Friday, August 28, 2009

വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തുക : അല്‍മായ കമ്മീഷന്‍

ക്രൈസ്തവ വിശ്വാസത്തെയും സഭാസംവിധാനങ്ങളെയും ലക്ഷ്യമാക്കി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കും അവഹേളനങ്ങള്‍ക്കുമെതിരേ ജാഗരൂകരാകാന്‍ സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ ആഹ്വാനം ചെയ്തു. നേട്ടങ്ങള്‍ കൈവരിച്ചവര്‍ കടന്നുവന്ന വഴികളെക്കുറിച്ച്‌ അഭിമാനപൂര്‍വം സഭാ സമൂഹത്തില്‍ വിവരിച്ചാല്‍ മതേതരത്വം നഷ്ടപ്പെടുമെന്ന്‌ വ്യാഖ്യാനിക്കുന്നവരുടെ ജല്‍പനങ്ങള്‍ ലജ്ജാകരമാണ്‌. ഭരണഘടനയും മതേതരത്വവും അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ക്രൈസ്തവ സമൂഹം മതസൗഹാര്‍ദവും പരസ്പര സ്നേഹവും സമാധാനവും കാംക്ഷിക്കുന്നവരാണ്‌. ജാതിയും മതവും രാഷ്ട്രീയവും ഭാഷയും നോക്കാതെ ക്രൈസ്തവസഭയുടെ നിസ്വാര്‍ഥ സേവന പ്രവര്‍ത്തന മേഖലകളെ ലോകം മുഴുവനും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച്‌ നേട്ടങ്ങള്‍ കൊയ്യാനാണ്‌ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്‌. ക്രൈസ്തവ സഭയെക്കുറിച്ചു പഠനമോ അറിവോ ഇല്ലാത്തവരുടെ ആക്ഷേപങ്ങള്‍ അല്‍മായ സമൂഹം മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.