Saturday, September 19, 2009

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കേന്ദ്രസഹായം

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതി പ്രകാരമുള്ള ധനസഹായത്തിന്‌ 30നു മുമ്പ്‌ അപേക്ഷ നല്‍കണമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.സംസ്ഥാനത്ത്‌ 20 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷ ജനസംഖ്യയുള്ള ജില്ല, ബ്ലോക്ക്‌, പട്ടണം എന്നിവിടങ്ങളിലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കാണ്‌ ധനസഹായത്തിനായി അപേക്ഷ നല്‍കാവുന്നത്‌. സ്ഥാപനങ്ങള്‍ക്ക്‌ ആവശ്യമുള്ളതിന്റെ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന പദ്ധതിയാണിത്‌. ഇങ്ങനെ 50 ലക്ഷം രൂപവരെ ധനസഹായമായി ലഭിക്കാവുന്നതാണ്‌.എയ്ഡഡ്‌, അണ്‍എയ്ഡഡ്‌, പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക്‌ അപേക്ഷിക്കാം.ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന സന്നദ്ധ സംഘടനകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവ നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്കൂളുകള്‍ക്ക്‌ ഗ്രാന്റിന്‌ അപേക്ഷിക്കാം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളില്‍നിന്നും അപേക്ഷാഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ലഭ്യമാകും.സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍
(www.itschool.govin) വിശദാംശങ്ങള്‍ ലഭ്യമാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതു ലഭ്യമാക്കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല എന്നത്‌ ഖേദകരമാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ വക്താവ്‌ റവ.ഡോ.ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ പറഞ്ഞു.