ന്യൂനപക്ഷാവകാശം അടിയറ വയ്ക്കാന്‍ കൂട്ടാക്കാതിരുന്നതിന്റെ പേരില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നഴ്സിംഗ് കോളജുകള്‍ക്ക് എം.എസ്സി കോഴ്സ് നിഷേധിച്ചു. ഒമ്പതു പുതിയ കോളജുകളില്‍ നഴ്സിംഗിന് എം.എസ്സി കോഴ്സ് അനുവദിച്ചപ്പോഴാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള ഒറ്റ കോളജിനും എം.എസ്സി അനുവദിക്കാതിരുന്നത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള 21 നഴ്സിംഗ് കോളജുകളില്‍ മിക്കതും എം.എസ്സി കോഴ്സിന് അപേക്ഷിച്ചിരുന്നു. അവയോടെല്ലാം കോഴ്സ് അനുവദിക്കുന്നതിന് ഉപാധിയായി ആവശ്യപ്പെട്ടത് ന്യൂനപക്ഷവാകാശം ഫലത്തില്‍ ഉപേക്ഷിക്കണമെന്നായിരുന്നു. പകുതി സീറ്റ് സര്‍ക്കാരിനു നല്‍കിയാല്‍ മാത്രമേ എം.എസ്സി കോഴ്സ് അനുവദിക്കു എന്നായിരുന്നു അത്. എം.എസ്സിക്കു മാത്രമല്ല ഈ പഴുതിലൂടെ ഈ കോളജുകളിലുള്ള ബി.എസ്സി കോഴ്സുകളിലും 50 ശതമാനം സീറ്റ് സ്വന്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നേരത്തെ ഉണ്ടാക്കിയ അത്തരത്തിലുള്ള കരാര്‍ പോലും ന്യുനപക്ഷാവകാശ ലംഘനമെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയെങ്കിലും അതില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കടുത്ത ന്യൂനപക്ഷാവകാശ ലംഘനം നടത്തിയിരിക്കുകയാണ്. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിന് ഭരണഘടന നല്‍കിയ അവകാശം കേരള സര്‍ക്കാര്‍ ഒരിക്കല്‍ കൂടി നിഷേധിച്ചിരിക്കുന്നു.