Saturday, July 4, 2009

സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധം: വര്‍ക്കല രാധാകൃഷ്ണന്‍

സ്ത്രീപുരുഷ ബന്ധങ്ങളില്‍ മായം ചേര്‍ക്കാനാണ്‌ സ്വവര്‍ഗ ലൈംഗികത നിയമപരമാക്കുന്നതെന്ന്‌ സിപിഎം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്‍ ആരോപിച്ചു. സ്വവര്‍ഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാ‍ം വകുപ്പ്‌ ഭേദഗതി ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വവര്‍ഗ ലൈംഗികത അനുവദിച്ചാല്‍ പല നിയമങ്ങള്‍ക്കും ഭേദഗതി വേണ്ടിവരും. പിന്‍തുടര്‍ച്ചാവകാശ നിയമത്തിനും സ്വത്ത്‌ അവകാശ നിയമത്തിനും ദത്തെടുക്കല്‍ നിയമത്തിനും ഭേദഗതികള്‍ ആവശ്യമായി വരുമെന്നും വര്‍ക്കല രാധാകൃഷ്ണന്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ ജീവപര്യന്തം തടവ്‌ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം നിയമ വിധേയമാക്കിയല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കി.സ്വവര്‍ഗ ലൈംഗികത മൗലികാവകാശമാണെന്നു പറയുന്നത്‌ അര്‍ഥശൂന്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ സ്വവര്‍ഗ ലൈംഗികത മൗലികാവകാശമായി അംഗീകരിച്ചാല്‍ അടുത്ത പടിയായി പരസ്യമായി ലൈംഗിക ബന്ധം നടത്തുന്നതിനുള്ള അനുമതിയും വസ്ത്രം ധരിക്കാതെ നഗ്നരായി സഞ്ചരിക്കാനുള്ള അവകാശവും മൗലികാവകാശത്തില്‍പ്പെടുത്തേണ്ടിവരുമെന്നും വര്‍ക്കല മുന്നറിയിപ്പു നല്‍കി. പെണ്‍കുട്ടികള്‍ക്ക്‌ ബലാത്സംഗത്തിലൂടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിന്‌ സമ്മതം നല്‍കാന്‍ 16 വയസും വിവാഹത്തിലൂടെ 18 വയസും നിശ്ചയിച്ചിരിക്കുന്നത്‌ നിയമമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. ഇത്‌ അങ്ങേയറ്റം പരിഹാസ്യമാണ്‌. ഈ നിയമങ്ങളിലാണ്‌ ഭേദഗതികള്‍ വേണ്ടതെന്നു അദ്ദേഹം ലേഖനത്തില്‍ പറയുന്നു. അതോടൊപ്പം തന്നെ സ്വവര്‍ഗ ലൈംഗികത നിയമപരമാക്കിയാല്‍ 16 വയസിനു മുകളിലുള്ള ആണ്‍ വാണിഭവും ആണ്‍ താത്തമാരും ഉദയം ചെയ്യുമെന്നും വര്‍ക്കല രാധാകൃഷ്ണന്‍ ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കി.