ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അടിയറവുവച്ച് കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള, നാലു സ്വാശ്രയ പ്രഫഷണല്‍ കോളജുകളുടെ റദ്ദു ചെയ്ത അഫിലിയേഷന്‍ പുന:സ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ വിധിതീര്‍പ്പ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പീഡനങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വക്താവ് റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍. ഭരണഘടനയെയും കോടതിവിധിയെയും മാനിക്കാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഇതുപോലുള്ള തിരിച്ചടികള്‍ നേരിടുന്നത്.ഏറ്റവും ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ അമല, ജൂബിലി എന്നീ മെഡിക്കല്‍ കോളജുകളെയും സഹൃദയ, ജ്യോതി എന്നീ എന്‍ജിനീയറിംഗ് കോളജുകളെയും തിരഞ്ഞുപിടിച്ച് അഫിലിയേഷന്‍ റദ്ദു ചെയ്തത് ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള പകപോക്കലായിട്ടാണ് കാണാന്‍ കഴിയുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്നതില്‍ സന്തോഷം കണെ്ടത്തുകയും അതിനു പ്രചാരണം നല്‍കുകയുമായിരുന്നു യൂണിവേഴ്സിറ്റി അധികൃതര്‍.വിദ്യാര്‍ഥി പ്രവേശനകാലത്തു നടത്തുന്ന ഇതുപോലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി ഇവിടെ വിദ്യാഭ്യാസരംഗത്തു പ്രതിസന്ധി സൃഷ്ടിക്കാനും അതുവഴി മറ്റു സംസ്ഥാനങ്ങളിലേക്കു വിദ്യാര്‍ഥികള്‍ പ്രവഹിക്കാനും സാഹചര്യമൊരുക്കാന്‍ കരാറെടുത്തവരെപ്പോലെയാണ് വിദ്യാഭ്യാസ വകുപ്പു പ്രവര്‍ത്തിക്കുന്നത്. കോടികളുടെ കമ്മീഷന്‍ പറ്റിയാണ് ഈ വിദ്യാഭ്യാസ മൊത്തകച്ചവടം നടത്തുന്നതെന്നും ആക്ഷേപം ഉണ്ട്.ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി അനുദിനം കോടതി കറയേണ്ട ഗതികേടിലാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍. നൂറില്‍പ്പരം കേസുകളാണ് ഈ അവകാശങ്ങള്‍ സര്‍ക്കാര്‍ കൈയേറുന്നതിനെതിരെ ഇപ്പോള്‍ത്തന്നെ ഉള്ളത്. ന്യൂനപക്ഷസംരക്ഷകര്‍ എന്ന് നിരന്തരം വീമ്പിളക്കുന്നവരാണ് ഇതുപോലെ സാമൂഹ്യവിരുദ്ധവും വിദ്യാര്‍ഥിവിരുദ്ധവും, ന്യൂനപക്ഷ വിരുദ്ധവുമായ നിലപാടുകളിലേക്ക് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.