Monday, November 23, 2009

സ്വാശ്രയ കരാര്‍ വഴി എന്തു നേടിയെന്ന്‌ മന്ത്രി വ്യക്തമാക്കണം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

കേരളത്തില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ ഗുണപരവും ധാര്‍മികവുമായ തകര്‍ച്ചയ്ക്കു നേരെ പിന്തിരിഞ്ഞു നില്‍ക്കുകയും കരാറുകള്‍ വഴി നേട്ടങ്ങളുണ്ടായെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്‌ വിചിത്രമാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ വക്താവ്‌ പ്രസ്താവിച്ചു. സ്വാശ്രയ കോളജുകളുമായുണ്ടാക്കിയ കരാറുകള്‍ വഴി വിദ്യാഭ്യാസരംഗം മെച്ചപ്പെട്ടിട്ടുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍. മന്ത്രി തന്നെ നേതൃത്വം നല്‍കിയിട്ടുള്ള വിപ്ലവ വിദ്യാര്‍ഥി സംഘടനയെപ്പോലും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയാതെ വരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്‌.കുറെയേറെ കോളജുകളുമായി ഉണ്ടാക്കിയ കരാറുകള്‍ വഴി എന്തുനേടിയെന്ന്‌ അദ്ദേഹം വ്യക്തമാക്കണം. കരാറു വഴി ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്കുപോലും സൗജന്യവിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നല്ല പങ്ക്‌ സീറ്റിലും മെരിറ്റ്‌ ഒരു മാനദണ്ഡം പോലുമല്ല. മെരിറ്റിലും സാമൂഹ്യനീതിയും ഉറപ്പു വരുത്താന്‍ സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നെന്ന്‌ നിരന്തരം വിശദീകരിക്കുന്ന മന്ത്രി തന്നെ കരാറിലൂടെ മെരിറ്റും സാമൂഹ്യനീതിയും അട്ടിമറിച്ചു.കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നാലു സ്വാശ്രയ കോളജുകളുടെ അഫിലിയേഷന്‍ നിയമവിരുദ്ധമായി റദ്ദു ചെയ്തതും സമയത്തു പ്രവേശനം നടത്താത്തതുകൊണ്ടും കോളജുകള്‍ അനുവദിക്കാത്തതുകൊണ്ടും ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ കേരളത്തിനു പുറത്തു അഡ്മിഷന്‍ തേടിയതുമൊക്കെയാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍. വിദ്യാര്‍ഥികളെ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പറഞ്ഞുവിടാന്‍ കരാറെടുത്തതുപോലെയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ പ്രവര്‍ത്തിക്കുന്നത്‌.കോളജുകളിലെ അധ്യാപകതസ്തികകള്‍ നികത്താതെ നടത്തുന്ന പരിഷ്കാരങ്ങള്‍ വിപരീതഫലങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാതെ കോളജുകളുടെ ക്ലസ്റ്ററുകള്‍ സ്ഥാപിച്ചും മറ്റും നടത്തുന്ന വിദ്യങ്ങള്‍ ഒന്നും തന്നെ ഫലവത്താകില്ല എന്നു തിരിച്ചറിയാന്‍ വിദ്യാദ്യാഭ്യസ വകുപ്പിനു കഴിയുന്നില്ലെന്നും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വക്താവ്‌ റവ.ഡോ.ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.