Wednesday, September 30, 2009

സഭാപാരമ്പര്യം മറന്ന്‌ ബൈബിള്‍ വ്യാഖ്യാനിക്കരുത്‌: ഡോ. അച്ചാരുപറമ്പില്‍

തിരുസഭയുടെ പഠനങ്ങളും പാരമ്പര്യവും അവഗണിച്ച്‌ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കരുതെന്നു കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഉദ്ബോധിപ്പിച്ചു. ജനസമ്മിതി ആര്‍ജിക്കാനുമായി ചിലര്‍ ബൈബിള്‍ വചനങ്ങള്‍ തെറ്റായി പ്രഘോഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പി.ഒ.സിയില്‍ ആരംഭിച്ച ബൈബിള്‍ അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍മാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ വക്താവായി തിരുവചനം ജനങ്ങള്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്തം വൈദികര്‍ക്കാണ്‌. വചനപ്രഘോഷകരും വ്യാഖ്യാതാക്കളും ക്രിസ്തുവിനോടും സഭയോടും വിശ്വസ്തത പുലര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. മാതൃകാജീവിതമാണ്‌ വചനപ്ര ഘോഷണത്തിന്റെ ഏറ്റവും നല്ല വേദിയെന്ന്‌ അദ്ദേഹം പറഞ്ഞു. റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ. ഡോ.സൈറസ്‌ വേലംപറമ്പില്‍, രവ.ഡോ.ജോയി പുത്തന്‍വീട്ടില്‍, സാബു ജോസ്‌, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, സിസ്റ്റര്‍ ടീനസി.ടി.സി എന്നിവര്‍ പ്രസംഗിച്ചു. സഭാജീവിതത്തില്‍ ദൈവവചനത്തിന്റെ വ്യാഖ്യാനവും പ്രഘോഷണവും- മാര്‍ ജോസഫ്‌ പുന്നക്കോട്ടിലും സഭയില്‍ സന്നിഹിതമായ ദൈവവചനത്തിന്റെ പ്രസംഗങ്ങളിലൂടെയുള്ള പ്രഘോഷണം- റവ.ഡോ.ജോഷി മയ്യാറ്റില്‍, ദൈവവചന വ്യാഖ്യാന രീതികളുടെ മൂന്ന്‌ മാനങ്ങള്‍- റവ.ഡോ. ജേക്കബ്‌ മുള്ളൂര്‍, വിശുദ്ധ ഗ്രന്ഥത്തിന്റെ ഐക്യം- റവ.ഡോ.ആന്റണി തറേക്കടവില്‍, ദൈവവചനത്തിന്റെ വ്യാഖ്യാനത്തിലും പ്രഘോഷണത്തിലും സഭയിലെ അംഗങ്ങളുടെ പങ്ക്‌- റവ.ഡോ.ജോസ്‌ വടക്കേട്‌, ദിവ്യവായന- റവ. ഡോ.സൈറസ്‌ വേലം പറമ്പില്‍, തീവ്രവാദം ഒരു വികലമായ സമീപനം- റവ.ഡോ.ഫിലിപ്പ്‌ ചെമ്പകശേരി എന്നിവര്‍ വിഷയാവതരണം നടത്തി.