കേരളത്തിലെ മത-സാംസ്കാരികമൂല്യങ്ങളെ കരണ്ടുതിന്നുന്ന രണ്ടു മാറാരോഗങ്ങളാണ് അക്കാദമിക്ക് അത്തേയിസവും മാധ്യമ അത്തേയിസവും. ജനാധിപത്യം എന്നത് ഒരു ഭരണസമ്പ്രദായം മാത്രമല്ല; അത് ഒരു ജീവിതരീതിയെ കുറിക്കുന്നു. ജനാധിപത്യത്തില്‍ വ്യക്തിക്കാണ് പ്രാധാന്യം. അധികാരം ജനങ്ങളില്‍നിന്ന് ലഭിച്ചതാണ്. സര്‍വാധിപത്യത്തില്‍ രാഷ്ട്രത്തിനും. വ്യക്തിയുടെ ജീവിതത്തില്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് സ്റ്റേറ്റിന്റെ ചുമതല. ജന നന്മയുടെ കാവല്‍ക്കാര്‍ ആകേണ്ടവരാണ് ജനാധിപത്യഭരണാധികാരികള്‍. നമ്മള്‍ അന്യാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കെത്തിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്നത് സര്‍വാധിപത്യപ്രവണതകള്‍ മാത്രമാണ്. മതാത്മകതയേയും സ്വകാര്യതയേയും ഭംഗപ്പെടുത്തുംവിധം മതജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും രാഷ്ട്രം അതിക്രമിച്ച് കടക്കുകയാണ്. ഏകാധിപത്യപ്രവണതക്കാരെ സംബന്ധിച്ചിടത്തോളം മതവും സംസ്കാരവും ഭീഷണിയാണ്. എന്തു വിലകൊടുത്തും ഇവയുടെ ശക്തിയും സ്വാധീനവും ഇല്ലാതാക്കാന്‍ രാഷ്ട്രം ശ്രമിച്ചുകൊണ്ടിരിക്കും. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ടാണ് അധികാരം പ്രയോഗിച്ചിരുന്നതെങ്കില്‍ ആധുനികകാലത്ത് സംശയത്തിനിടനല്‍കാത്തവിധം ബുദ്ധികൂര്‍മതയോടെയാണ് അധികാരം പ്രയോഗിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ അതിനു കണെ്ടത്തിയ മേഖലയാണ് വിദ്യാഭ്യാസരംഗം. പാഠപുസ്തകങ്ങളിലൂടെ ഈശ്വരനിഷേധം പ്രചരിപ്പിക്കുക, ഇതാണ് അക്കാദമിക് അത്തേയിസം. അതിനെ പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങളും. ചൂഷിതവര്‍ഗക്കാര്‍ക്കുവേണ്ടിയാണ് തങ്ങള്‍ നിലനില്‍ക്കുന്നതെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച് ശാസ്ത്രീയമായ രീതിയില്‍ ചൂഷണം നടത്തുന്നു. മതത്തിന്റെയും സംസ്കാരത്തിന്റെയും കീര്‍ത്തിക്ക് ഹാനി തട്ടുന്ന ഇത്തരം പ്രവൃത്തികള്‍ ക്ഷന്തവ്യമല്ല. മതന്യൂനപക്ഷങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കേണ്ട സമയമാണിത്.പാഠ്യപദ്ധതിയില്‍നിന്നു മതചിന്തകളും ദൈവവിചാരവും പാടേ ഉപേക്ഷിക്കുന്നത് ഏറ്റവും അപകടകരമായ ഒരു സമീപനമാണ്. പാഠ്യപദ്ധതിക്ക് സമഗ്രസ്വഭാവം ഉണ്ടാകണം. എല്ലാ ജനവിഭാഗങ്ങളുടെയും മതങ്ങളെക്കുറിച്ചുള്ള ആധികാരികമായ അറിവ് വിശ്വാസമണ്ഡലത്തില്‍ മാത്രമല്ല വൈജ്ഞാനികരംഗത്തും വലിയ ഒരു മുതല്‍ക്കൂട്ടാണ്. സത്യവും ധാര്‍മികതയും കുട്ടികള്‍ കണ്ടുമുട്ടുന്നത് ഇത്തരം പഠനങ്ങളിലൂടെയാണ്. സെക്കുലര്‍ അറിവ് അത് എത്ര വികസിച്ചാലും പരിമിതികളുള്ളതാണ്. “ദൈവികമാനത്തെ കുറച്ചുകാണിക്കുക, അല്ലെങ്കില്‍ ഛേദിച്ചുകളയുക എന്ന പ്രവണത നിങ്ങള്‍ അനുവദിച്ചാല്‍ ശേഷിക്കുന്ന വൈജ്ഞാനികമേഖല വെറും തുണ്ടുകഷണങ്ങളായി ചിതറിക്കപ്പെടും” എന്ന കാര്‍ഡിനല്‍ ന്യൂമാന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന സാര്‍വത്രികമൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് ഈ ചിതറിക്കല്‍ നടക്കുന്നത്. “ശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ കോര്‍ത്തിണക്കിയാല്‍ മാത്രമേ ബൗദ്ധികതയുടെ, യുക്തിഭദ്രതയുടെ മേഖലകളെ വലുതാക്കാനും സത്യത്തിന്റെയും നന്മയുടെയും വലിയ മേഖലയിലേക്ക് കടക്കാനും സാധിക്കൂ. സത്യത്തെക്കുറിച്ചുള്ള ഈ അവബോധമാണ് എല്ലാം തമ്മില്‍ കോര്‍ത്തിണക്കുന്നത്. മതപരമായ മാനം സംസ്കാരത്തെ സംബന്ധിച്ചിടത്തോളം നൈസര്‍ഗികമാണ്, ആന്തരമാണ്. ഈ മാനമാണ് ഒരു വ്യക്തിയുടെ ആകമാനവളര്‍ച്ചയെ സഹായിക്കുന്നത്. ഇപ്രകാരമാണ് അറിവ് യഥാര്‍ഥ വിജ്ഞാനമായി മാറുന്നത്” (ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ). ഈ സ്വഭാവസവിശേഷതയാണ് നമ്മുടെ വിദ്യാഭ്യാസമേഖലയില്‍നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് ക്രമേണ ഒരു ബൗദ്ധിക അത്തേയിസം എന്ന പന്ഥാവിലേക്ക് വഴി തെളിക്കുകയാണ്. കുട്ടികളില്‍നിന്നു ദൈവവിചാരം നഷ്ടപ്പെടുന്നത് ആത്യന്തികമായി രാജ്യത്തിന്റെ ഭാവിയെ ബാധിക്കും. വിദ്യാഭ്യാസ വിചക്ഷണനായ ഡോ. രാധാകൃഷ്ണന്‍ വിദ്യാഭ്യാസമേഖലയില്‍ ധാര്‍മികശാസ്ത്രത്തിന്റെയും മതസംബന്ധമായ വിദ്യാഭ്യാസത്തിന്റെയും ആവശ്യകത സവിശേഷമായ രീതിയില്‍ എടുത്തുകാട്ടിയ വ്യക്തിയായിരുന്നു.അക്കാദമിക് അത്തേയിസവും മാധ്യമ അത്തേയിസവും തേര്‍വാഴ്ച നടത്തുന്ന ഈ അവസരത്തില്‍ മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ ന്യൂനപക്ഷാവകാശത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്. ജനാധിപത്യത്തിനു ജന്മസിദ്ധമായ ഒരു വൈകല്യമുണ്ട് എന്നു പറയാറുണ്ട്. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമായി ജനാധിപത്യം അധഃപതിക്കാനുള്ള സാധ്യതയാണ് അത്. എല്ലാ ജനാധിപത്യഭരണഘടനകളിലും അതിനുള്ള ചില പരിഹാരമാര്‍ഗങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ ഈ നിയമങ്ങള്‍ ന്യൂനപക്ഷാവകാശങ്ങളുടെ രൂപമാണ് സ്വീകരിച്ചിരിക്കുന്നത്. ‘ന്യൂനപക്ഷം’ എന്ന പദത്തിന്റെ വ്യംഗ്യാര്‍ഥതലങ്ങള്‍ അതിന്റെ വാച്യാര്‍ഥത്തെ ഇല്ലാതാക്കുന്നില്ല. ന്യൂനപക്ഷത്തിന് പുതിയ നിര്‍വചനം നല്‍കാന്‍ ശ്രമിക്കുന്നവരും, ന്യൂനപക്ഷപദവിതന്നെ എടുത്തുകളയാന്‍ ശ്രമിക്കുന്നവരും ഭരണഘടനതന്നെയും ഭരണഘടനാവിരുദ്ധമാണെന്ന് വാദിക്കുന്നവരാണ്! നിയമസഭയുടെ അധികാരത്തിന് ഭരണഘടനാപരമായ പരിധികള്‍ ഇല്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നതിന് ഉത്തമനിദര്‍ശനമാണ് 2006-ലെ കേരള പ്രഫഷണല്‍ കോളജ് ആക്ട്.