ഇടതുപക്ഷ നേതാക്കളും സമാന ചിന്തയുള്ള മാധ്യമങ്ങളും വിമോചന സമരത്തെ സാമുദായികവത്കരിക്കാന്‍ കുത്സിതശ്രമം നടത്തുകയാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കാഞ്ഞിരപ്പള്ളി രൂപത സോഫിയ സ്റ്റഡിഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിമോചനസമര സുവര്‍ണ ജൂബിലി അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമോചനസമരത്തിനു പിന്നാലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്രനടപടിയെ സിപിഎം ഇന്നും വിമര്‍ശിക്കുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന ജനതാസര്‍ക്കാര്‍ അഞ്ച് സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടപ്പോള്‍ സിപിഎമ്മും സിപിഐയും അതിനെ പിന്തുണച്ചു.ഇക്കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടു ചരിത്രത്തെയും സത്യത്തെയും വളച്ചൊടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. എല്ലാ സമുദായങ്ങളും തൊഴിലാളി യൂണിയനുകളും ഒത്തുചേര്‍ന്ന് ഒന്നരലക്ഷം പേരാണ് വിമോചന സമരത്തിന് അണിനിരന്നത്. ഇതില്‍ മൂന്നിലൊന്ന് സ്ത്രീകളായിരുന്നു. ഇത്ര വലിയ ജനകീയ മുന്നേറ്റം എങ്ങനെ കേരളത്തിലുണ്ടായി എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അതിശയം പ്രകടിപ്പിച്ചു. അന്നത്തെ സാമൂഹിക പശ്ചാത്തലം ഇന്നും പ്രസക്തമാണ്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ന്യൂനപക്ഷ അവകാശവും സാമൂഹിക നീതിയും ധ്വംസിക്കുന്ന രീതിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മക്കള്‍ക്കും തലമുറകള്‍ക്കും പറഞ്ഞുകൊടുക്കേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിമോചന സമരത്തിന്റെ അനുസ്മരണ സമ്മേളനങ്ങള്‍ നടത്തുന്നത്- മാര്‍ പവ്വത്തില്‍ വ്യക്തമാക്കി. മാര്‍ മാത്യു അറയ്ക്കല്‍ അധ്യ ക്ഷനായിരുന്നു. കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ കച്ചിറമറ്റം, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ വിമോചന സമരത്തിന്റെ സാഹചര്യങ്ങളും ചരിത്ര പശ്ചാത്തലവും വ്യക്തമാക്കി.വിമോചന സമരത്തില്‍ പങ്കെടുത്ത രൂപതാംഗങ്ങളായ നൂറിലേറെപ്പേരെ ആദരിച്ചു. വികാരി ജനറാള്‍ ഫാ. ജോര്‍ജ് ആലുങ്കല്‍, വി.ജെ തോമസ്, കെസിബിസി അല്‍മായ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സോഫിയ സ്റ്റഡിഫോറം ഡയറക്ടര്‍ റവ. ഡോ. ജോസ് പുളിക്കല്‍ സ്വാഗതവും കെ.ഐ മാത്യു പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു.