Monday, August 24, 2009

മതേതരത്വത്തിനു മാറ്റുകൂട്ടി നാണയ പ്രകാശനം

ഭരണങ്ങാനത്തിന്റെ പവിത്രമായ ചരിത്രത്തിന്‌ പുതിയ ഒരധ്യായം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള നാണയം പ്രകാശിപ്പിക്കപ്പെട്ടതോടെ രാജ്യം മതേതരമൂല്യങ്ങളെ ഒരിക്കല്‍ കൂടി ആദരിച്ചു. അധികമാരാലും അറിയപ്പെടാതെ നിശബ്ദമായി ജീവിച്ചു മരിച്ച അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ അല്‍ഫോന്‍സാമ്മയേയും കത്തോലിക്കാ സഭയുടെ ആധ്യാത്മിക മൂല്യങ്ങളെയും വിലമതിച്ചു. ഇനി മുതല്‍ അല്‍ഫോന്‍സാമ്മ ഭരണങ്ങാനത്തിന്റെയോ കുടമാളൂരിന്റെയോ മുട്ടുചിറയുടെയോ ക്രൈസ്തവരുടെയോ മാത്രമല്ല, ഭാരതത്തിന്റെ മുഴുവന്‍ സ്വന്തമാണ്‌. മൂന്നു കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും സഭാപിതാക്കന്മാരും ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുത്ത അല്‍ഫോന്‍സാ സ്മാരക നാണയ പ്രകാശനച്ചടങ്ങും ജന്മശതാബ്ദി ആഘോഷ ഉദ്ഘാടനവും വിശുദ്ധയോടുള്ള എല്ലാ ബഹുമാനാദരവുകളും പ്രകടിപ്പിക്കുന്നതായിരുന്നു. സമ്പന്നമായ വേദിയും നിറഞ്ഞ സദസും ചരിത്രമായി മാറുന്ന മഹത്തായ ചടങ്ങിനു സാക്ഷ്യംവഹിച്ചു. കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ്‌ മുഖര്‍ജി, അല്‍ഫോന്‍സാ സ്മാരക നാണയത്തിന്റെ പ്രകാശനവും വിശുദ്ധയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചപ്പോള്‍ സദസും വേദിയും ആദരപൂര്‍വം കരഘോഷം മുഴക്കി. ചടങ്ങിന്റെ മുഖ്യ അതിഥിയായിരുന്ന പ്രണാബ്‌ മുഖര്‍ജിയും ആശംസാപ്രസംഗകരുമെല്ലാം ഭാരതത്തിന്റെ മതേതരത്വത്തെ പുകഴ്ത്തി. അല്‍ഫോന്‍സാ അനുസ്മരണ നാണയത്തിലൂടെ അല്‍ഫോന്‍സാമ്മയും ക്രൈസ്തവ സഭയും ഒപ്പം ഭാരതവും ആദരിക്കപ്പെടുകയാണെന്ന്‌ അവര്‍ അനുസ്മരിച്ചു.ചിട്ടയായും ഭംഗിയായും നടന്ന സമ്മേളനം ഭരണങ്ങാനത്തിന്റെ സംഘാടക പ്രതിഭയ്ക്ക്‌ വീണ്ടുമൊരു കിരീടമായി. മൂന്നു മണിക്കായിരുന്നു സമ്മേളനമെങ്കിലും അതിനു മുമ്പുതന്നെ വിശാലമായ സമ്മേളന പന്തല്‍ നിറഞ്ഞിരുന്നു. പോലീസ്‌ അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും കെഎസ്‌ആര്‍ടിസി തുടങ്ങിയവയുടെയും സേവനം സമ്മേളനവിജയത്തിന്‌ മാറ്റുകൂട്ടി. ഗതാഗത തടസങ്ങളോ വാഹനപാര്‍ക്കിനുള്ള അസൗകര്യങ്ങളോ ഒന്നുമുണ്ടാകാതെ വോളണ്ടിയേഴ്സും സമ്മേളന വിജയത്തിനായി ഉത്സാഹിച്ചു.