Friday, September 11, 2009

കത്തോലിക്കാസഭ എന്നും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്‌ : മാര്‍ പവ്വത്തില്‍

കത്തോലിക്കസഭ എന്നും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. പി.ഒ.സിയില്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കസഭാവക്താക്കള്‍ക്ക്‌ വേണ്ടി നടന്ന മാധ്യമ സമ്പര്‍ക്ക ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. അടുത്തകാലത്ത്‌ കത്തോലിക്കസഭയും സമൂഹവും കൂടുതല്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌.കത്തോലിക്കസഭയെ ജനമധ്യത്തില്‍ ആക്ഷേപിക്കാന്‍ ഭരണരംഗത്തുനിന്നുള്ള അതിശക്തമായ നീക്കവും നടന്നുവരുന്നു. വിവിധമേഖലകളില്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്‌. ഈ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പെട്ടെന്ന്‌ രൂപം കൊണ്ടതല്ല. 1957ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസനയം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുകയാണ്‌. അന്ന്‌ നടപ്പിലാക്കാന്‍ സാധിക്കാത്ത അജന്‍ഡ ഇപ്പോള്‍ നടപ്പിലാക്കി സഭയെ വെല്ലുവിളിക്കാനാണ്‌ തീരുമാനം. മതനിരപേക്ഷത ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ച്‌ മതത്തെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. വിശ്വാസവും ധാര്‍മികതയും പൊതുസമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ മതവും വിശ്വാസവും ആവശ്യമാണെന്നും ആര്‍ച്ച്ബിഷപ്‌ വ്യക്തമാക്കി. നന്മ കൈവിടാതെ സത്യത്തെ മുറുകെ പിടിച്ച്‌ ഒരേ സ്വരത്തില്‍ കെട്ടുറപ്പോടെ സഭയുടെ അഭിപ്രായം പ്രഖ്യാപിക്കാന്‍ നമുക്കു കഴിയണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്‍ ചയര്‍മാന്‍ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വക്താവ്‌ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ജീവന്‍ ടിവി എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ പി.ജെ ആന്റണി, സോഷ്യല്‍ ഹാര്‍മണി ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മീഷന്‍സെക്രട്ടറി ഫാ.ജോണി കൊച്ചുപ്പറമ്പില്‍, ഡോ.ലിസി ജോസ്‌, അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മനോരമ ന്യൂസ്ഡയറക്ടര്‍ ജോണി ലൂക്കോസ്‌, സീറോമലബാര്‍സഭ വക്താവ റവ. ഡോ. പോള്‍ തേലക്കാട്ട്‌, ഇന്ത്യ വിഷന്‍ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റര്‍ മിസ്റ്റര്‍ ഭഗത്‌ ചന്ദ്രശേഖര്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ രൂപതകളില്‍നിന്നായി നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു.