Monday, September 7, 2009

ദേശീയപാതയ്ക്ക്‌ സമീപം മദ്യശാലകള്‍ നിരോധിക്കണം : കെസിബിസി

ദേശീയ പാതകള്‍ക്കും ഗതാഗതത്തിരക്കു കൂടുതലുള്ള പ്രധാന റോഡുകള്‍ക്കും സമീപം മദ്യശാലകള്‍ നടത്താന്‍ ലൈസന്‍സ്‌ നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ നടപ്പിലാക്കണമെന്നു കെസിബിസി ആവശ്യപ്പെട്ടു. കേരളത്തില്‍ മദ്യപാനശീലവും ദേശീയ പാതകള്‍ക്ക്‌ സമീപമുള്ള മദ്യശാലകളോട്‌ ചേര്‍ന്ന്‌ റോഡപകടങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളം അടിയന്തരപ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതായിട്ടുണ്ട്‌. കേരളത്തിലെ റോഡുകളിലുണ്ടാകുന്ന അപകടങ്ങള്‍ക്കു പ്രധാന കാരണം മദ്യപിച്ചു കൊണ്ടുള്ള ഡ്രൈവിംഗാണെന്ന്‌ സര്‍ക്കാര്‍ തന്നെ നടത്തിയ വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. മദ്യവില്‍പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ട്‌ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്‌ ഒരു ജനതയോട്‌ ചെയ്യുന്ന വലിയ സാമൂഹിക അനീതിയാണെന്നു കെസിബിസി ഭാരവാഹികളായ പ്രസിഡന്റ്‌ ആര്‍ച്ചു ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈ സ്പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ സെക്രട്ടറി ജനറല്‍, ആര്‍ച്ച്‌ ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.