കേരളസഭയിലെ എല്ലാ രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍മാര്‍ക്കും രൂപതാ റിസോഴ്സ് ടീം അംഗങ്ങള്‍ക്കും കേരള കാത്തലിക് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി-മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും വേണ്ടി പാലാരിവട്ടം പി.ഒ.സിയില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 29, 30 തീയതികളില്‍ ഡയറക്ടേഴ്സ് ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് 29-ന് രാവിലെ പത്തിന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷനായിരിക്കും. ആദ്യ പാനല്‍ ചര്‍ച്ച ഉച്ച കഴിഞ്ഞ് രണ്ടിനും രണ്ടാം പാനല്‍ ചര്‍ച്ച വൈകുന്നേരം അഞ്ചരയ്ക്കും നടക്കും. 30-ന് രാവിലെ ആറരയ്ക്ക് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും വചനപ്രഘോഷണവും ഉണ്ടായിരിക്കും. 8.45-ന് സഭയില്‍ ദൈവവചനത്തിന്റെ പ്രഘോഷണത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ എന്ന വിഷയത്തെ അധീകരിച്ച് മൂന്നാം പാനല്‍ ചര്‍ച്ച നടത്തും. ദൈവവനചത്തിന്റെ പ്രഘോഷണത്തിന് ഡിജിറ്റല്‍ സംസ്കാരത്തിന്റെ വെല്ലുവിളി എന്ന വിഷയത്തെകുറിച്ച് കൊച്ചിന്‍ ഇംപാക്ട് ഡയറക്ടര്‍ ഡോ.ജോസ് പാലക്കീല്‍ നയിക്കും. അഡ്വ.ചാര്‍ളി പോള്‍ ഭാഷയുടെയും ആശയവിനിമയത്തിന്റെ ഉപയോഗം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. 10.30-ന് ബൈബിളിന്റെ വായന സഭയുടെ ജീവിക്കുന്ന പാരമ്പര്യത്തിന്‍ എന്ന വിഷയയത്തെകുറിച്ച് ആര്‍ച്ചബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രസംഗിക്കും. 11-ന് ആരംഭിക്കുന്ന സമാപനസമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. സംഗമത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിമാരായ ഡോ.സെബാസ്റ്റ്യന്‍ വടക്കുംപാടം, ഡോ.അബ്രഹാം പേഴുംകാട്ടിന്‍, ഡോ.മാത്യു വാര്യമറ്റം സിഎസ്ടി, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍ ഒ.സി.ഡി, ഡോ.ഫ്രഡി ഇലവുത്തിങ്കല്‍, ഡോ.ഫിലിപ്പ് തയ്യില്‍ എന്നിവരെ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പൊന്നാട അണിയിച്ച് ആദരിക്കും. കെസിബിസി ബൈബിള്‍ കമ്മീഷന്‍ തയാറാക്കുന്ന ബൈബിള്‍ കര്‍മപദ്ധതികളെ കുറിച്ചുള്ള മാര്‍ഗരേഖ പ്രകാശനം ചെയ്യുമെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ.സൈറസ് വേലംപറമ്പില്‍ അറിയിച്ചു.