അക്കാദമിക് അത്തേയിസമെന്ന വിഷബാധയ്ക്കുള്ള മറുമരുന്നാണ് ന്യൂനപക്ഷാവകാശം എന്ന ടോണിക്ക്. ഓരോ സമുദായത്തോടും ചേര്‍ന്നുള്ള സാംസ്കാരികവും, മതാത്മകവും ധാര്‍മികവും ഭാഷാപരവുമായ പൈതൃകം പരിരക്ഷിക്കാനും പുഷ്ടിപ്പെടുത്താനുമാണ് ന്യൂനപക്ഷാവകാശങ്ങള്‍. അത് രാഷ്ട്രീയക്കാരുടെ സൗകര്യംപോലെ പുനര്‍നിര്‍വചിക്കാനോ എടുത്തുകളയാനോ വേണ്ടിയല്ല. വളരെ അടിസ്ഥാനസ്വഭാവമുള്ള ദാര്‍ശനിക കാഴ്ചപ്പാടുകള്‍ അതിന്റെ പിന്നിലുണ്ട്. അത് മതസമൂഹങ്ങളോട് അസ്തിത്വപരമായ ബന്ധം പുലര്‍ത്തുന്നവയുമാണ്. ന്യൂനപക്ഷങ്ങള്‍തന്നെ ഈ ദാര്‍ശനിക കാഴ്ചപ്പാടിനെപ്പറ്റി കൂടുതല്‍ അവബോധമുള്ളവരായാല്‍ മാത്രമേ ന്യൂനപക്ഷാവകാശത്തിന്റെ ഔന്നത്യം മനസിലാവുകയുള്ളൂ. തത്ത്വജ്ഞാനികളുടെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ. രാധാകൃഷ്ണന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകപ്രസിദ്ധ ദാര്‍ശനികനായ ബര്‍ട്രാന്‍ഡ് റസ്സല്‍ പറഞ്ഞത്: “ദാര്‍ശനികര്‍ ഭരണാധികാരികളാകുമ്പോള്‍ രാഷ്ട്രം ഒന്നത്യം പ്രാപിക്കുന്നു” എന്നാണ്. മതത്തെയും സംസ്കാരത്തെയും ഒരു ദാര്‍ശനിക ലെന്‍സില്‍ക്കൂടി വായിച്ചെടുക്കുമ്പോഴാണ് ന്യൂനപക്ഷാവകാശങ്ങളുടെ അര്‍ഥഗരിമയും അര്‍ഥഭാരവും നമുക്ക് തിരിച്ചറിയാന്‍ കഴിയുക.പ്രത്യേകവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് ഭരണഘടന ന്യൂനപക്ഷാവകാശവും സംവരണവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ രണ്ടും തമ്മില്‍ സാമ്യമുണ്ട്. എന്നാല്‍, നാം അറിഞ്ഞിരിക്കേണ്ട വസ്തുത എന്തുകൊണ്ടാണ് സംവരണത്തിന്റെ കാര്യത്തില്‍ എന്നപോലെ ഒരു നിശ്ചിത ക്വോട്ടാ നല്‍കാതെ ന്യൂനപക്ഷങ്ങള്‍ക്കായി ന്യൂനപക്ഷാവകാശം നല്‍കാന്‍ ഭരണഘടന തീരുമാനിച്ചത് എന്നാണ്. രണ്ടുകൂട്ടര്‍ക്കും നല്‍കപ്പെട്ട അവകാശങ്ങളുടെ ഉദ്ദേശ്യം വ്യത്യസ്തമാണ് എന്നതിനാലാണത്. മാത്രമല്ല ആനുകൂല്യവും അവകാശവും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഉദ്ദേശിച്ചാണ് സംവരണം. ചില വിഭാഗങ്ങള്‍ ചരിത്രപരമായി അവകാശനിഷേധങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവരും മറ്റുള്ളവരുമായി തുല്യവ്യവസ്ഥകളില്‍ മത്സരിക്കാന്‍ ശേഷിയില്ലാത്തവരുമാണ്. അടിസ്ഥാനപരമായ സമത്വം നേടുന്നതുവരെ ചില വിഭാഗങ്ങള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സാമൂഹ്യനീതിയുടെ തത്ത്വങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. സമത്വം കൈവരിക്കുമ്പോള്‍ സംവരണം നല്‍കുന്ന ആനുകൂല്യങ്ങളും അവസാനിക്കും. എന്നാല്‍ ന്യൂനപക്ഷപദവി അല്ലെങ്കില്‍ അവകാശം ഒരിക്കലും