പുരോഹിതന്റെ വ്യക്തിത്വവും അസ്തിത്വവും ക്രിസ്തു കേന്ദ്രീകൃതമായിരിക്കണമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു. പുരോഹിതന്‍ സമൂഹത്തില്‍ ക്രിസ്തുവിന്റെ ആവിഷ്കാരമായിരിക്കണം. ക്രിസ്തുവിനോടുള്ള വിധേയത്വമാണ് പുരോഹിതരും സമര്‍പ്പിതരും അധികാരികളിലുള്ള അനുസരണത്തിലൂടെ പ്രകടമാക്കേണ്ടത്. ഇതുതന്നെയാണ് സഹവൈദികരോടും ദൈവജനത്തോടും പ്രകടിപ്പിക്കേണ്ടത്. ഈ കൂട്ടായ്മയിലൂടെയാണ് സുവിശേഷത്തിന്റെ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുന്നത്. ക്രിസ്തീയ പൗരോഹിത്യദൈവശാസ്ത്രത്തെക്കുറിച്ച് സീറോമലബാര്‍ സഭയുടെ ഗവേഷണപഠന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയുടെ ഗവേഷണപഠനവിഭാഗമായ റിസര്‍ച്ച് സെന്ററും വൈദിക സന്യസ്തകമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സെമിനാറില്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. വൈദിക സന്യസ്ത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. പോളി കണ്ണൂക്കാടന്‍, റവ. ഡോ. ജോസ് പാലക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ മാര്‍തോമ്മാനസ്രാണികളുടെ പൗരോഹിത്യ രൂപീകരണം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ചെറിയാന്‍ വാരികാട്ട് പ്രബന്ധം അവതരിപ്പിച്ചു. സീറോമലബാര്‍ സഭയുടെ പൗരോഹിത്യ ദൈവശാസ്ത്രം, കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വളര്‍ച്ചയില്‍ പുരോഹിതരുടെ പങ്ക് എന്നീ വിഷയങ്ങളെ ആസ്പദമാക്കി, ഡോ. പോളി മണിയാട്ട്, ഡോ. ജോസ് കുറിയേടത്ത് എന്നിവര്‍ ഇന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ആന്റണി കരിയില്‍ സിഎംഐ, ബ്രദര്‍ ജോയി കാക്കാട്ടില്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ തെക്ല എസ്‌എബിഎസ്, പ്രഫ. പി.സി തോമസ് പ്രെഫ. ലീന ജോസ് എന്നിവര്‍ പങ്കെടുക്കും.വ്യാഴാഴ്ച നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിക്കും. സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും ദൈവശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുള്ളവരുമായ തിരഞ്ഞെടുക്കപ്പെട്ട 120 പേര്‍ സെമിനാറില്‍ പങ്കെടുക്കും.