Wednesday, August 12, 2009

സുവിശേഷത്തെ കൂട്ടുപിടിച്ച മിഷന്‍ലീഗ്‌ കുഞ്ഞേട്ടന്‍: ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സന്യാസ ജീവിതം നയിക്കുന്നവര്‍ അവരുടെ പരിശീലനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍പേരുമാറ്റി പുതിയ പേരിലറിയപ്പെടുന്ന കീഴ്‌വഴക്കം ഇന്നും സഭകയിലുണ്ട്‌. പേരുമാറ്റം അവരുടെ ആത്മീയ ജീവിതത്തിലുള്ള വളര്‍ച്ചയുടെ അടയാളമാണ്‌. പുതിയ ജീവിതക്രമം സ്വീകരിക്കുമ്പോള്‍ അതിന്‌ ഉതകുന്ന പുതിയ പേരും സ്വീകരിക്കുന്നു. ഏബ്രാഹം പല്ലാട്ടുകുന്നേലില്‍ നിന്ന്‌ മിഷന്‍ ലീഗ്‌ കുഞ്ഞേട്ടനിലേ്ക്ക്‌ വലിയ ഒരു ദൂരം ഉണ്ടായിരുന്നു. ‘മിഷന്‍ലീഗ്‌ ‘ എന്നത്‌ വീട്ടുപേരുപോലെ സ്വീകരിക്കപ്പെട്ടു. വിശ്വാസികളുടെ സമൂഹം അദ്ദേഹത്തിന്‌ നല്‍കിയ പേരാണത്‌. അദ്ദേഹത്തെ സ്നേഹിക്കുന്ന ദൈവജനം നല്‍കിയ അവാര്‍ഡാണത്‌. അദ്ദേഹത്തിന്റെ ഏറ്റവും വലിയ തനിമയും അതാണ്‌.1925 മാര്‍ച്ച്‌ 29 ന്‌ ഭരണങ്ങാനത്ത്‌ ജനിച്ച കുഞ്ഞേട്ടന്‍ 84 വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ആറ്റുതീരത്ത്‌ നടപ്പെട്ട വൃക്ഷം പോലെ പടര്‍ന്നു പന്തലിക്കുകയായിരുന്നു. അത്‌ പച്ചകെടാതെ നിന്ന്‌ ഫലങ്ങള്‍ നല്‍കി. സുവിശേഷമാകുന്ന വിത്ത്‌ വരുംതലമുറയ്ക്കുവേണ്ടി പാകിയ പ്രേഷിത കര്‍ഷകനാണ്‌ ബഹുമാനപ്പെട്ട കുഞ്ഞേട്ടന്‍. ഭാരത സ്വാതന്ത്ര്യസമരകാലത്തും വിമോചനസമരകാലത്തും സജീവമായി പ്രവര്‍ത്തിച്ച കുഞ്ഞേട്ടന്‍ ഒരുപക്ഷേ സജീവ സാന്നിധ്യമായത്‌ കുട്ടികളുടെ ഇടയിലായിരിക്കും. സുവിശേഷവത്കരണത്തിന്‌ ഒരു പുതിയ ഊന്നലും മാനവും നല്‍കിയ വ്യക്തിയാണ്‌ അദ്ദേഹം. ഈശോയേയും ഈശോയുടെ സുവിശേഷത്തെയും സ്നേഹിച്ച ഉത്തമനായ ഒരു പ്രേഷിതനായിരുന്നു കുഞ്ഞേട്ടന്‍. ഒരു മിഷനറി ചൈതന്യം കെടാത്ത അഗ്നിയായി മനസ്സില്‍ കൊണ്ടുനടന്ന വ്യക്തി. സമര്‍പ്പിത ജീവിതത്തിന്റെ ആത്മീയതയിലേക്കും ലാളിത്യത്തിലേ്ക്കും എത്തിനിന്ന അല്‍മായനെന്ന നിലയില്‍ കുഞ്ഞേട്ടന്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിയും സഭാചരിത്രത്തില്‍ സുവിശേഷത്തിന്റെ വേരുകളോട്‌ ചേര്‍ന്നു നില്‍ക്കുന്ന ഒരു ജീവിതശൈലിയുടെ ഉടമയുമാണ്‌. കുട്ടികളുടെ വിശ്വാസ പരീശീലനത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മിഷനറിയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക്‌ സുകൃതജപം പറഞ്ഞുകൊടുക്കുക, വിശുദ്ധരുടെ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുക, സ്വര്‍ഗത്തെക്കുറിച്ച്‌ പഠിപ്പിക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രേഷിതവഴികളായിരുന്നു. കുട്ടികള്‍ക്ക്‌ വിശ്വാസപരിശീലനം നല്‍കുക എന്നതാണ്‌ ഉത്തമമായ പ്രേഷിതവേല എന്ന്‌ അദ്ദേഹം ഉറച്ച്‌ വിശ്വസിച്ചിരുന്നു.കുഞ്ഞേട്ടന്റെ കത്തുകളും കുഞ്ഞുമിഷനറിയുമെല്ലാം ആ വിശുദ്ധവഴികളിലെ വെളിച്ചമായിരുന്നു. ഒരു അപ്പസ്തോലന്റെ തീക്ഷ്ണതയോടെ മിഷന്‍ലീഗിനെ അദ്ദേഹം സ്നേഹിച്ചു. സമര്‍പ്പിത ജീവിതത്തിലേക്ക്‌ ധാരാളം യുവതീയുവാക്കന്‍മാര്‍ കടന്നുവന്നതിന്റെ പിന്നില്‍ കുഞ്ഞേട്ടന്റെ ചൈതന്യമുണ്ട്‌. അപ്രകാരം സഭയുടെ പ്രേഷിത സ്വഭാവത്തിന്റെ പ്രഘോഷകനായി. ഈ അല്‍മായ പ്രേഷിതന്‌ ഈ ചൈതന്യം ലഭിച്ചത്‌ അല്‍ഫോന്‍സാമ്മയില്‍ നിന്നു തന്നെയാണ്‌. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ സഹോദരി സിസ്റ്റര്‍ റീത്തയോടൊപ്പം അതേ മഠത്തിലുള്ള അല്‍ഫോന്‍സാമ്മയെയും കുഞ്ഞേട്ടന്‍ സന്ദര്‍ശിച്ചിരുന്നു. അന്നു ലഭിച്ച കനല്‍ ഹൃദയത്തില്‍ സൂക്ഷിച്ച്‌ ഊതി പ്രകാശിപ്പിക്കുകയായിരുന്നു കുഞ്ഞേട്ടന്‍.റോമിലും ഭരണങ്ങാനത്തും നടന്ന അല്‍ഫോന്‍സാമ്മയുടെ നാമകരണചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത്‌ സംതൃപ്തിയടയാനുള്ള ഭാഗ്യവും കുഞ്ഞേട്ടന്‌ കിട്ടി. തികഞ്ഞ അല്‍ഫോന്‍സാ ഭക്തനായിരുന്നു കുഞ്ഞേട്ടന്‍. കുഞ്ഞേട്ടന്‍ ഒരിക്കല്‍ പറഞ്ഞു, “മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ചുമതല ദൈവം എന്നെ ഏല്‍പ്പിച്ചു” എന്ന്‌. കേരളത്തിലെ മാത്രമല്ല ഭാരതത്തിലൊട്ടാകെയുള്ള പല സ്കൂളുകളും മിഷന്‍പ്രദേശങ്ങളും സന്ദര്‍ശിച്ചപ്പോഴും, ലഘുഗ്രന്ഥങ്ങള്‍ വിതരണം ചെയ്തപ്പോഴും പഠനക്ലാസുകള്‍ നടത്തിയപ്പോഴുമെല്ലാം ഈ തീര്‍ത്ഥയാത്രയില്‍ അനേകരെ പങ്കെടുപ്പിക്കുകയായിരുന്നു അദ്ദേഹം. അവരിലെല്ലാം ഒരു പരലോക വിചാരവും ദൈവഭാഷയും ജനിപ്പിക്കാന്‍ അദ്ദഹത്തിന്‌ കഴിഞ്ഞു. തീക്ഷ്ണമതിയായ പൗലോസിനെപ്പോലെ സുവിശേഷവുമായി ഓടിനടന്ന ഒരു പ്രേഷിതനായിരുന്നു കുഞ്ഞേട്ടന്‍. സുവിശേഷത്തോട്‌ അടുപ്പമുളള ആ ജീവിതം വിശ്വാസികള്‍ക്ക്‌ ഒരു പരിശീലനക്കളരിയാവണം. അദ്ദേഹത്തിന്‌ കേരള സഭാതാരം അവാര്‍ഡ്‌, എകെസിസി അവാര്‍ഡ്‌, കെസിബിസി അവാര്‍ഡ്‌ തുടങ്ങി പല ബഹുമതികളും ലഭിച്ചെങ്കിലും ജനങ്ങള്‍ നല്‍കിയ ‘മിഷന്‍ലീഗ്‌ കുഞ്ഞേട്ടന്‍’ എന്നതാണ്‌ ഒളിമങ്ങാത്ത കിരീടം. ജീവന്റെ പുസ്തകത്തില്‍ ദൈവം കുഞ്ഞേട്ടന്റെ പേര്‌ എഴുതിച്ചേര്‍ക്കുമ്പോള്‍ ഭൂമിയില്‍ ആയിരങ്ങള്‍ അവരുടെ മനസിലും അത്‌ എഴുതും.