കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ 51 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപവാസ സമരം ഇന്ന് തുടങ്ങും. 19-ന് സമരം ആയിരം ദിവസം തികയും. കെസിവൈഎം സംസ്ഥാന പ്രസിഡ ന്റ് ജോസഫ് തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സമിതിയുടെ 51 പ്രതിനിധികള്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ് 21-ന് ആരംഭിച്ച ഉപവാസ സമരത്തിന്റെ സമാപന ദിവസമായ 19-ന്റെ മു ന്നോടിയായാണ് ഭാരവാഹികള്‍ 51 മണിക്കൂര്‍ ഉപവസിക്കുന്നത്. രാവിലെ പത്തിന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. നാളെ സമരപ്പന്തലിനു മുന്നില്‍ 1000 മെഴുകുതിരികള്‍ കത്തിച്ച് സമരപ്രതിജ്ഞയെടുക്കും. 19-ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് 1000 കത്തുകള്‍ അയയ്ക്കും. ഉച്ചയ്ക്ക് 12-ന് 51 മണിക്കൂര്‍ നിരാഹാരം കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. വിന്‍സണ്‍ സാമുവേല്‍ ഭാരവാഹികള്‍ക്ക് നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനവും ബിഷപ് ഉദ്ഘാടനംചെയ്യും.കാഞ്ഞിരപ്പള്ളി ബിഷ്പ മാര്‍ മാത്യു അറയ്ക്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ. സ്റ്റീഫന്‍ ആലത്തറ, ഐക്യജാഗ്രതാ കമ്മിറ്റി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കെസിവൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. ജയ്സണ്‍ കൊളനൂര്‍, എംപിമാരായ പി.ടി തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, എന്‍. പീതാംബരക്കുറുപ്പ് എന്നിവരും പങ്കെടുക്കും.