Monday, July 13, 2009

തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‍കണം: ഡോ.അച്ചാരുപറമ്പില്‍

നിയമസഭയിലേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും തെരഞ്ഞടുപ്പില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കണമെന്ന്‌ കെആര്‍എല്‍സിസി പ്രസിഡന്റും കെസിബിസി അധ്യക്ഷനുമായ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ എറണാകുളത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കു പ്രത്യേക ബോധവത്കരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.സഭ വൈദിക വര്‍ഷമായി ആചരിക്കുന്ന കാലയളവില്‍ വിശ്വാസികളേയും വൈദികരേയും രണ്ടു തട്ടിലാക്കാനുള്ള ശ്രമം ചിലകേന്ദ്രങ്ങളില്‍ നിന്ന്‌ കാണുന്നു. ഇത്‌ ഗൗരവമായി കാണണം. സാമ്പത്തിക മാന്ദ്യം എല്ലാമേഖലയിലെ തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയാണ്‌. ദുരിതം അനുഭവിക്കുന്ന മത്സ്യ, നിര്‍മാണ, തോട്ടം മേഖലകളിലെ തൊഴിലാളികളെ പ്രത്യേകം പരിഗണിക്കണം. കുട്ടനാടന്‍ മാതൃകയില്‍ തീരദേശതൊഴിലാളികള്‍ക്ക്‌ സമഗ്രമായ വികസനപാക്കേജ്പ്രഖ്യാപിച്ച്കേന്ദ്രസര്‍ക്കാര്‍നടപ്പാക്കാന്‍ തയാറാവണം.മത്സ്യത്തൊഴിലാളികളുടെയുംതീരദേശനിവാസികളുടെയും വികസനസാധ്യതകള്‍ ഉറപ്പുവരുത്താന്‍ കേണ്ട-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വവര്‍ഗ രതിക്ക്‌ അനുകൂലമായ രീതിയില്‍ നിയമനിര്‍മാണത്തിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത്‌ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന സ്കോളര്‍ഷിപ്പിന്റെ എണ്ണം വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ സമ്മേളനം സ്വാഗതം ചെയ്തു.പത്രസമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റും കെസിബിസി അധ്യക്ഷനുമായ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍, കെആര്‍എല്‍സിസി വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ വിന്‍സെന്റ്‌ സാമുവല്‍, പുനലൂര്‍ ബിഷപ്‌ സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ കുളക്കയത്തില്‍, ഇഗ്നേഷ്യസ്‌ ഗോണ്‍സാല്‍വസ്‌ എന്നിവര്‍ പങ്കെടുത്തു