Thursday, August 13, 2009

ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനെ കല്ലെറിയുന്നവര്‍ സത്യം മനസിലാക്കുമോ? : ഫാ.വര്‍ഗീസ്‌ വള്ളിക്കാട്ട്‌

58 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസം ഇന്നു വിവാദങ്ങളുടെ മധ്യത്തിലാണ്‌. 1951ല്‍ സംസ്ഥാനത്ത്‌ ആദ്യ മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരത്തു പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്‌ കോഴിക്കോട്‌, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങി. 1963ല്‍ തിരുമല ദേവസ്വത്തിന്റെ കീഴില്‍ ആലപ്പുഴയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളജ്‌ സാമ്പത്തിക പരാധീനത മൂലം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ 1967ല്‍ കോളജിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1973ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. സംസ്ഥാനത്തെ ആദ്യ സ്വാശ്രയ മെഡിക്കല്‍ കോളജിന്റേതു സാമ്പത്തിക പരാജയത്തിന്റെ ചരിത്രമാണെന്നു സൂചിപ്പിക്കനാണ്‌ ഇക്കാര്യം പറഞ്ഞത്‌.1990കളുടെ മധ്യംവരെയും അഞ്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്‌. 700 മെഡിക്കല്‍ സീറ്റുകളാണ്‌ ഇവിടങ്ങളിലായി ലഭ്യമായിരുന്നത്‌. സര്‍ക്കാര്‍ ആരോഗ്യമേഖലയിലും സൗകര്യങ്ങള്‍ പരിമിതമായിരുന്നു.സ്വാശ്രയരംഗത്തു മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തോടെ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരാറിലായെന്നും ഈ രംഗത്തേക്കു കടന്നുവന്ന ചില ആളുകളുടെയും ഏജന്‍സികളുടെയും നിലപാടുകള്‍ തകര്‍ച്ച പൂര്‍ണമാക്കിയെന്നുമുള്ള വിലയിരുത്തലുകളിലടങ്ങിയിട്ടുള്ള മുന്‍ വിധികള്‍ പരിശോധിക്കപ്പെടേണ്ടതാണ്‌.1990കളുടെ മധ്യത്തില്‍ സഹകരണ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജ്‌ എന്ന ആശയം മന്ത്രിയായിരുന്ന എം.വി രാഘവന്‍ മുന്നോട്ടുവച്ചപ്പോള്‍ തുടങ്ങിയ രക്തരൂക്ഷിത സമരപരമ്പരകള്‍ ഇപ്പോള്‍ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകള്‍ക്കു നേരെയുള്ള ദുഷ്പ്രചാരണ പ്രതികാര നടപടികളിലേക്കു മാത്രമായി ഏതാണ്ട്‌ ഒതുങ്ങിയിരിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടും സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തോടുമുള്ള എതിര്‍പ്പ്‌ ഉയര്‍ന്നു വന്നതു മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തുനിന്നോ അക്കാദമിക്‌ തലങ്ങളില്‍ നിന്നോ ആയിരുന്നില്ല. അക്കാദമിക്‌ താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു ഇതിനു പിന്നിലെന്നു വ്യക്തം.പ്രവേശനം, ഫീസ്‌ തുടങ്ങിയവയായിരുന്നു പ്രശ്നവിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവന്നവയില്‍ പ്രധാനം. ഒരു മെഡിക്കല്‍ കോളജ്‌ തുടങ്ങി നടത്തിക്കൊണ്ടുപോകാന്‍ 25 കോടി മതിയെന്നു പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നടത്തിപ്പില്‍ എഴുതിത്തള്ളിയ കോടികളുടെ കണക്ക്‌ ജനങ്ങളോടു വിശദീകരിക്കാനും ബാധ്യസ്ഥരാണ്‌. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പാഴാക്കിയ കോടികളുടെ കണക്കുപോലും ആര്‍ക്കുമറിയില്ല.പ്രവേശന നടപടികള്‍ സുതാര്യമാക്കുക, മെറിറ്റു മാത്രം മാനദണ്ഡമാക്കുക, സാമൂഹ്യനീതി ഉറപ്പാക്കുക എന്നീ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അങ്ങേയറ്റം ആദരിക്കപ്പെടേണ്ടതാണ്‌. ഇക്കാര്യങ്ങളില്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തുന്നതിന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കു സന്തോഷമേയുള്ളൂവെന്നു ഇതിനോടകം പലതവണ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ മാനേജ്മെന്റ്‌ അസോസിയേഷനുമായി സര്‍ക്കാരുണ്ടാക്കിയ ധാരണയില്‍ ഒപ്പിടാന്‍ ഈ കോളജുകള്‍ വിസമ്മതിച്ചിരിക്കുകയാണ്‌. ഇപ്പോള്‍ ഇന്റര്‍ചര്‍ച്ച്‌ കോളജുകളില്‍ നടക്കുന്നതിനേക്കാള്‍ മെച്ചമായി മുകളില്‍പറഞ്ഞിരിക്കുന്ന തത്ത്വങ്ങള്‍ ധാരണ ഒപ്പിടുന്നതിലൂടെ നടപ്പാക്കാനാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല.സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ കോളജുകള്‍ തത്ത്വങ്ങള്‍ എങ്ങനെ നടപ്പാക്കുന്നുവെന്നു ഏകപക്ഷീയമായി ഇവിടെ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴില്‍ വരുന്ന നാലു മെഡിക്കല്‍ കോളജുകളിലെ 400 സീറ്റുകളിലേക്കും ഒരു ദന്തല്‍ കോളജിലെ 50 സീറ്റുകളിലേക്കുമായി 2009 ല്‍ ലഭിച്ചത്‌ 1800 അപേക്ഷകളും സര്‍ക്കാരുമായി ധാരണയുണ്ടാക്കിയതായി പറയുന്ന എട്ടു മെഡിക്കല്‍ കോളജുകളിലേക്കു ലഭിച്ചത്‌ 600 അപേക്ഷകളുമായിരുന്നുവല്ലോ. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സുതാര്യമായി ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലെ കോളജുകളില്‍ പ്രവേശനം നടത്തിയിട്ടും അനാവശ്യമായ ആരോപണവും കുപ്രചാരണവും ഉണ്ടായി. 15 എന്‍.ആര്‍.ഐ സീറ്റുകളിലൊഴികെ 85 ശതമാനം സീറ്റിലും മെറിറ്റു മാത്രമാണ്‌ മാനദണ്ഡമാക്കിയത്‌. എന്‍.ആര്‍.ഐ സീറ്റുകളില്‍ ധാരണയുണ്ടാക്കിയ കോളജുകളിലേക്കാള്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ കുറഞ്ഞ ഫീസാണ്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലെ കോളജുകള്‍ വാങ്ങിയത്‌.സാമൂഹ്യനീതി പൂര്‍ണമായി ഉറപ്പാക്കാന്‍ കോളജുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. സംവരണതത്ത്വങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ പ്രവേശനം നടത്തിയത്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ മതമോ, ജാതിയോ നോക്കാതെ സ്കോളര്‍ഷിപ്പുകളും ഫീസിളവുകളും അനുവദിച്ചു നല്‍കിയിട്ടുണ്ട്‌. 10,000 രൂപ വാര്‍ഷിക ഫീസില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഒരു പക്ഷേ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ കോളജുകളില്‍ മാത്രമേ ഉണ്ടാകൂ.തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ 2007, 2008, 2009 ബാച്ചുകളിലായി 40 വിദ്യാര്‍ഥികള്‍ക്കു 5,11,78,495 രൂപ അനുവദിച്ചിട്ടുണ്ട്‌. 2003 മുതല്‍ ഓരോ ബാച്ചിലെയും സാമ്പത്തികമായി പരാധീനതയുള്ള കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പു നല്‍കുന്നുണ്ട്‌. വിദ്യാര്‍ഥികളുടെ അപേക്ഷ കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കി പരിശോധിച്ചു സാമ്പത്തിക പിന്നോക്കാവസ്ഥ കണെ്ടത്തുന്നതിനും സ്കോളര്‍ഷിപ്പുകള്‍ നിശ്ചയിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യനീതി നടപ്പാക്കുന്നതില്‍ ഈ കോളജുകള്‍ മറ്റാരേക്കാളും മുന്നിലാണെന്ന്‌ അഭിമാനപൂര്‍വം പറയാം.ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും അവ നടത്തുന്ന സഭാ സമൂഹങ്ങളുടെയും സത്യസന്ധതയും സാമൂഹ്യ പ്രതിബദ്ധതയും കാലം തെളിയിക്കുകയും ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. തത്കാലത്തേക്കു പൂമാലകള്‍ നമുക്കാവശ്യമില്ല, എങ്കിലും കല്ലെറിയുന്നവരും ദുഷ്പ്രചാരണം നടത്തുന്നവരും എക്കാലത്തേക്കും സത്യം മനസിലാക്കാതിരിക്കുമോ? കഷ്ടരാത്രിയില്‍ തളര്‍ന്നു പോകാതിരിക്കാനുള്ള ആത്മീയ ബലത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. എല്ലാ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി പരിണമിക്കട്ടേയെന്നും.