍ തരുന്നത്. അത്തരമൊരു ജീവിതശൈലിക്ക് ഈ തിരുനാള്‍ പ്രചോദനമാകട്ടെയെന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ ആശംസിച്ചു.