തീര്‍ന്നുപോകുന്നതല്ല. ന്യൂനപക്ഷങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാകണമെന്നുമില്ല. ജനാധിപത്യത്തില്‍ അതിനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നു എങ്കില്‍പോലും. ഒരു പ്രത്യേക മതവിഭാഗം വളര്‍ന്നുകഴിഞ്ഞു. അതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ ഇനി ന്യൂനപക്ഷപദവി വേണ്ട എന്നു പറയുന്നതും ഏതെങ്കിലും സര്‍വകലാശാല ഒരു പ്രത്യേകവിഭാഗത്തിന്റെ ന്യൂനപക്ഷപദവി എടുത്തുകളയാന്‍ പരിശ്രമിക്കുന്നതും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളാണ്. നമ്മുടെ ഭരണഘടനയുടെ ശില്‍പികള്‍ വിദ്യാഭ്യാസാവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയത് ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം നോക്കിയോ അവരുടെ സാമൂഹ്യസ്ഥിതി അവലോകനം ചെയ്തോ അല്ല. തനതായ ഭാഷയും സംസ്കാരവും പരിപുഷ്ടമാക്കാനാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്. അത് ഒരിക്കലും തീര്‍ന്നുപോകുന്ന അവകാശമല്ല. അത് എന്നും നിലനില്‍ക്കേണ്ട അവകാശമാണ്. ഈ അവകാശം നിലനിര്‍ത്തുന്നതുവഴിയാണ് രാജ്യത്തോടും സമുദായത്തോടുമുള്ള കടമ നിര്‍വഹിക്കുന്നതും. ഒരു സാംസ്കാരിക നവോത്ഥാനത്തിന് വഴി ഒരുക്കുന്നതും ഇപ്രകാരമാണ്. മതപരമായ മാനത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ട്. വിദ്യാഭ്യാസം ഒരു ധര്‍മസ്ഥാപനമോ മേറ്റ്ന്തെങ്കിലുമോ എന്നത് ന്യൂനപക്ഷാവകാശം നല്‍കുന്നതില്‍ പ്രസക്തമല്ല. സാമൂഹികമൂല്യങ്ങള്‍ വരുംതലമുറയ്ക്ക് കൈമാറ്റം ചെയ്യുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനമാണ് വിഷയം. എങ്കില്‍ത്തന്നെയും ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ സാമൂഹ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരും വളര്‍ത്തുന്നവരും ക്രൈസ്തവരാണെന്ന് ഏവര്‍ക്കും അറിവുള്ള കാര്യവുമാണ്.ന്യൂനപക്ഷാവകാശം സമുദായത്തിനുള്ള അവകാശമാണ്. കേവലം വ്യക്തിപരമായിട്ടു ചിന്തിച്ച് എനിക്ക് നന്മ കിട്ടിയോ എന്നല്ല സമുദായത്തിന് കിട്ടിയോ എന്നതാണ് പരിഗണിക്കേണ്ടത്. കുട്ടികളുടെ വിദ്യാലയപ്രവേശനം, അധ്യാപകനിയമനം തുടങ്ങിയ അവസരങ്ങളിലെല്ലാം ന്യൂനപക്ഷങ്ങള്‍തന്നെ ഈ അവകാശങ്ങളെ വേണ്ടരീതിയില്‍ മനസിലാക്കാതെയും വിലമതിക്കാതെയും പെരുമാറുന്നതായി കാണുന്നുണ്ട്. ഈ സമുദായചിന്ത ഒരിക്കലും നഷ്ടമാവരുത്. സാമൂദായിക ഐക്യത്തില്‍നിന്നുകൊണ്ടു മാത്രമേ ഒരു ധാര്‍മിക ശക്തിയായും ഒരു സാംസ്കാരികബോധിനിയായും രാഷ്ട്രനിര്‍മാണത്തിലെ കൂട്ടുത്തരവാദിത്വത്തിന്റെ പ്രധാന കണ്ണിയായും പ്രവര്‍ത്തിക്കാനാവൂ. വ്യക്തിപരമായ അവകാശങ്ങള്‍ക്കപ്പുറത്തുള്ള ഒരു വലിയ സാമുദായിക അവകാശമായിട്ട് ഇതിനെ ന്യൂനപക്ഷങ്ങള്‍തന്നെ തിരിച്ചറിയണം. