Saturday, October 3, 2009

റാഗിംഗ്‌ വിരുദ്ധ നിയമം പാലിക്കപ്പെടുന്നില്ല; യുജിസിക്ക്‌ അതൃപ്തി: സീമ മോഹന്‍ലാല്‍

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ റാഗിംഗ്‌ വിരുദ്ധ നിയമങ്ങള്‍ പാലിക്കപ്പെടാത്തതില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‌(യുജിസി) അതൃപ്തി. എംജി സര്‍വകലാശാലയ്ക്ക്‌ കീഴിലുള്ള കോളജുകളെക്കുറിച്ചാണ്‌ യുജിസിക്ക്‌ കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്‌. സംസ്ഥാനത്തെ കോളേജുകളില്‍ വീണ്ടും റാഗിംഗ്‌ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതോടെ റാഗിംഗ്‌ വിരുദ്ധ നിയമങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നു കോളജുകള്‍ക്ക്‌ യുജിസി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, പല കോളജുകളും റാഗിംഗ്‌ തടയാനുള്ള നടപടികള്‍ പാലിച്ചിട്ടില്ല. ചില കോളജുകളില്‍ റാഗിംഗ്‌ വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.കാംപസുകളില്‍നിന്ന്‌ റാഗിംഗ്‌ തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥി പ്രതിനിധികള്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ്‌, നിയമ വിദഗ്ധര്‍, മറ്റ്‌ വകുപ്പ്‌ മേധാവികള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ ഉടന്‍ യോഗം ചേരാന്‍ യുജിസി കോളേജ്‌ മേധാവികള്‍ക്ക്‌ നിര്‍ദേശം നല്‍കി. റാഗിംഗ്‌ തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം കോളേജ്‌ മേധാവിക്കാണ്‌. നവാഗതരായ വിദ്യാര്‍ഥികള്‍ റാഗിംഗിന്‌ ഇരയായാലും ദൃക്‌സാക്ഷിയായാലും അത്‌ കോളജ്‌ അധികൃതരെ അറിയിക്കണം. റാഗിംഗ്‌ വിരുദ്ധ സ്ക്വാഡുകള്‍ കോളജ്‌ ഹോസ്റ്റലുകളിലും മറ്റും പരിശോധന നടത്തണമെന്നും യു.ജി.സി മുന്നറിയിപ്പില്‍ പറയുന്നു. കോളജ്‌ കാംപസിനുള്ളില്‍ റാഗിംഗ്‌ വിരുദ്ധ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. റാഗിംഗിനെക്കുറിച്ചു പരാതി നല്‍കാന്‍ ചുമതലപ്പെട്ട അധികാരിയുടെ പേരും ഫോണ്‍ നമ്പറും ബോര്‍ഡില്‍ ഉണ്ടായിരിക്കണം.എന്നാല്‍, പല കാംപസുകളിലും ബോര്‍ഡുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ റാഗിംഗ്‌ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ യുജിസി ആവശ്യപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കോളജില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ള റാഗിംഗ്‌ കേസുകളെക്കുറിച്ച്‌ വാര്‍ഷിക രേഖയില്‍ സൂചിപ്പിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അതും ഒറ്റപ്പെട്ട കാംപസുകളിലല്ലാതെ നടപ്പായിട്ടില്ല.