Wednesday, July 15, 2009

ജനാധിപത്യ രക്ഷയ്ക്കുവേണ്ടിയുള്ള സഭയുടെ ഇടപെടലായിരുന്നു വിമോചനസമരം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ തകര്‍ത്ത 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ ദുര്‍ചെയ്തികള്‍ക്കെതിരെ സ്വാഭാവികമായുണ്ടായ ജനവികാരമായിരുന്നു വിമോചനസമരമെന്നും ജനാധിപത്യരക്ഷയ്ക്കു വേണ്ടിയുള്ള കത്തോലിക്കാ സഭയുടെ ഇടപെടലായിരുന്നു അതെന്നും കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍. എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. പോളണ്ട്‌, ഹംഗറി, ഫിലപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ സഭയുടെ സമാനമായ ഇടപെടല്‍ ഉണ്ടായിട്ടുണെ്ടന്നും അദ്ദേഹം അനുസ്മരിച്ചു. യോഗത്തില്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അധ്യക്ഷം വഹിച്ചു.വിമോചനസമരം ഉണ്ടായില്ലായിരുന്നെങ്കില്‍ വര്‍ത്തമാന കേരളത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നെന്നും ജനക്ഷേമത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടിക്ക്‌ വേണ്ടി പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തു. ഏകാധിപത്യ നടപടികള്‍ക്കെതിരെയുള്ള ജനങ്ങളുടെ ചെറുത്തുനില്‍പ്പായിരുന്നു അതെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സ്വവര്‍ഗ ലൈംഗികത നിയമാനുസൃതമാക്കുന്ന ഡല്‍ഹി ഹൈക്കോടതി വിധി സാമൂഹ്യ അരാജകത്വത്തിന്‌ വഴി വയ്ക്കു മെന്നും സാംസ്കാരിക പൈതൃകങ്ങള്‍ തകര്‍ക്കുന്ന ഈ വിധി പ്രകൃതിവിരുദ്ധവും സ്വാഭാവിക മനുഷ്യബന്ധങ്ങളോടുള്ള വെല്ലുവിളിയാകുന്നതുകൊണ്ട്‌ അത്‌ റദ്ദ്‌ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും ഒരു പ്രമേയം വഴി ആവശ്യപ്പെട്ടു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, റവ.ഡോ.പോള്‍ തേലക്കാട്ട്‌, റവ.ഡോ.ജോസ്‌ ചിറമേല്‍, അഡ്വ.ജോസ്‌ വിതയത്തില്‍, ഫാ.ജോസ്‌ വയലിക്കോടത്ത്‌, സിസ്റ്റര്‍ ജോളി, ബാബു ജോസഫ്‌, അഡ്വ.ചാര്‍ളി പോള്‍, അഡ്വ. ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഐസക്ക്‌ മാടവന, ഫാ. വര്‍ക്ഷീസ്‌ പുരിക്കല്‍, ലിസി ബേബി, ഡേവീസ്‌ കല്ലൂക്കാരന്‍, ഫാ.ജോസഫ്‌ കല്ലറയ്ക്കല്‍, പി.ടി.പൗലോസ്‌, ബേബി ജോണ്‍, ഫാ.ജോര്‍ജ്‌ നേരെവീട്ടില്‍, സെബാസ്റ്റ്യന്‍ വടശ്ശേരി, ഫാ.ജോസ്‌ പുതിയേടത്ത്‌, ഫാ.പോള്‍ കാരാച്ചിറ, ഫാ.ജേക്കബ്‌ കോറോത്ത്‌, ഫാ.ഫ്രാന്‍സിസ്‌ ക്രിസ്റ്റി, ജിബിന്‍ തേക്കാനത്ത്‌ എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിച്ചു.