Monday, August 24, 2009

വിശുദ്ധയുടെ കബറിടത്തില്‍ പ്രണാമമര്‍പ്പിച്ച്‌ പ്രണാബ്‌

ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിലെ കടുത്ത തിരക്കില്‍നിന്ന്‌ വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി ഭരണങ്ങാനത്ത്‌ എത്തിയ കേന്ദ്രധനകാര്യ മന്ത്രി തെല്ലുനേരം വിശുദ്ധയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിച്ചു. കൊച്ചിയില്‍നിന്ന്‌ ഹെലികോപ്ടറില്‍ കോട്ടയത്തെത്തിയ ശേഷം കാര്‍ മാര്‍ഗം ഭരണങ്ങാനത്തെത്തിയ മന്ത്രി നേരെ പോയത്‌ വിശുദ്ധയുടെ കബറിടത്തിലേക്കായിരുന്നു. കബറിടത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം മൗനമായ പ്രാര്‍ത്ഥന. തുടര്‍ന്ന്‌ സമ്മേളന വേദിയിലേക്ക്‌. വേദിയിലെത്തിയ കേന്ദ്രമന്ത്രിയെ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സഹന വഴിയിലൂടെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ പേരില്‍ നാണയം പുറത്തിറക്കുമ്പോഴുള്ള രാജ്യത്തിന്റെ സന്തോഷം അറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യോഗത്തിലേക്കു തന്നെ ക്ഷണിച്ച ജോസ്‌ കെ മാണിയെയും താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ധനകാര്യ വകുപ്പ്‌ കൈകാര്യം ചെയ്തിരുന്ന കെ.എം മാണിയെയും മന്ത്രി അഭിനന്ദിച്ചു. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച വേളയില്‍ കേന്ദ്രത്തില്‍ നിന്നു പ്രതിനിധികളെ അയക്കാന്‍ സാധിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു