Monday, September 14, 2009

സര്‍വകലാശാലകളെ രാഷ്ര്ടീയ വിമുക്തമാക്കണം: കെസിബിസി

സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ രാഷ്ര്ടീയ വിമുക്തമാക്കിയാല്‍ മാത്രമേ വിദ്യാഭ്യാസരംഗത്ത്‌ കേരളത്തിന്‌ പുരോഗതി പ്രാപിക്കാനാകൂയെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. കേരളത്തിലെ സര്‍വകലാശാലകളെ കക്ഷി രാഷ്ട്രീയക്കാരാണ്‌ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. രാഷ്ട്രീയ പാര്‍ട്ടിക്ക്‌ ഇഷ്ടമുള്ളവരെ റിക്രൂട്ട്‌ ചെയ്യുന്നതും അനഭിമതരെ പുറത്താക്കുന്നതും ശരിയല്ല. സര്‍വകലാശാലകളെ അടക്കി ഭരിക്കുന്ന രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉന്നത അക്കാദമിക്ക്‌ മേഖലയില്‍ അരാജകത്വം വര്‍ധിക്കും. സര്‍വകലാശാല കളുടെ സിന്‍ഡിക്കേറ്റുകളിലേക്ക്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യാപക സംഘടനകളുടെയും പ്രതിനിധികളെ നോമിനേറ്റ്‌ ചെയ്യുന്ന രീതി നിര്‍ത്തലാക്കി അക്കാദമിക്‌ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്ക്‌ ഭരണച്ചുമതല നല്‍കണം. രാഷ്ട്രീയ അതിപ്രസരം മൂലം ചില സര്‍വകലാശാലകളില്‍ വൈസ്‌ ചാന്‍സലര്‍മാര്‍ തുടര്‍ച്ചയായി രാജിവച്ച്‌ ഒഴിയേണ്ട അവസ്ഥയാ ണ്‌. സര്‍വകലാശാലകളേയും ഉന്നത വിദ്യാഭ്യാസ രംഗത്തേയും രാഷ്ട്രീയ മുക്തമാക്കാന്‍ സര്‍ക്കാരും രാഷ്ട്രീ യ പാര്‍ട്ടികളും സഹകരിച്ചു അടിയന്തരമായി തീരുമാനമെടുക്കണമെന്നു കെസിബിസി ഭാരവാഹികളായ പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.