Tuesday, August 4, 2009

സാംസ്കാരിക സംഘടനകളില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കുന്നു:

സാംസ്കാരിക സംഘടനകള്‍പോലെയുള്ള സംഘടിത പ്രസ്ഥാനങ്ങളുടെ അധികാര സ്ഥാനങ്ങളില്‍ പാര്‍ട്ടിക്കാരെ കുത്തിത്തിരുകി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സമസ്തമേഖലയിലും ആധിപത്യം സ്ഥാപിക്കുന്നതു സമൂഹത്തിന്‌ അത്യധികം ആപത്കരമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫൊറോന പള്ളി, കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്നിവയുടെ സഹകരണത്തോടെ കുറവിലങ്ങാട്‌ പി.പി.എ ട്രസ്റ്റ്‌ സംഘടിപ്പിച്ച വിമോചന സമര അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍, അക്കാഡമിക്‌ പ്രസ്ഥാനങ്ങള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവയില്‍ പാര്‍ട്ടി ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരേ പ്രതികരിക്കാന്‍ മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ സാധിക്കുന്നില്ല. ഇത്‌ അത്യധികം ആപത്കരമായ ഒരു സ്ഥിതിവിശേഷമാണ്‌. വിമോചന സമരംപോലെയുള്ള അവകാശ സമരങ്ങള്‍ക്കു ചരിത്രത്തില്‍ സ്ഥാനം കുറയാന്‍ കാരണം ചില സംഘടിതശക്തികളുടെ പ്രവര്‍ത്തനംമൂലമാണ്‌. വിമോചന സമരത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കാന്‍ നമുക്കു സാധിക്കുന്നില്ല. നമ്മുടെ മൗലികാവകാശങ്ങള്‍ ചോദ്യം ചെയ്തിട്ടുപോലും ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയുന്നില്ല. ഇതിനു കാരണം ചരിത്രം മനസിലാക്കാത്തതാണ്‌. ധാര്‍മികാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ പള്ളിക്കും ഇടപെടാന്‍ അവകാശമുണ്ട്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു വിമോചന സമരം. ഇതിലും വലിയ ചരിത്ര പ്രാധാന്യം പാവങ്ങളെ വാരിക്കുന്തങ്ങളുമായി സായുധപോലീസിനു നേരെ പറഞ്ഞുവിട്ട്‌ ചതിക്കുഴി തീര്‍ത്ത പുന്നപ്ര വയലാര്‍ സമരത്തിനു നല്‍കുവാനുളള ശ്രമം ആസൂത്രിതമാണെന്ന്‌ നാം ഓര്‍ക്കണമെന്നും മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. ഫൊറോന വികാരി റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. പി.സി സിറിയക്‌ ഐ.എ.എസ്‌, ഡോ. കുര്യാസ്‌ കുമ്പളക്കുഴി, ഇമ്മാനുവല്‍ ജോണ്‍ നിധീരി, പി.സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.