Friday, August 14, 2009

വിശ്വാസത്തില്‍ അടിയുറച്ച അല്‍മായ സമൂഹം സഭയ്ക്ക്‌ ശക്തി പകരും: മാര്‍ വിതയത്തില്‍

ദൈവവിശ്വാസത്തിലും സഭാനിയമങ്ങളിലും അടിയുറച്ച്‌ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അല്‍മായ സമൂഹം ക്രൈസ്തവ സഭയ്ക്ക്‌ എന്നും ശക്തി പകരുമെന്ന്‌ സീറോ മലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അന്തര്‍ദേശീയ അല്‍മായ സമ്മേളനം സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.അനേകം നൂറ്റാണ്ടുകളായി സഭയില്‍ വിവിധ ശുശ്രൂഷകള്‍ വൈദികരുടെയും സന്ന്യസ്തരുടെയും ഉത്തരവാദിത്വമായിട്ടാണ്‌ പരിഗണിച്ചിരുന്നത്‌. എന്നാല്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അല്‍മായര്‍ക്കും സഭാ ശുശ്രൂഷകളിലുള്ള പങ്കാളിത്തത്തിന്‌ ഊന്നല്‍ നല്‍കി. ദൈവജനമാണ്‌ സഭ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം തന്നെ ഈ അല്‍മായ പങ്കാളിത്തത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സീറോ മലബാര്‍ സഭയിലെ അല്‍മായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും ഏകീകരിക്കുന്നതിനും വേണ്ടിയാണ്‌ അല്‍മായ കമ്മീഷന്‍ രൂപീകൃതമായിരിക്കുന്നത്‌. വിശ്വാസത്തോടുള്ള പ്രതിബദ്ധത ദേവാലയ കര്‍മങ്ങളില്‍ ഒതുങ്ങുകയും സാമൂഹിക രാഷ്ട്രീയരംഗത്തേക്കിറങ്ങുമ്പോള്‍ വിശ്വാസവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും സമീപനങ്ങളും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന അവസ്ഥ അല്‍മായര്‍ക്കിടയില്‍ സംജാതമായിട്ടുണ്ട്‌. വിശ്വാസജീവിതം ശക്തിപ്പെടുത്തേണ്ടത്‌ വിശ്വാസപരിശീലന ക്ലാസുകളിലൂടെയും വീടുകളില്‍ മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതത്തിലൂടെയുമാണ്‌. തിരുസഭയുടെ പ്രതീക്ഷയും ഭാവിയും യുവജനങ്ങളിലാണ്‌ നിക്ഷിപ്തമായിരിക്കുന്നതെന്ന സത്യം നാം വിസ്മരിക്കരുത്‌. വിശ്വാസജീവിതത്തെ കൂടുതല്‍ നവീകരിക്കാനും വെല്ലുവിളികളെ ധീരമായി നേരിടാനുള്ള ശക്തി സംഭരിക്കാനും ഈ അസംബ്ലി കാരണമാകട്ടെ: മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. ബുദ്ധിയും സര്‍ഗസിദ്ധിയും സാമ്പത്തികശേഷിയും ഔദാര്യമനസും കൊണ്ട്‌ ഇത്ര ചലനാത്മകമായ സഭാസമൂഹം ലോകത്ത്‌ വേറെയില്ലെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായപ്പെട്ടു. കോട്ടയം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, രാജ്്കോട്ട്‌ ബിഷപ്‌ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രെല്‍, ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, എറണാകുളം അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രവാസി പ്രതിനിധി റെജിമോള്‍ എര്‍ണാകേരില്‍ എന്നിവര്‍ പ്രസംഗിച്ചു. അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ സ്വാഗതവും സീറോമലബാര്‍ സഭ ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ ഡോ.മോഹന്‍ തോമസ്‌ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ സീറോ മലബാര്‍സഭ - ചരിത്രം, പാരമ്പര്യം, വ്യക്തിത്വം എന്നീ വിഷയങ്ങളെക്കുറിച്ച്‌ പ്രഫ. ഡോ. കുര്യാക്കോസ്‌ കുമ്പളക്കുഴിയും സഭയിലെ അല്‍മായ പങ്കാളിത്തത്തെക്കുറിച്ച്‌ ജോണ്‍ കച്ചിറമറ്റവും അല്‍മായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പി.യു തോമസും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രഫ. വി.ജെ പാപ്പു എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഇന്ന്‌ രാവിലെ ഒമ്പതിന്‌ അല ്മായ അസംബ്ലിയുടെ മുഖ്യപ്രബന്ധമായ സീറോ മലബാര്‍ സഭ- 2030 തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ അവതരിപ്പിക്കും. തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷത വഹിക്കും. മുന്‍ ഡിജിപി ഹോര്‍മീസ്‌ തരകന്‍ മോഡറേറ്ററായിരിക്കും. ഉപവിഷയങ്ങളില്‍ ഡോ. പി.സി അനിയന്‍കുഞ്ഞ്‌, ഡോ. സിറിയക്ക്‌ തോമസ്‌, ഡോ.എന്‍.ജെ കുര്യന്‍, പി.സി സിറിയക്ക്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ കല്യാണ്‍ ബിഷപ്‌ മാര്‍ തോമസ്‌ ഇലവനാലിന്റെ അധ്യക്ഷതയില്‍ ഡോ.ജാ ന്‍സി ജയിംസ്‌, അഗസ്റ്റിന്‍ ജോര്‍ജ്‌, ഡോ. കൊച്ചുറാണി ജോസഫ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പ്രവാസി സീറോമലബാര്‍ സഭാ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സാഗര്‍ ബിഷപ്‌ മാര്‍ ആന്റണി ചിറയത്തിന്റെ അധ്യക്ഷതയില്‍ സിബി ജോസഫ്‌ വാണിയപ്പുരയ്ക്കല്‍, ഡോ.ജോര്‍ജ്‌ അരീക്കല്‍ എന്നിവരും സഭയുടെ വെല്ലുവിളികളെ ക്കുറിച്ച്‌ പി. സെഡ്‌. തോമസ്‌, പി. ഐ ലാസര്‍, അഡ്വ.റോമി ചാക്കോ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചാന്ദാ ബിഷപ്‌ മാര്‍ വിജയാനന്ദ്‌ നെടുമ്പുറം സന്ദേശം നല്‍കും. വൈകുന്നേരം ആറിന്‌ സീറോമലബാര്‍ സഭ അല്‍മായ കമ്മീഷന്‍-പ്രവര്‍ത്തനങ്ങളും മാര്‍ഗരേഖകളും എന്ന വിഷയത്തില്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിക്കും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷതവഹിക്കും. ടി.കെ ജോസ്‌ മോഡറേറ്ററായിരിക്കും.