Saturday, August 22, 2009

ആതുരശുശ്രൂഷകര്‍ ദൈവിക പദ്ധതിയുടെ ഉപകരണങ്ങളാകണം : മാര്‍ ക്ലീമിസ്‌ ബാവ

ആതുര ശുശ്രൂഷകര്‍ ദൈവിക പദ്ധതിയുടെ ഉപകരണങ്ങളാകണമെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ്‌ റിന്യൂവല്‍ സെന്ററില്‍ ആരംഭിച്ച കാത്തലിക്‌ നഴ്സിംഗ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ സൗത്ത്‌ വെസ്റ്റ്‌ റീജണിന്റെ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദനിക്കുന്നവര്‍ക്ക്‌ കരുണയും സ്നേഹവും പകര്‍ന്നുനല്‍കുന്നതുവഴി ദൈവസ്നേഹമാണ്‌ ആതുരശുശ്രൂഷകര്‍ പകര്‍ന്നു നല്‍കുന്നത്‌. രോഗാവസ്ഥയിലാണ്‌ പലരും ദൈവത്തിലേക്ക്‌ തിരിയുന്നത്‌. ശുശ്രൂഷ സമൂഹത്തെയും രാജ്യത്തെയും സേവിക്കുന്നതിന്‌ കൂടുതല്‍ പര്യാപ്തമാകണം: കാതോലിക്കാബാവ പറഞ്ഞു.വിവിധ സഭാസംവിധാനങ്ങളില്‍ സഭയുടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ചടങ്ങില്‍ പ്രഭാഷണം നടത്തിയ സിഎന്‍സിഐ ദേശീയ എക്ലീസിയാസ്റ്റിക്കല്‍ ഉപദേശകന്‍ ഫാ.ടോമി കരിയിലക്കുളം വ്യക്തമാക്കി. ദേശീയ പ്രസിഡന്റ്‌ സിസ്റ്റര്‍ ആനി ജോണ്‍, പ്രോഗ്രാം ചെയര്‍പേഴ്സണ്‍ സിസ്റ്റര്‍ ശോഭിത, സിസ്റ്റര്‍ സില്‍വിയ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ‘എത്തിക്കല്‍ കണ്‍സേണ്‍ ഇന്‍ നഴ്സിംഗ്‌ കീയര്‍’ എന്ന വിഷയത്തില്‍ ഫാ.ഫ്രാന്‍സിസ്‌ ക്ലാസെടുത്തു. പെരുമ്പുഴ മാര്‍ ജൂവാനിയോസ്‌ നഴ്സിംഗ്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കാഞ്ചന അധ്യക്ഷയായിരുന്നു. ഇന്നു രാവിലെ ഒന്‍പതിന്‌ ‘ഫാമിലി ഹെല്‍ത്ത്‌ എഡ്യൂക്കേഷന്‍’ എന്ന വിഷയത്തെക്കുറിച്ച്‌ ജസീന്ത ലോബോ ക്ലാസെടുക്കും. സിസ്റ്റര്‍ ഡോറിസ്‌ (ഹോളി ക്രോസ്‌ നഴ്സിംഗ്‌ കോളജ്‌) അധ്യക്ഷയായിരിക്കും. നാളെ രാവിലെ ഒമ്പതിന്‌ ഫാ.ടോമി കരിയിലക്കുളം ക്ലാസെടുക്കും. ചടങ്ങുകള്‍ക്ക്‌ മേജര്‍ അതിരൂപതാ അഡ്വൈസര്‍ ഫാ.ജോസ്‌ കിഴക്കേടത്ത്‌ നേതൃത്വം നല്‍കുന്നു.