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ന്യൂനപക്ഷാവകാശം സമത്വത്തിനുള്ള അവകാശം മാത്രമല്ല എന്ന തിരിച്ചറിവാണ്. ന്യൂനപക്ഷാവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശത്തോടാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷസമുദായത്തോട് തുല്യമാകുമ്പോള്‍ ഈ സ്വാതന്ത്ര്യം അവസാനിക്കുന്നില്ല. മള്‍ട്ടികള്‍ച്ചറലിസത്തില്‍ (ജനാധിപത്യത്തില്‍) തഴച്ചുവളരുന്ന ന്യൂനപക്ഷങ്ങള്‍ ഉണ്ടാകാം. അത് ആ സമുദായത്തിന്റെ ധാര്‍മികവും മൂല്യാധിഷ്ഠിതവും സത്യാധിഷ്ഠിതവുമായ പ്രവര്‍ത്തനശൈലിയില്‍നിന്നും കഠിനാധ്വാനത്തില്‍നിന്നും ഉരുത്തിരിയുന്നതാണ്. മേല്‍പ്പറഞ്ഞ മാനങ്ങള്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ബലിഷ്ഠമായ ഒരു അച്ചടക്ക സംവിധാനം ഉറപ്പുവരുത്തുന്നുണ്ട്. അച്ചടക്കമില്ലാത്ത സമൂഹത്തിന് സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ പറ്റില്ല. ജയമായാലും അപജയമായാലും ഈ അച്ചടക്കത്തോടുകൂടിയ സ്വാതന്ത്ര്യമാണ് ന്യൂനപക്ഷമതസമുദായങ്ങളുടെ കരുത്ത്. ഭരിക്കുക എന്നാല്‍ നേര്‍വഴിക്ക് ജീവിക്കുക എന്ന വീക്ഷണമാണ് മതസമുദായങ്ങള്‍ നല്‍കുന്ന ദിശാബോധം. തഴച്ചുവളരുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യത്തെയാണ് കാണിക്കുന്നത്. അതു ജനാധിപത്യത്തിന് ഒരിക്കലും ഭീഷണിയല്ല. അത് രാജ്യത്തിന്റെ മുഴുവന്‍ ഭരണക്രമത്തിനും സുരക്ഷിതത്വം നല്‍കുകയും ഏകാധിപത്യപ്രവണതകളില്‍നിന്ന് ഭരണകൂടത്തെ സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ടാണ് ന്യൂനപക്ഷാവകാശങ്ങളെ സ്ഥിരമായും സംവരണാനുകൂല്യങ്ങളെ താത്കാലികമായും നിശ്ചയിച്ചിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളില്‍ രാഷ്ട്രപുരോഗതിക്കുള്ള വലിയ അവകാശമാണ് അന്തര്‍ലീനമായിരിക്കുന്നത്. ഒരു പ്രത്യേക സമുദായം തഴച്ചുവളരുന്നു, അതുകൊണ്ട് അവര്‍ ന്യൂനപക്ഷാവകാശങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. അവകാശത്തിലൂടെ നടക്കുന്നത് പരിപോഷിപ്പിക്കലും വളര്‍ത്തലും വര്‍ധിപ്പിക്കലുമാണ്. ന്യൂനപക്ഷങ്ങള്‍ വൈവിധ്യത്തിലെ ഐക്യത്തിന്റെ അടയാളങ്ങളുമാണ്. സംവരണം എന്നു പറയുന്നത് ഞാന്‍ തുല്യനാകുന്നതുവരെ, വളരുന്നതുവരെയുള്ള ചില ആനുകൂല്യങ്ങള്‍ മാത്രമാണ്. ഈ ബോധ്യം ന്യൂനപക്ഷസമുദായങ്ങള്‍ക്കു വേണം. ബോധ്യമില്ലായ്മ ന്യൂനപക്ഷസമുദായങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുമ്പോള്‍ വരുംതലമുറയുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത് എന്നും മറക്കരുത്. ഈ അവബോധത്തോടെയാവണം, ന്യൂനപക്ഷങ്ങള്‍ അക്കാദമിക് അത്തേയിസത്തെ നേരിടേണ്ടതും ചെറുത്തുനില്‍ക്കേണ്ടതും.