Saturday, November 21, 2009

മോണ്‍. മാത്യു വെള്ളാനിക്കലിന്റേത്‌ സമാനതകളില്ലാത്ത മഹനീയ സേവനം: മാര്‍ പവ്വത്തില്‍

സഭാ ശുശ്രൂഷാരംഗത്ത്‌ സമാനതകളില്ലാത്ത മഹനീയ സേവനമാണ്‌ മോണ്‍. മാത്യു വെള്ളാനിക്കല്‍ നിര്‍വഹിക്കുന്നതെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. വികാരി ജനറാള്‍ മോണ്‍. മാത്യു വെള്ളാനിക്കലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷവും സിമ്പോസിയവും സന്ദേശനിലയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പവ്വത്തില്‍. സഭയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. സഭകളുടെ കൂട്ടായ്മയാണ്‌ കത്തോലിക്കാ സഭയെന്ന ബോധ്യം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം നിര്‍ണായകമായ സേവനമനുഷ്ഠിക്കുന്നു. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വ രൂപീകരണത്തിലും മികച്ച സംഭാവനകളാണ്‌ വെള്ളാനിക്കലച്ചന്‍ ചെയ്യുന്നതെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ബൈബിള്‍, സഭാ വിജ്ഞാനീയം, സഭൈക്യം എന്നീ രംഗങ്ങളില്‍ മോണ്‍. മാത്യു വെള്ളാനിക്കലച്ചന്റെ ശുശ്രൂഷ അഭിമാനം പകരുന്നതാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. വിജ്ഞാനവും വിശുദ്ധിയും വിനയവും തികഞ്ഞ വ്യക്തിത്വവുമാണ്‌ അച്ചന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോണ്‍. മാത്യു വെള്ളാനിക്കല്‍ രചിച്ച കമ്യൂണിയന്‍ ഓഫ്‌ ചര്‍ച്ചസ്‌ എന്ന ഇംഗ്ലീഷ്‌ ഗ്രന്ഥം മാര്‍ ജോസഫ്‌ പവ്വത്തില്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടിലിന്‌ കോപ്പി നല്‍കി പ്രകാശനം ചെയ്തു. പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വിഷയാവതരണ പ്രഭാഷണം നടത്തി. സഭയുടെ വ്യക്തിത്വവും അഭിമാനവും ഉയര്‍ത്തിയ വൈദിക ശ്രേഷ്ഠനാണ്‌ മോണ്‍. മാത്യു വെള്ളാനിക്കലെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൂട്ടിച്ചേര്‍ത്തു. മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ അനറ്റ്‌ ചാലങ്ങാടി, പ്രഫ. കെ.ടി സെബാസ്റ്റ്യന്‍, ഫാ. എബി പുതുക്കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ സ്വാഗതവും മോണ്‍. ജോസഫ്‌ നടുവിലേഴം നന്ദിയും പറഞ്ഞു.