Wednesday, November 18, 2009

എയ്ഡഡ്‌ വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ശ്രമം: മാര്‍ പവ്വത്തില്‍

ഗവണ്‍മെന്റ്‌ സ്കൂളിലെ അധ്യാപക തസ്തികകള്‍ക്കു മാത്രം അനുമതി നല്‍കുകയും അതേസമയം അതിലുംകൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എയ്ഡഡ്‌ സ്കൂളുകളിലെ അധ്യാപക തസ്തികകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍.എയ്ഡഡ്‌ മേഖലയോടുള്ള സര്‍ക്കാരിന്റെ വിവേചനമാണ്‌ യഥാര്‍ഥത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ ഓരോവര്‍ഷവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പണം മുടക്കി അണ്‍എയ്ഡഡ്‌ സ്കൂളുകളിലേക്ക്‌ പോകാനിടയാകുന്നതും.തസ്തികകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ്‌ സ്കൂളുകളിലും ഒന്നാണ്‌. അതില്‍ വിവേചനം കാട്ടുന്നത്‌ രാഷ്ട്രീയലക്ഷ്യത്തോടെയാണ്‌. പൊതുവിദ്യാഭ്യാസം തകര്‍ക്കാന്‍ കരാറെടുത്തതുപോലുള്ള നിലപാടുകളാണ്‌ സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. അതു നിര്‍ഭാഗ്യകരമാണ്‌. അധ്യാപകരെ അധ്യയനദിവസങ്ങളില്‍ പരിശീലനപരിപാടികള്‍ക്കയച്ചും സര്‍ക്കാരിന്റെ മറ്റു പഠനപരിപാടികള്‍ക്കു നിയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക്‌ പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്‌. ഈവര്‍ഷം അനേകം അധ്യയനദിവസങ്ങള്‍ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസ മേഖലയെ തളര്‍ത്തുന്ന പരിപാടികളില്‍നിന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ പിന്തിരിയണമെന്ന്‌ മാര്‍ പവ്വത്തില്‍ അഭ്യര്‍ഥിച്ചു.